പാമ്പ് കടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവാവിനോട് ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചപ്പോൾ ബാഗ് തുറന്ന് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

ലോകത്തില്‍ പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ സംഖ്യകളില്‍ ഇന്ത്യ മുന്നില്‍ തന്നെയുണ്ട്. കേരളത്തിലെ 'സര്‍പ്പ' പോലുള്ള ആപ്പുകൾ ഒരു പരിധിവരെ ഇത്തരം അപകടങ്ങൾ തടയുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരും അമ്പരന്ന് പോയ ഒരു സംഭവമുണ്ടായി.

തന്നെ പാമ്പ് കടിച്ചെന്നും പറഞ്ഞ് ഒരു കറുത്ത ബാഗുമായി ആശുപത്രിയിലേക്ക് എത്തിയതായിരുന്നു യുവാവ്. ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചതിന് പിന്നാലെ കൈയിലിരുന്ന ബാഗില്‍ നിന്നും അയാൾ ഒരു പാമ്പിനെ പുറത്തെടുത്തു. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട ഡോക്ടർമാരും നേഴ്സുമാരും വട്ടം കൂടി പിന്നാലെ യുവാവിന് ചുറ്റം ഒരു ചെറിയ ആൾക്കുട്ടമായി. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലുമായി. വീട്ടിൽ വച്ചാണ് ഇയാളെ പാമ്പ് കടിക്കുന്നത്. എന്നാല്‍ അത് ഏതിനാമാണെന്ന് മനസിലായില്ല. ഉടനെ തന്നെ കടിച്ച പാമ്പിനെ ബാഗിലാക്കി ആശുപത്രിയിലേക്ക് എത്തുകയായിരുന്നെന്ന് യുവാവ് വ്യക്തമാക്കി.

Scroll to load tweet…

ആശുപത്രിക്ക് അകത്ത് ഒരാൾ പാമ്പുമായി നില്‍ക്കുന്നത് കണ്ട് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. എന്നാല്‍, ഉടന്‍ തന്നെ പാമ്പിനെ സുരക്ഷികമായി മാറ്റിയ ശേഷം യുവാവിന് വിദഗ്ധ ചികിത്സ നല്‍കി. ഇയാൾ അപകട നില തരണം ചെയ്തെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെ യുവാവിന്‍റെ മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ കുറിപ്പെഴുതി. കടിച്ച പാമ്പിനെ തിരിച്ചറിയുന്നത് ചികിത്സയ്ക്ക് ഏറെ സഹായകമാണ്. വൈവിധ്യമുള്ള പാമ്പുകൾ ഇന്ത്യയിലുണ്ടെങ്കിലും മിക്ക പാമ്പുകൾക്കും വിഷമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ലോകത്തിലെ ഏറ്റവും വിഷം കൂടിയ ഇനങ്ങളിലൊന്നായ രാജവെമ്പാലയ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്.