23 വയസ്സുകാരനായ യുവാവിനെ വടിയും മദ്യക്കുപ്പികളും ഉപയോഗിച്ച് സംഘം ചേർന്ന് മർദ്ദിച്ചതാണ് ദയാശങ്കറിന്റെ പേരിൽ അവസാനമായി രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റകൃത്യം. ഈ വർഷം ഫെബ്രുവരി 13 -നായിരുന്നു ഈ സംഭവം.
പൊലീസ് പിടിക്കാതിരിക്കാൻ സ്ത്രീവേഷം ധരിച്ച് മുങ്ങിനടന്നയാൾ പിടിയിൽ. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ വെച്ചാണ് 13 കേസുകളിൽ പ്രതിയായ ദയാ ശങ്കർ എന്നയാൾ പൊലീസിന്റെ പിടിയിലായത്. കവർച്ച, അക്രമം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തപ്പെട്ടിട്ടുള്ളത്. ദയശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിടിക്കപ്പെടുമ്പോൾ സാരിയും ബ്ലൗസും ആയിരുന്നു ഇയാളുടെ വേഷം.
പൊലീസിന്റെ നോട്ടപ്പുള്ളിയായ ദയാശങ്കർ കഴിഞ്ഞ കുറച്ചു നാളുകളായി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് വേഷം മാറി പൊലീസിനെ കബളിപ്പിക്കുകയാണെന്നുള്ള രഹസ്യവിവരം പൊലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോധ്പൂരിലെ വീട്ടിൽ വച്ച് സ്ത്രീ വേഷത്തിൽ ഇയാളെ പിടികൂടിയത്. ഹെഡ് കോൺസ്റ്റബിൾ ഷംഷേർ ഖാന്റെ നേതൃത്വത്തിൽ, ഉള്ള പൊലീസ് സംഘമാണ് ദയാശങ്കറിനെ അറസ്റ്റ് ചെയ്തത്.
23 വയസ്സുകാരനായ യുവാവിനെ വടിയും മദ്യക്കുപ്പികളും ഉപയോഗിച്ച് സംഘം ചേർന്ന് മർദ്ദിച്ചതാണ് ദയാശങ്കറിന്റെ പേരിൽ അവസാനമായി രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റകൃത്യം. ഈ വർഷം ഫെബ്രുവരി 13 -നായിരുന്നു ഈ സംഭവം.
ആക്രമണത്തിൽ ദയാശങ്കറിന് എതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി നിരവധി തവണ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. പക്ഷേ, അപ്പോഴൊക്കെയും അവിടെ ഒരു സ്ത്രീ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദയാശങ്കർ വീട്ടിലേക്ക് വരാറില്ല എന്നായിരുന്നു ഈ സ്ത്രീയുടെ മറുപടി.
ആദ്യഘട്ടത്തിൽ പൊലീസ് ഇത് വിശ്വസിച്ചു എങ്കിലും പിന്നീട് ഇയാളുടെ വീട്ടിലുള്ള സ്ത്രീ മറ്റാരുമല്ല ദയാശങ്കർ തന്നെയാണെന്നുള്ള രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടർന്നാണ് വീട്ടിൽ വീണ്ടും പരിശോധന നടത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


