വീട്ടിൽ നിന്നും പതിവ് പോലെ ജോലിക്ക് പോയിരുന്നെങ്കിലും ഇയാൾ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. നാല് ദിവസങ്ങൾക്ക് ശേഷം ഒരു ഇഷ്ടിക ചൂളകൾക്ക് സമീപത്ത് നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നിന്നും നാടിനെ ഞെട്ടിച്ച ഒരു കൊലപാതക കേസ് പുറത്ത് വന്നു. ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചെന്നും പോലീസ് പറയുന്നു. ഉത്തർപ്രദേശിലെ ഛാറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അലിഗഢ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

ജൂലൈ 29 -ന് യൂസഫ് വീട്ടിൽ നിന്നും പതിവ് പോലെ ജോലിക്ക് പോയിരുന്നെങ്കിലും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ ദിവസങ്ങളോളം യൂസഫിനെ അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മകനെന്നും എന്നാല്‍ ഒരു ദിവസം ജോലിക്ക് പോയ അവന്‍ തിരിച്ച് വന്നില്ലെന്നും യൂസഫിന്‍റെ അച്ഛന്‍ ഭുരെ ഖാൻ പറയുന്നു. മകനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to load tweet…

പിന്നാലെ പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കാസ്ഗഞ്ച് ജില്ലയിലെ ധോൽന പോലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടിക ചൂളകൾക്ക് സമീപം ഗുരുതരമായി കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്. ആസിഡ് ഉപയോഗിച്ച് മൃതദേഹം നശിപ്പിച്ചിരുന്നു, മൃ‍തദേഹം പുഴവരിച്ച നിലയിൽ ആയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം യൂസഫിന്‍റെതാണെന്ന് സ്ഥിരീകരിച്ചു.

വിശദമായ കേസന്വേഷണത്തില്‍ യൂസഫിന്‍റെ ഭാര്യ തബാസ്സും കാമുകനായ ഡാനിഷും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ഇരുവരും ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വയര്‍ കീറി മുറിച്ചു. തുടര്‍ന്ന് മൃതദേഹത്തിൽ ആസിഡ് ഒഴിച്ച് തെളിവ് നശിപ്പിക്കുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. തുടര്‍ അന്വേഷണത്തില്‍ തബാസ്സിനെ അറസ്റ്റ് ചെയ്തെന്നും ഡാനിഷും കുടുംബവും ഒളിവിലാണെന്നും പോലീസ് അറിയിച്ചു.