പൂനെ വിമാനത്താവളത്തില്‍ വച്ച് കൂട്ടം കൂടിയ യാത്രക്കാർ ഗ്രൗണ്ട് സ്റ്റാഫിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ വൈറല്‍.
പൂനെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ അസാധാരണ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് തിരികൊളുത്തി. വിമാനം വൈകിയതിന് തുടര്‍ന്ന് യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തിന്‍റ ഗുണനിലവാരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വിഷയം. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട സ്‌പൈസ് ജെറ്റ് യാത്രക്കാർ, ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് പരാതി ഉയര്‍ന്നു. യാത്രക്കാര്‍ തങ്ങൾക്ക് ലഭിച്ച ഭക്ഷണം സ്പൈസ് ജെറ്റ് ഗ്രൗണ്ട് സ്റ്റാഫിനോട് കഴിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
യാത്രക്കാര്‍ ജീവനക്കാരന് ചൂറ്റും കൂടി നിന്ന് തങ്ങൾക്ക് ലഭിച്ച ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് വീഡിയോ എടുക്കുന്നില്ലേയെന്ന് യാത്രക്കാര്‍ ചോദിക്കുന്നതും കേൾക്കാം. യാത്രക്കാര്‍ ആക്രോശിക്കുന്നതിനിടെ തന്‍റെ കൈയിലുള്ള ഭക്ഷണം ഗ്രൗണ്ട് സ്റ്റാഫ് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ യാത്രക്കാരുടെ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് സ്പൈസ് ജെറ്റ് പ്രസ്തവാന ഇറക്കി. 'സ്‌പൈസ് ജെറ്റിന് മാത്രമല്ല, മറ്റ് നിരവധി എയർലൈനുകൾക്കും ടെർമിനലിനുള്ളിലെ ഉപഭോക്താക്കൾക്കും പാക്കേജ് ചെയ്‌ത ഭക്ഷണം വിതരണം ചെയ്യുന്ന അംഗീകൃത വിൽപ്പനക്കാരനിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നത്,' എന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ ഗ്രൗണ്ട് സ്റ്റോഫ് അവരുടെ ജോലി കൃത്യമായും ഉത്സാഹത്തോടെയും കഴിവിന്‍റെ പരമാവധി ഉപയോഗപ്പെടുത്തിയും ചെയ്യുന്നു. വീഡിയോയില്‍ പകര്‍ത്തിയ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ജീവനക്കാരനോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും അപലപനീയമാണെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളും യാത്രക്കാര്‍ക്കെതിരെ രംഗത്തെത്തി. അങ്ങേയറ്റം അപമാനിതനായിട്ടും ജീവനക്കാരന്‍ മാന്യമായും ബഹുമാനത്തോടെയും പ്രൊഫഷണലായുമാണ് പെരുമാറുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. പക്ഷേ, യാത്രക്കാര്‍ ഭക്ഷണം മോശമായതിന് ഗ്രൗണ്ട് സ്റ്റാഫാണ് കുറ്റക്കാരനെന്ന നിലയിലാണ് പെരുമാറിയതെന്നും നെറ്റസണ്‍സ് ചൂണ്ടിക്കാട്ടി. 'മര്യാദയില്ലാത്ത ആളുകൾ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ജീവനക്കാരോട് എന്തൊരു വൃത്തികെട്ട പെരുമാറ്റം! ഇപ്പോഴത്തെ യാത്രക്കാർക്ക് ഭ്രാന്താണ്' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.


