പതിറ്റാണ്ടുകൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ അവർ തങ്ങളുടെ മകനെ കണ്ടെത്തി. ഷി ഞെട്ടിപ്പോയി. ഷിയുടെ മാതാപിതാക്കൾ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരായിരുന്നു. ഷിയുടെ തിരിച്ചുവരവ് അവർ വൻ ആഘോഷമായിട്ടാണ് നടത്തിയത്.
അനാഥനും ദരിദ്രനുമായ യുവാവ്, പെട്ടെന്നൊരുനാൾ അയാൾക്ക് കോടികളുടെ സമ്പത്ത് കൈവരുന്നു. ഇത് നമ്മൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ടാവും. എന്നാൽ, യഥാർത്ഥജീവിതത്തിലും അങ്ങനെ ഒരു അനുഭവമുണ്ടായാലോ? അതേ, ചൈനയിലുള്ള ഒരു യുവാവിന്റേതാണ് ഈ അനുഭവം. എന്നാൽ, അച്ഛന്റെ കോടികളുടെ സമ്പാദ്യം യുവാവ് വേണ്ടെന്ന് വച്ചു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഇപ്പോൾ 26 വയസ്സുള്ള ഷി ക്വിൻഷുവായിയെയാണ് വളരെ ചെറിയ കുഞ്ഞായിരുന്നപ്പോൾ കാണാതായത്. മകനെ നഷ്ടപ്പെട്ടുപോയ അവന്റെ മാതാപിതാക്കളാവട്ടെ വർഷങ്ങളോളം അവനെ തിരഞ്ഞുനടന്നു. അവനെ കണ്ടെത്താനുള്ള അന്വേഷണത്തിനായി ഒരു കോടിക്ക് മുകളിലാണ് അവർ ചെലവഴിച്ചത്. എന്നാൽ, ഇത്രയും കാലം അവനെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
പക്ഷേ, പതിറ്റാണ്ടുകൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ അവർ തങ്ങളുടെ മകനെ കണ്ടെത്തി. ഷി ഞെട്ടിപ്പോയി. ഷിയുടെ മാതാപിതാക്കൾ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരായിരുന്നു. ഷിയുടെ തിരിച്ചുവരവ് അവർ വൻ ആഘോഷമായിട്ടാണ് നടത്തിയത്. മാത്രമല്ല, വിലയേറിയ പലതരം സമ്മാനങ്ങളും അവർ അവന് നൽകി. നിരവധി ഫ്ലാറ്റുകളുടെയും വാഹനങ്ങളുടെയും താക്കോലുകളും ഷിക്ക് പിതാവ് കൈമാറി.
എന്നാൽ, തനിക്കും താൻ വിവാഹം കഴിക്കാൻ പോകുന്ന തന്റെ കാമുകിക്കും താമസിക്കാൻ ഒരു ഫ്ലാറ്റ് മാത്രം മതി എന്ന് പറഞ്ഞ ഷി മറ്റെല്ലാ സമ്മാനങ്ങളും നിരസിക്കുകയായിരുന്നു. താൻ ഇതുവരെ ഉള്ളതുപോലെ ഒരു ലളിതമായ ജീവിതം ജീവിക്കാനാഗ്രഹിക്കുന്നു എന്നാണ് ഷി പറയുന്നത്. തന്റെ ലൈവ് സ്ട്രീമിംഗ് ചാനലിലൂടെയാണ് ഷി ജീവിക്കാനുള്ള പണം സമ്പാദിക്കുന്നത്.
അതേസമയം, നിരവധിപ്പേരാണ് ഷിയുടെ ലാളിത്യത്തെ പുകഴ്ത്തിയത്. എന്നാൽ, ഇത് ലാളിത്യമല്ല എന്നും സഹതാപവും ശ്രദ്ധയും നേടാനുള്ള വെറും അടവ് മാത്രമാണ് എന്നാണ് മറ്റ് ചിലർ ആരോപിച്ചത്. എന്തിരുന്നാലും, വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഷിയുടെ കഥ.
