ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വഴിയാത്രക്കാരന്റെ ബാഗ് തട്ടിയെടുത്ത ഒരു കുരങ്ങൻ, അതിലുണ്ടായിരുന്ന 500 രൂപയുടെ നോട്ടുകെട്ട് മരത്തിന് മുകളിൽ കയറി താഴേക്ക് വിതറി. ആളുകൾ ബഹളം വെച്ചതോടെയാണ് കുരങ്ങൻ നോട്ടുകൾ താഴേക്കിട്ടത്.
ഉത്തര്‍പ്രദേശിലെ പല സ്ഥലങ്ങളിലും കുരങ്ങന്മാരുടെ ശല്യം കൂടുതലാണ്. കുരങ്ങന്മാരുടെ ശല്യം കാരണം നാട്ടുകാര്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്. പ്രത്യേകിച്ചും ആരാധനാലയങ്ങളിൽ. കഴിഞ്ഞ ദിവസം എബിപി ന്യൂസ് പ്രയാഗ്‌രാജിലെ സോറോണിൽ വഴിയാത്രക്കാരന്‍റെ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറിയ ഒരു കുരങ്ങന്‍റെ വീഡിയോ പങ്കുവച്ചു. വീഡിയോ വളരെ വേഗം തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചു.
വീഡിയോ
ഒരു മരത്തില്‍ കടിച്ച് പിടിച്ച ബാഗുമായിരിക്കുന്ന കുരങ്ങനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുരങ്ങന്‍ ബാഗ് തുറക്കാനായി കടിച്ച് പറിക്കുന്നത് വീഡിയോയില്‍ കാണാം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കുരങ്ങന് ബാഗ് തുറക്കാന്‍ കഴിഞ്ഞു. പിന്നാലെ ബാഗില്‍ നിന്നും ഒരു കെട്ട് 500 രൂപയുടെ നോട്ടുകൾ പുറത്തെടുത്ത കുരങ്ങന്‍ ബാഗ് താഴേക്കിടുകയും നോട്ട് കെട്ട് കഴിക്കാനുള്ള വസ്തുവാണെന്ന് കരുതി കടിക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനിടെ താഴെ നിന്നും ആളുകൾ ബഹളം വച്ചതോടെ കടിച്ച് പിടിച്ച നോട്ടുകെട്ടുമായി കുരങ്ങന്‍ മരത്തിന് മുകളിലേക്ക് കയറുകയും പിന്നാലെ ഇലകൾക്കിടയില്‍ മറയുന്നു. പിന്നാലെ ആകാശത്ത് നിന്നും കുരങ്ങന്‍ 500 രൂപയുടെ മഴ പെയ്യിച്ചെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് എബിപി ന്യൂസ് കുറിച്ചു.
പ്രതികരണം
വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളാണ് കാഴ്ചക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ചിലര്‍ കുരങ്ങനുമായി ബന്ധപ്പെട്ടെ പഴഞ്ചൊല്ലുകളെ കുറിച്ച് എഴുതി. മറ്റ് ചിലര്‍ പണത്തിന്‍റെ നിസാരതയെ കുറിച്ച് പഠിപ്പിക്കുകയാണ് കുരങ്ങനെന്നായിരുന്നു കുറിച്ചത്. ചിലര്‍ അവന് 500 രൂപയുടെ രുചി ഇഷ്ടമായെന്ന് തോന്നുവെന്ന് കുറിച്ചു. അതേസമയം ചിലര്‍ കുരങ്ങനെ മോഷ്ടിക്കാന്‍ പരിശീലിപ്പിച്ച് വിട്ടതാണോയെന്ന സംശയം ഉയര്‍ത്തി.


