അശ്രദ്ധമായി വാഹനം ഓടിച്ച ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തെങ്കിലും അയാൾ ഏറ്റെടുത്ത ഓർഡർ ഡെലിവര്‍ ചെയ്യുന്ന പോലീസിന്‍റെ വീഡിയോ വൈറൽ.
ചിലപ്പോഴൊക്കെ പൊതു ജനത്തെ ഞെട്ടിക്കുന്ന പ്രവര്‍ത്തികൾ പോലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകാറുണ്ട്. അത്തരമൊരു സന്ദര്‍ഭത്തെ കുറിച്ചാണ്. കഴിഞ്ഞ ജൂലൈ നാലാം തിയതി യുഎസിലെ ടെംപേയിലാണ് സംഭവം. ടെംപേ പോലീസ് തങ്ങളുടെ എക്സ് പേജിലൂടെ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു,. ഭക്ഷണ വിതരണത്തിന് പോകവെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് പോലീസ് ഫുഡ് ഡെലിവറി ഏജന്‍റിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഓർഡർ ചെയ്ത ഭക്ഷണം പാഴാക്കാന്‍ പോലീസ് തയ്യാറായില്ല. പകരം അത് ഓര്‍ഡർ ചെയ്ത അഡ്രസിൽ പോലീസ് തന്നെ കൊണ്ട് ചെന്ന് കൊടുത്തു.
പോലീസ് തന്നെ പങ്കുവച്ച വീഡിയോയില്‍ മൂന്നോളം ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഉള്ളത്. തുടക്കത്തില്‍ ഒരു വീടിന്‍റെ ഡോര്‍ ക്യാമും പിന്നീട് ഡെലിവറി ഏജന്‍റിനെ അറസ്റ്റ് ചെയ്യുമ്പോഴും പിസ വിതരണം ചെയ്യുമ്പോഴുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാം ദൃശ്യങ്ങളുമാണുള്ളത്. കോളിങ് ബെല്ല് കേട്ട് വാതില്‍ തുറക്കുമ്പോൾ പിസയുമായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കണ്ട് യുവതി ഞെട്ടുന്നു. പിന്നാലെ കാര്യമെന്താണെന്ന് അന്വേഷിക്കുമ്പോഴാണ്. ഡെലിവറി ഏജന്‍റിനെ അശ്രദ്ധമായ ഡ്രൈവിംഗിന് അറസ്റ്റ് ചെയ്തെന്നും അതിനാല്‍ പിസ ഉടമസ്ഥയ്ക്ക് നല്‍കാനായി എത്തിയതെന്നും പോലീസ് യുവതിയോട് പറയുന്നത്. തനിക്ക് പിസ വളരെ ഇഷ്ടമാണെന്നും പിസ എത്തിച്ച് തന്നതിന് വളരെ നന്ദിയുണ്ടെന്നും യുവതി പോലീസുകാരോട് പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിസ്സ ഇപ്പോഴും ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുവെന്ന കുറിപ്പോടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഓർഡർ ഹോട്ട്-എൻ-റെഡി ആയിരുന്നു, സംശയിക്കപ്പെടുന്നയാൾ ക്യാച്ച്-എൻ-സ്റ്റെഡി ആയിരുന്നു. സുരക്ഷയായാലും പിസ്സ ഡെലിവറിയായാലും 24/7 ഞങ്ങളുടെ സമൂഹത്തെ സേവിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് പോലീസ് വീഡിയോയ്ക്കൊപ്പം എഴുതി. ഈ പോലീസുകാരെ നിങ്ങളുടെ വാതിൽക്കൽ പിസ്സയുമായി കാണുന്നത് അത്ഭുതപ്പെടുത്തുമെന്നായിരുന്നു ഒരു കുറിപ്പ്. എന്‍റെ ഓര്‍ഡർ വല്ലതുമായിരുന്നെങ്കില്‍ ഞാന്‍ ആശയകുഴപ്പത്തിലായേനെ എന്നായിരുന്നു മറ്റൊരാൾ എഴുതിയത്.


