ഫെബ്രുവരി 19 ന് തിരുവന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര എട്ട് ദിവസങ്ങള്‍ക്ക് ശേഷം 26 -ാം തിയതി കാസര്‍കോട് ജില്ലയിലെ തൈക്കടപ്പുറത്ത് അവസാനിച്ചു. 

ടല്‍ എന്നും അത്ഭുതം തീര്‍ക്കുന്ന ജലപ്രപഞ്ചമാണ്. കരയിലുള്ളതിലേക്കാള്‍ വൈവിധ്യമുള്ള ജീവജാലങ്ങളും സസ്യജാലങ്ങളാലും കടല്‍ സമ്പന്നമാണ്. എന്നാല്‍, കരയേ പോലെ തന്നെ കടലും ഇന്ന് നാശോന്മുഖമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. വംശനാശ ഭീഷണി നേരിടുന്ന അനേകം ജീവജാലങ്ങള്‍ കടലിലുമുണ്ട്. അവയില്‍ കേരള തീരത്ത് കാണുപ്പെടുന്ന തിമിംഗല സ്രാവുകളും (ഉടുമ്പ് സ്രാവ്) ഉള്‍പ്പെടുന്നു. തിമിംഗല സ്രാവുകള്‍ പ്രധാനമായും മത്സ്യബന്ധന വലകളില്‍ കുടുങ്ങിയും മറ്റും തീരത്തേക്ക് എത്തപ്പെടുന്നു. ഇത്തരത്തില്‍ എത്തപ്പെടുന്ന തിമിംഗല സ്രാവുകള്‍ പലപ്പോഴും മരണം വരിക്കുന്നതും നിത്യസംഭവമാണ്. ഇത്തരത്തില്‍ കരയിലേക്ക് എത്തപ്പെടുന്ന തിമിംഗല സ്രാവുകളെ കടലിലേക്ക് തന്നെ തിരിച്ച് വിട്ട് അവയുടെ വംശനാശത്തിന് ഒരു പരിധി വരെ തടയിടുകയാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ. തിമിംഗല സ്രാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരു സൈക്കിള്‍ റാലി സംഘടിപ്പിക്കപ്പെട്ടു. ഈ സൈക്കിള്‍ റാലി കാസര്‍കോട് ജില്ലിയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. 

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (WTI)യുടെ നേതൃത്വത്തില്‍ നടന്ന യാത്രയില്‍ ഒറാക്കിള്‍, കേരളാ വനം വകുപ്പ് എന്നിവരും പങ്കാളികളായി. തിരുവനന്തപുരത്ത് നിന്ന് ഫെബ്രുവരി 19 നാണ് സൈക്കിള്‍ യജ്ഞം ആരംഭിച്ചത്. സൈക്കിളേയ്സ് തൃശ്ശൂര്‍ എന്ന സൈക്കിള്‍ ക്ലബ്, ഡബ്യുടിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഫ്രണ്ട്സ് ഓഫ് വെയില്‍ ഷാര്‍ക് എന്ന സംഘത്തിലെ അഞ്ച് പേരാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. യാത്ര എട്ട് ദിവസങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലെ തൈക്കടപ്പുറത്ത് അവസാനിച്ചു. ഇതിനിടെ യാത്രാ സംഘം 560 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. കടന്ന് പോയ വഴികളിലെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികളുമായി സംഘം തിമിംഗല സ്രാവ് സംരക്ഷണത്തെ കുറിച്ച് സംവദിച്ചു. വെള്ളം അരിച്ച് ഭക്ഷിക്കുന്ന തിമിംഗല സ്രാവുകള്‍ക്ക് കടലില്‍ അടിയുന്ന പ്ലാസ്റ്റിക്ക് മാലിന്യം എന്ത്രമാത്രം അപകടമാണ് ചെയ്യുന്നതെന്ന് സംഘം വിദ്യാര്‍ത്ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിശദീകരിച്ചു. കടല്‍ പ്ലാസ്റ്റിക് മുക്തമാക്കേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ചും സംഘം ബോധവത്ക്കരണം നടത്തി. 

