സിസിടിവി ദൃശ്യങ്ങളിൽ എടിഎം സെന്‍ററില്‍ നിന്നും പുറത്തേക്ക് വലിച്ച കയർ ഥാറില്‍ കെട്ടിയ ശേഷം ഓടിച്ച് പോകാന്‍ ശ്രമിക്കുന്ന മോഷ്ടാക്കളെ കാണാം.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കഴിഞ്ഞ തിങ്കളാഴ്ച അസാധാരണമായ ഒരു സംഭവം നടന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഒരേസമയം ചിരിയും അമ്പരപ്പും സൃഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ചെ 3 നും 4 നും ഇടയിൽ ഷാനൂർവാടി ദർഗ പ്രദേശത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ശാഖയിലാണ് സംഭവം നടന്നത്. ഒരു സംഘം മോഷ്ടാക്കൾ മഹീന്ദ്ര ഥാർ എസ്‌യുവി ഉപയോഗിച്ച് എടിഎം മെഷ്യന്‍ കയർ ഉപയോഗിച്ച് വലിച്ച് ഇളക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
വീഡിയോയില്‍ ഒരു കെട്ടിടത്തിന് മുന്നില്‍ ഥാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. പിന്നാലെ മൂന്നാല് പേര്‍ ചേര്‍ന്ന് ഒരു കയർ എടിഎം കൗണ്ടില്‍ നിന്നും വാഹനവുമായി ബന്ധിക്കുന്നു. പിന്നാലെ സ്പീഡില്‍ വാഹനം മുന്നോട്ട് എടുത്തെങ്കിലും കയർ പോട്ടിപ്പോയി. ഇതോടെ മോഷ്ടാക്കൾ ശ്രമം പാതിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, രക്ഷപ്പെടുന്നതിന് മുമ്പ് മോഷ്ടാക്കൾ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് എടിഎം മെഷ്യന്‍ തുറക്കാന്‍ ശ്രമിച്ചെന്നും അതിന് മുന്നോടിയായി എടിഎം ബൂത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ നശിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പിറ്റേ ദിവസം രാവിലെയാണ് മോഷണ വിവരം ബാങ്കിന്‍റെ ബ്രാഞ്ച് മാനേജര്‍ വിശാൽ ഹരിദാസ് ഇന്ദൂർക്കർ അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
ബാങ്ക് മാനേജരുടെ പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, തിരിച്ചറിയാത്ത നാല് പേര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മോഷണം, ക്രിമിനൽ നടപടി, പൊതു സ്വത്ത് നശീകരണം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.


