അവിടെ ആളുകൾ ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് അല്ലാതെ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയല്ല. ഞായറാഴ്ചകളിൽ മിക്ക സ്ഥാപനങ്ങളും അടച്ചിടും. വേനൽക്കാലത്ത്, രാജ്യത്ത് ആരും ഒന്നും ചെയ്യാറില്ല.
രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജോലി. ചിലപ്പോൾ കൂലിയില്ലാത്ത ഓവർടൈം പണി. ആഴ്ചാവസാനം ലീവ് കിട്ടിയാലായി, ഇല്ലെങ്കിലില്ല. അല്ലാത്ത ലീവുകൾ ചോദിച്ചാൽ കിട്ടാൻ പ്രയാസം. ഇതിനും പുറമേ ചിലപ്പോൾ മുകളിലുള്ള ആളുകളുടെ ചൂഷണങ്ങൾ വേറെ. ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ പലതും ഏറെക്കുറെ ഈ അവസ്ഥയിലായിരിക്കും കടന്നു പോവുന്നത്. ഈ ജോലി നിർത്തി സമാധാനം കിട്ടുന്ന വേറെന്തെങ്കിലും കാര്യങ്ങൾ ചെയ്താൽ കൊള്ളാമെന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും. അതുപോലെ, 9 തൊട്ട് 5 വരെയുള്ള ഈ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്ററാവാൻ തീരുമാനിച്ചപ്പോൾ തന്റെ ഡച്ചുകാരനായ കാമുകന് അത് മനസിലാക്കാൻ സാധിച്ചില്ല എന്ന് വെളിപ്പെടുത്തുകയാണ് ഒരു ഇന്ത്യൻ യുവതി.
സോണി സലോനി എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സോണിയുടെ പോസ്റ്റിൽ പറയുന്നത്, ഡച്ചുകാരനായ കാമുകൻ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നത് കുറച്ചുകാലം യൂറോപ്പിൽ കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത് എന്നാണ്. അവിടെ ആളുകൾ ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് അല്ലാതെ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയല്ല. ഞായറാഴ്ചകളിൽ മിക്ക സ്ഥാപനങ്ങളും അടച്ചിടും. വേനൽക്കാലത്ത്, രാജ്യത്ത് ആരും ഒന്നും ചെയ്യാറില്ല. ആളുകൾ വെയിൽ കായുന്നു. പാർക്കുകളിൽ സുഹൃത്തുക്കളോടൊപ്പം പിക്നിക്ക് നടത്തുന്നു. ടാറ്റൂ ചെയ്യുന്നു, മ്യൂസിക്കുണ്ടാക്കുന്നു, പെയിന്റിംഗ് ചെയ്യുന്നു, സ്കിന്നി ഡിപ്പിംഗ് ചെയ്യുന്നു... പ്രവൃത്തി ദിവസങ്ങളിൽ, റെസ്റ്റോറന്റുകളും കടകളും വൈകുന്നേരം 6 മുതൽ 8 വരെ അടച്ചിരിക്കും... എന്നും അവളുടെ പോസ്റ്റിൽ കാണാം.
ഇവിടങ്ങളിൽ ശമ്പളമില്ലാത്ത അവധി കിട്ടും. എന്നാൽ, ഇന്ത്യയിൽ നേരെ മറിച്ചാണ് എപ്പോഴും ജോലിയാണ്. വാരാന്ത്യങ്ങൾ പോലും അവധി കിട്ടില്ല. ആഴ്ചയിൽ 90 മണിക്കൂറുകൾ ജോലി ചെയ്യാനും ഞായറാഴ്ചകളിൽ ജോലി ചെയ്യാനുമാണ് ഇവിടെയുള്ളവർ പറയുന്നത്. എമിലി ഇൻ പാരിസ് എന്ന സിനിമയിൽ പറയും പോലെ ജീവിക്കാനായിട്ടാണ് ജോലി ചെയ്യേണ്ടത്, അല്ലാതെ ജോലി ചെയ്യാനായി ജീവിക്കുകയല്ല വേണ്ടത് എന്നും അവൾ കുറിച്ചു.
ഇന്ത്യയിലെ പരിതാപകരമായ വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചാണ് സോണിയുടെ പോസ്റ്റിൽ വ്യക്തമാക്കുന്നത്. ക്രിയേറ്റിവിറ്റിക്ക് ഇവിടെ യാതൊരു സ്ഥാനവും കിട്ടുന്നില്ലെന്നും അവൾ വ്യക്തമാക്കുന്നു. അനേകങ്ങളാണ് സോണിയുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഭൂരിഭാഗവും അവളുടെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു.


