നീണ്ട ദണ്ഡുകളുമായി വഴിയില്‍ നില്‍ക്കുന്നവരെ അടക്കം അടിച്ച് ഓടിക്കുന്ന തീര്‍ത്ഥാടക സംഘത്തിന്‍റെ വീഡിയോ വൈറല്‍
ഏറെ സമാധാനപൂർണമായ യാത്രകളാണ് സാധാരണഗതിയിൽ തീർത്ഥാടക സംഘങ്ങൾ നടത്താറുള്ളത്. പ്രാർത്ഥനാ മുഖരിതമായ ഇത്തരം യാത്രകളിൽ അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത് അത്യപൂർവ്വമാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നും പുറത്ത് വന്ന ഒരു വീഡിയോയിൽ കേദാർനാഥ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്ന ഒരു കൂട്ടം തീർത്ഥാടകർ അക്രമകാരികളെ പോലെ പെരുമാറുന്ന രംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കയ്യിൽ വലിയ വടിയുമായി എത്തിയ ഇവർ ഒരു ബസ് സ്റ്റാൻഡിനുള്ളിൽ വണ്ടി നിർത്തിയതിന് ശേഷം വലിയ വടികളും മറ്റും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
'മുമ്പ്, ഇന്ത്യൻ തീർത്ഥാടകർ സമാധാനപൂർണമായ ദർശനങ്ങൾക്ക് വേണ്ടിയായിരുന്നു പുണ്യസ്ഥലങ്ങളിലേക്ക് പോയിരുന്നത്, എന്നാൽ, ഇപ്പോൾ കേദാർനാഥിലേക്കും ബദരീനാഥിലേക്കും വടികളുമായി അക്രമത്തിന് തയ്യാറായി പോകുന്ന ഗുണ്ടകളുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് @UttarakhandGo എന്ന എക്സ് ഉപയോക്താവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയിൽ വലിയ വടികളുമായി പൊതുനിരത്തിലേക്കിറങ്ങുന്ന ഒരു കൂട്ടം ആളുകൾ നിരായുധരായി അവിടെ നിൽക്കുന്നവരെ ഉൾപ്പെടെ ആക്രമിക്കുന്ന രംഗങ്ങളാണ് ഉള്ളത്. ആളുകൾ ഭയന്ന് ഓടി മാറുന്നതും വീഡിയോയിൽ കാണാം.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഈ വർഷത്തെ കേദാർനാഥ് യാത്രാ സീസണിന്‍റെ തുടക്കം മുതൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ടില്‍ പറയുന്നു. സംഘർഷത്തിൽ ഉൾപ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് തീർത്ഥാടന പാതയിലെ പ്രധാന കേന്ദ്രമായ സോൻപ്രയാഗിലാണ്. അക്രമ സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തീർത്ഥാടന പാതയിലെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ വർഷം കേദാർനാഥ് തീർഥാടന യാത്രയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മെയ് 2 ന് ക്ഷേത്രം തുറന്നതിന് ശേഷം 1.14 ദശലക്ഷത്തിലധികം ഭക്തർ ക്ഷേത്രം സന്ദർശിച്ചതായി കണക്കുകൾ പറയുന്നു.