കൂടുതല്‍ വായനയ്ക്ക്: നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ നിരന്തരം പീഡിപ്പിക്കുന്നു; ഐക്യരാഷ്ട്ര സഭായോഗത്തില്‍ 'കൈലാസ പ്രതിനിധി'

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവുകള്‍ കടലിലെ സഞ്ചാരികളാണ്. 12 മീറ്ററോളം നീളം വയ്ക്കുന്ന ദീര്‍ഘദൂര സഞ്ചാരികളായ ഇവയെ പ്രധാനമായും ഗുജറാത്ത് തീരത്താണ് കണ്ടുവരുന്നത്. ഗുജറാത്ത് തീരത്ത് നിന്ന് മാത്രം മത്സ്യബന്ധന വലയില്‍ കുടുങ്ങിയ 900 ല്‍ പരം തിമിംഗല സ്രാവുകളെ ഗുജറാത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ ശ്രമഫലമായി രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും ഇത്തരത്തില്‍ ഏട്ടോളം തിമിംഗല സ്രാവുകളെ രക്ഷപ്പെടുത്താന്‍ ഡബ്യുടിഐയുടെ ശ്രമഫലമായി സാധിച്ചിട്ടുണ്ട്. അടുത്ത കാലത്തായി കേരള തീരത്ത് ഇവയുടെ സാന്നിധ്യത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനാല്‍ ഇവയുടെ സംരക്ഷണത്തിനായിട്ടാണ് കേരള തീരത്ത് ഇത്തരമൊരു യജ്ഞം സംഘടിപ്പിക്കപ്പെട്ടത്.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കടലിലെ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് മൂലവും ഇവ തീരത്തേക്ക് അടിയാന്‍ ഇടവരുന്നു. കൂടാതെ അനിയന്ത്രിതമായ മത്സ്യബന്ധനവും വലിയ മത്സ്യബന്ധന ബോട്ടുകളില്‍ ഇടിച്ച് പരിക്കേറ്റും മത്സ്യബന്ധന വലയില്‍ കുടുങ്ങിയും കടലിലെ ഭക്ഷ്യദൌര്‍ലഭ്യതയും ഇവയെ കരയ്ക്കെത്തുന്നു. അമിതമായ വലിപ്പവും തിരിച്ച് കടലിലേക്ക് തന്നെ വിടാനുള്ള ശ്രമകരമായ ദൌത്യവും മൂലം പലപ്പോഴും ഇവ തീരത്ത് കിടന്ന് മരിക്കുന്നതിന് ഇടയാക്കുന്നു. ഭക്ഷ്യ ലഭ്യതയ്ക്കായി ഇവ മീന്‍ കൂട്ടങ്ങളുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുന്നത് വഴി മത്സ്യബന്ധനയാനങ്ങളുമായി അപകടത്തില്‍പ്പെടുന്നതിനും കാരണമാകുന്നു. മാത്രമല്ല, ഇവയുടെ സഞ്ചാരപാതയിലുണ്ടാകുന്ന വ്യതിയാനങ്ങളും കടലിലെ അടിയൊഴുക്കുകളും ഇവയെ കരയിലേക്ക് വലിച്ചടുപ്പിക്കുന്നു.

കൂടുതല്‍ വായനയ്ക്ക്: 18 വയസ് വരെ എഴുതാനും അറിയില്ല, ഇന്ന് കേംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസര്‍ 

ഇത്തരത്തില്‍ കരയിലെത്തി മരണം വരിക്കുന്ന തിമിംഗല സ്രാവുകളുടെ നാശം തടയുന്നതിനും അതിന് പരിഹാരം കാണാനും ഇത്തരത്തില്‍ കടല്‍തീരത്ത് എത്തുന്ന തിമിംഗല സ്രാവുകളെ തിരികെ കടലിലേക്ക് തന്നെ തിരിച്ചയക്കുന്നതിനുമായി മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നടത്തുകയെന്നതും യാത്രയുടെ ലക്ഷ്യത്തില്‍പ്പെടുന്നു. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ജീവികളാണ് തിമിംഗല സ്രാവുകള്‍. ഇവയെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. കരയ്ക്ക് എത്തപ്പെടുന്ന തിമിംഗല സ്രാവികളെ തിരിച്ചയക്കുന്നതും കടലിലേക്ക് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് തടയുകയുമാണ് ഇവയും വംശനാശത്തിന് അല്പമെങ്കിലും തടയിടാനുള്ള മാര്‍ഗ്ഗം. ഇതിനായി തീരദേശത്തെ ജനതയെ ബോധവത്ക്കരിക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശവും. 

കൂടുതല്‍ വായനയ്ക്ക്: കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!