നടുറോഡില്‍ പടക്കം പൊട്ടിച്ച് ജന്മദിനം ആഘോഷിച്ച യുവാക്കളെ കൊണ്ട് അവിടെ തന്നെ എത്തമിടീച്ച് പോലീസ്. 

ടുറോട്ടിൽ പടക്കം പൊട്ടിച്ച് ജന്മദിനാഘോഷം നടത്തിയ യുവാക്കൾക്ക് പോലീസിന്‍റെ വക കിട്ടിയത് അപ്രതീക്ഷിത സമ്മാനം. ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലാണ് ഒരു കൂട്ടം യുവാക്കൾ നടുറോട്ടിൽ പടക്കം പൊട്ടിച്ച് പിറന്നാൾ ആഘോഷം നടത്തിയത്. റോഡിന് നടുക്ക് നിർത്തിയിട്ടിരുന്ന ബൈക്കിൽ കേക്ക് വെച്ച് മുറിച്ച് തുടർച്ചയായി പടക്കം പൊട്ടിച്ചായിരുന്നു യുവാക്കളുടെ ആഘോഷം. യുവാക്കളുടെ പ്രവർത്തി വഴിയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതോടെ ക്ഷണിക്കപ്പെടാത്ത ചില അതിഥികൾ കൂടി പിറന്നാൾ ആഘോഷത്തിന് എത്തി. മറ്റാരുമല്ല, സ്ഥലത്തെ പൊലീസ് തന്നെയായിരുന്നു അത്. അതോടെ ആഘോഷങ്ങളുടെ നിറം മങ്ങി.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പിറന്നാൾ ആഘോഷം നടത്തിയ യുവാക്കൾക്ക് തക്കതായ സമ്മാനവുമായി ആയിരുന്നു പോലീസിന്‍റെ വരവ്. ആദ്യം യുവാക്കളുടെ ആഘോഷങ്ങൾ നിർത്തിപ്പിച്ച പോലീസ് മുഴുവൻ യുവാക്കളെയും റോഡിൽ നിർത്തി ഏത്തം ഇടീപ്പിച്ചു . 12 ഓളം യുവാക്കൾ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചരിക്കുകയാണ്.

Scroll to load tweet…

സാക്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് വഴിയാത്രക്കാരായ ആളുകൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടായിരുന്നു യുവാക്കളുടെ പിറന്നാൾ ആഘോഷം. ആഘോഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങളിൽ നിന്നും അത് വ്യക്തമാണ്. ബിലാസ്പൂരിലെ ഗാലക്സി അപ്പാർട്ട്മെന്‍റിന് മുന്നിൽ, രാത്രി 9:30 -നാണ് യുവാക്കൾ പിറന്നാളാഘോഷത്തിനായി ഒത്തുകൂടിയത്. ഒരു ബുള്ളറ്റ് റോഡിൽ നിർത്തിയതിന് ശേഷം അതിന് മുകളിൽ കേക്ക് വെച്ച് മുറിക്കുകയും റോഡിൽ നിറയെ പടക്കം വിതറി പൊട്ടിച്ചുമായിരുന്നു യുവാക്കൾ പിറന്നാൾ ആഘോഷിച്ചത്.

ഏതാണ്ട് 20 മിനിറ്റോളം യുവാക്കൾ റോഡിലൂടെ പോകുന്ന പൊതുജനങ്ങൾക്ക് ഗതാഗതം തടസ്സം സൃഷ്ടിച്ചു. പിന്നാലെ വഴിയാത്രക്കാരായ ആരോ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസ് എത്തുകയായിരുന്നു. ജന്മദിനാഘോഷത്തിൽ ഉൾപ്പെട്ട യുവാക്കൾക്കെതിരെ ബിഎൻഎസ് സെക്ഷൻ 126(2), 285, 3(5) പ്രകാരം പോലീസ് നടപടി സ്വീകരിച്ചു. അവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് യുവാക്കളെ കൊണ്ട് പോലീസ് പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.