മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ ഒരു ജന്മദിന പാര്‍ട്ടിക്കിടെ പിടികൂടിയത് 80 ഓളം പേരെ. ഇതിൽ 13 പുരുഷന്മാരും 26 സ്ത്രീകളും ലഹരി ഉപയോഗിച്ചെന്ന് പോലീസ്.
മദ്യനിരോധനം നിലവിലുള്ള ഗുജറാത്തില്‍ നടന്ന ഒരു മദ്യ സല്‍ക്കാരത്തില്‍ പോലീസ് പിടികൂടിയത് 80 -ഓളം പേരെ. ഇതില്‍ 13 പുരുഷന്മാരും 26 സ്ത്രീകളും മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പിന്നാലെ ഇവരെ സാനാന്ദ് പോലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍, എല്ലാവരും സ്റ്റേഷനിലേക്ക് കയറിപ്പോകുമ്പോൾ തന്ത്രപരമായി രക്ഷപ്പെടാന്‍ നോക്കിയ ഒരു യുവതിയെ പോലീസ് കൈയോടെ പിടികൂടി. ഇവർ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെയും എന്നാല്‍ പോലീസ് വീണ്ടും സ്റ്റേഷനിലേക്ക് കയറാന്‍ ആവശ്യപ്പെടുന്നതിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ഒരു രാത്രി പാർട്ടിയ്ക്കിടെ പോലീസ് നടത്തിയ റെയ്ഡിലാണ് അനധികൃതമായി മദ്യം വിളമ്പിയതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് പാര്‍ട്ടിയിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ചു. നിരവധി പേര്‍ സ്റ്റേഷനിലേക്ക് കയറിപ്പോകുന്നതിനിടെയാണ് യുവതി ആരും കാണുന്നില്ലെന്ന് കരുതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സ്റ്റേഷന്‍റെ പുറത്തുണ്ടായിരുന്ന പോലീസുകാര്‍ യുവതിയെ കാണുകയും സ്റ്റേഷനിലേക്ക് കയറിപ്പോകാന്‍ ആവശ്യപ്പെടുമ്പോൾ അവര്‍ തിരിച്ച് സ്റ്റേഷനിലേക്ക് തന്നെ കയറിപ്പോകുന്നതും വീഡിയോയില്‍ കാണാം.
ജൂലൈ 20 ന് ഞായറാഴ്ച രാത്രി റിയൽ എസ്റ്റേറ്റ് ഇടപാടുകാരായ പ്രതീക് സംഘിയുടെ ജന്മദിന പാർട്ടിയായിരുന്നു. അഹമ്മദാബാദിലെ സാനന്ദിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന പാർട്ടിക്കിടെയാണ് മദ്യം സത്കാരം നടത്തിയത്. ഇവിടെ നടത്തിയ റൈഡിലാണ് പോലീസ് 80 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തത്. ബ്രെത്ത് അനലൈസറും ബ്ലെഡ് സാമ്പിളുകളും എടുത്താണ് പോലീസ് പാര്‍ട്ടിയിൽ പങ്കെടുത്തവരെ കസ്റ്റഡിയില്‍ എടുത്തത്. പാര്‍ട്ടിയിൽ നിന്നും 90,000 രൂപയുടെ സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഇതില്‍ സിഗരറ്റുകളും മദ്യക്കുപ്പികളും ഹുക്ക പൈപ്പുകളും ഉൾപ്പെടുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


