അതിദുർഘടമായ വഴികളിലൂടെ നടന്ന് കുത്തിയൊഴുകുന്ന അരുവികൾ ചാടിക്കടന്നുള്ള നേഴ്സിന്‍റെ സാഹസിക യാത്രയെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു.
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലേക്ക് ഇന്നും കാര്യമായ ഗതാഗത സൗകര്യങ്ങളില്ല. ചെങ്കുത്തായ മലകളും ശക്തമായി കുത്തിയൊഴുകുന്ന കാട്ടരുവികളുമുള്ള ഹിമാചല്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും. അത്തരമൊരു ദുർഘട സ്ഥലത്തേക്ക് തന്‍റെ ജീവന്‍ പോലും പണയപ്പെടുത്തി കുത്തിവയ്പ്പെടുക്കാന്‍ പോകുന്ന ഒരു നേഴ്സിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ, രോഗിയായ ഒരു കുഞ്ഞിനെ സഹായിക്കാനായി കുത്തിയൊഴുകുന്ന അരുവി ചാടിക്കടക്കുന്ന ഒരു നേഴ്സിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീനോദ് കാട്വാല എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ സ്റ്റാഫ് നേഴ്സ് അതിദൂർഘടമായ അരുവി മുറിച്ച് കടക്കുന്നത് ചങ്കിടിപ്പോടെ മാത്രമേ കണ്ട് നില്‍ക്കാന്‍ കഴിയൂ. സ്വന്തം ജീവന്‍ പണയം വച്ച് രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് അടിയന്തര ഇഞ്ചെക്ഷന്‍ എടുക്കാനായി പോകുന്ന സ്റ്റാഫ് നേഴ്സ് കമലയെ കാണൂവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
അപകടകരമായ അരുവിക്ക് കുറുകെയുണ്ടായിരുന്ന പാലം തകര്‍ന്ന് പോയിയെങ്കിലും കമല അരുവി മുറിച്ച് കടക്കുകയും കുട്ടിക്ക് ജീവന്‍ രക്ഷാ മരുന്ന് നല്‍കുകയും ചെയ്തെന്നും കുറിപ്പില്‍ പറയുന്നു. മാണ്ഡിയിലെ പദ്ദറിലെ ചൗഹർഘട്ടി സ്വദേശിനിയാണ് കമല. സുധാർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് പോകുമ്പോഴാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ രക്ഷിക്കാനുള്ള കുത്തിവയ്പ്പ് നൽകണമെന്ന അടിയന്തര ഫോൺ സന്ദേശം ലഭിച്ചതെന്ന് കമല പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് പ്രദേശത്തെ നടപ്പാലങ്ങൾ ഒലിച്ചുപോയിരുന്നു. പലപ്പോഴും കിലോമീറ്ററുകൾ നടന്നാണ് ജോലി ചെയ്യുന്നതെന്നും കമല കൂട്ടിച്ചേര്‍ത്തു. മകലയുടെ ധൈര്യം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രശംസ നേടിയെങ്കിലും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ഇപ്പോഴും പഴയ പടിതന്നെയാണെന്ന് നിരവധി പേരാണ് എഴുതിയത്.


