പോലീസിനെ കണ്ടതും ആറരകോടി രൂപ വിലയുള്ള രത്നങ്ങൾ മോഷ്ടാവ് വിഴുങ്ങി. പിന്നാലെ അതിക്രൂരമായ രീതിയില്‍ മോഷ്ടാവിനെ നേരിടുന്ന പോലീസിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
മോഷണം പിടിക്കപ്പെട്ടാല്‍ മോഷ്ടാക്കൾ ആദ്യം ചെയ്യുന്നത് കളവ് മുതല്‍ ഉപേക്ഷിക്കാനോ ഒളിപ്പിച്ച് വയ്ക്കാനോ ആകും. പോലീസ് പിടികൂടുന്ന സമയത്ത് കൈയില്‍ മോഷണ മുതലുണ്ടെങ്കില്‍, അത് താരതമ്യേന ചെറുതാണെങ്കില്‍ മോഷ്ടാക്കൾ അത് വിഴുങ്ങുകയാണ് പതിവ്. എന്നാല്‍, അത്തരത്തില്‍ മോഷ്ടാവ് വിഴുങ്ങിയ രത്നം തിരിച്ചെടുക്കാനായി മോഷ്ടാവിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമാ കഥ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. ഫെബ്രുവരി 26 -ന് ഫ്ലോറിഡയിലെ ഒർലാൻഡോയ്ക്ക് സമീപമാണ് മോഷണം നടന്നതെങ്കിലും സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പോലീസ് പങ്കുവച്ചത്. അന്നേ ദിവസം ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ടിഫാനി ആൻഡ് കമ്പനിയിൽ ഒരു മോഷണം നടന്നതായി പോലീസിന് വിവരം ലഭിച്ചു. പിന്നാലെ നടന്ന അന്വേഷണത്തിനിടെ ഒർലാൻഡോയില്‍ നിന്നും ഏകദേശം 531 കിലോമീറ്റര്‍ അകലെ വച്ച് പോലീസ് 32 കാരനായ ജയ്താൻ ഗിൽഡറെ തടഞ്ഞു. ഇയാളാണ് മോഷ്ടാവെന്ന് പോലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തടഞ്ഞത്.
വജ്രങ്ങൾ വാങ്ങാനായി എന്‍ബിഎ കളിക്കാരന്‍റെ പ്രതിനിധി എന്ന വ്യാജേന കടയിലേക്ക് എത്തിയ ജയ്താൻ ഗിൽഡർ, കിട്ടിയ തക്കത്തിന് 609,500 ഡോളറും (ഏകദേശം 5,28,00,000 രൂപ) 160,000 ഡോളറും (ഏകദേശം 1,38,00,000 രൂപ) വിലയുള്ള രണ്ട് സെറ്റ് വജ്ര കമ്മലുകൾ തട്ടിയെടുത്ത് കടയിൽ നിന്ന് ഓടിപ്പോവുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ധരിച്ചിരുന്ന ബോഡി ക്യാമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായത്. കൈകൾ പിന്നില്‍ കെട്ടിയ ഗിൽഡറിന്‍റ തല കാറിന്‍റെ ബോണറ്റിലേക്ക് ചെരിച്ച് പിടിച്ച് കഴുത്തിൽ അമര്‍ത്തി പോലീസുകാര്‍ തുപ്പാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
പോലീസിനെ കണ്ടപ്പോൾ ജയ്താൻ ഗിൽഡർ തന്‍റെ കൈയിലിരുന്ന കോടികൾ മൂല്യമുള്ള രത്നം വിഴുങ്ങാന്‍ ശ്രമിച്ചതാണ് പോലീസിനെ പ്രകോപിതരാക്കിയത്. ക്രുരമായ രീതിയില്‍ കഴുത്തിന് കുത്തിപ്പിടിച്ച് വായില്‍ വിരൽ കൊണ്ട് അമര്‍ത്തിപ്പിടിക്കുന്ന പോലീസിന്‍റെ വീഡിയോയാണ് വൈറലായത്. എന്നാല്‍, പോലീസിന് രത്നം ലഭിച്ചില്ല. പിന്നീട് ജയിലില്‍ വച്ച് ഗിൽഡറെ സ്കാന്‍ ചെയ്തപ്പോൾ സ്വർണ്ണം വയറ്റിലുള്ളതായി കണ്ടെത്തി. പോലീസ് ഇത് തിരിച്ചെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയ്താൻ ഗിൽഡർ ആദ്യമായല്ല രത്നം മോഷ്ടിക്കുന്നത്. കോളറാഡോയില്‍ വച്ച് അദ്ദേഹം നേരത്തെയും സമാനമായ രീതിയില്‍ രത്നം മോഷ്ടിച്ചിരുന്നു. പക്ഷേ, ആ രത്നങ്ങൾ ഇതുവരെ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.


