Asianet News MalayalamAsianet News Malayalam

മെറ്റയുടെ ത്രെഡ്സ് മസ്കിന്റെ കൂട്ടിലെ ട്വിറ്ററിനെ കൊല്ലുമോ? മസ്കിനെ കാത്തിരിക്കുന്നത്...

ഹാഷ് ടാഗുകളും ട്രെൻഡിങ്ങും ഒന്നും തൽക്കാലം ഇവിടെയില്ല. ഇതൊന്നും ഇല്ലാഞ്ഞിട്ടും ആളുകൾ ത്രെഡ്സിലേക്ക് ഒഴുകുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. മസ്ക് ട്വിറ്ററിൽ നടത്തിയ പരിഷ്കാരങ്ങൾ.

whats waiting for Elon Musk if twitter breaks down after huge popularity of Threads etj
Author
First Published Jul 7, 2023, 9:39 AM IST | Last Updated Jul 7, 2023, 9:39 AM IST

കാലിഫോര്‍ണിയ: ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിന് പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. വിവാദ തീരുമാനങ്ങളും ഉപയോക്താക്കളെ വെറുപ്പിക്കുന്ന നയങ്ങളുമായി ട്വിറ്റ‌ർ മുന്നോട്ട് പോകുന്നതിനിടെയാണ് മാ‌ർക്ക് സക്ക‌ർബ‌ർ​ഗിന്റെ മെറ്റ പുതിയൊരു ആപ്പുമായി രം​ഗത്തെത്തുന്നത്. അവതരിപ്പിച്ച ഉടൻ തന്നെ ത്രെഡ്സ് വൻ ​ഹിറ്റായി മാറുകയും ചെയ്തു. മെറ്റയുടെ ത്രെഡ്സ് മസ്കിന്റെ കൂട്ടിലെ ട്വിറ്ററിനെ കൊല്ലുമോ? മസ്കിന് മുട്ടുമടക്കേണ്ടി വരുമോ?

ഇങ്ങനെയൊരു എൻട്രി അടുത്തകൊലത്തൊന്നും ഒരു സമൂഹമാധ്യമ ആപ്പിനും കിട്ടിയിട്ടില്ല. വെറും ഏഴ് മണിക്കൂ‌ർ കൊണ്ട് പത്ത് മില്യൺ യൂസ‌ർമാ‌ർ എന്ന വലിയ നേട്ടം. അതും മൊബൈൽ ആപ്പ് വഴി മാത്രം പ്രവ‌ർത്തിക്കുന്ന ഒരു സമൂഹ മാധ്യമത്തിന്. ത്രെഡ്സ്.കോം എന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാൽ.നെറ്റ് എന്ന വിലാസത്തിലാണ് ഇപ്പോൾ മെറ്റയുടെ ആപ്പ് ഉള്ളത്.

ത്രെഡ്സ് ട്വിറ്ററിനെ അതേ പടി കോപ്പിയടിച്ചെന്ന കാര്യത്തിൽ ഒരു സംശയവുമില്ല, ഈ കോപ്പിയടി അത് മറച്ചുവയ്ക്കാനുള്ള ശ്രമവും ത്രെഡ്സിനില്ല. ത്രെഡ്സ് ഇൻസ്റ്റ​ഗ്രാമിന്റെ ഡിസൈൻ തത്വങ്ങളെ ആവാഹിച്ച് ട്വിറ്റ‌ർ രൂപത്തിലാക്കിയെന്ന് പറയുന്നതാണ് എളുപ്പം. ഇൻസ്റ്റഗ്രാം ഐഡി വച്ച് വേണം ലോഗിൻ ചെയ്യാൻ. ആ യൂസ‌ർ നെയിം മാത്രമേ ഇവിടെയും കിട്ടൂ. ഇൻസ്റ്റയിലെ കൂട്ടുകാരെ അത് പോലെ ഇങ്ങോട്ട് കൊണ്ടുവരാം. താൽപര്യമില്ലെങ്കിൽ ഒഴിവാക്കുകയും ആകാം. ട്വിറ്ററിലേത് പോലെ ചുരുക്കം വാക്കുകളിൽ കാര്യം പറയണം. ലൈക്കും റീട്വിറ്റും റിപ്ലൈയും അല്ലാതെ മറ്റ് പരിപാടികളൊന്നും നടക്കില്ല.

ഹാഷ് ടാഗുകളും ട്രെൻഡിങ്ങും ഒന്നും തൽക്കാലം ഇവിടെയില്ല. ഇതൊന്നും ഇല്ലാഞ്ഞിട്ടും ആളുകൾ ത്രെഡ്സിലേക്ക് ഒഴുകുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. മസ്ക് ട്വിറ്ററിൽ നടത്തിയ പരിഷ്കാരങ്ങൾ. ​ഗൂ​ഗിൾ സേവനങ്ങൾക്ക് നൽകുന്ന പണം ലാഭിക്കാൻ വേണ്ടിയാണ് കഴിഞ്ഞയാഴ്ച മസ്ക് ഒരു ദിവസം കാണാവുന്ന ട്വിറ്റുകളുടെ എണ്ണത്തിലടക്കം നിയന്ത്രണം കൊണ്ടുവന്നത്. ഈ ഒറ്റക്കാരണം കൊണ്ട് ട്വിറ്റ‌‌ർ വിടാൻ തീരുമാനിച്ചവ‌ർ ഏറെയാണ്. അങ്ങനെയങ്കിൽ ബ്ലൂ സ്കൈയും മാസ്റ്റഡോണും അടക്കമുള്ള ട്വിറ്റർ എതിരാളികളും ത്രെഡ്സും ഒന്നിച്ച് ചേരുന്ന കാലം വിദൂരമല്ല.

അങ്ങനെ സംഭവിച്ചാൽ അത് സമൂഹമാധ്യമങ്ങളുടെ ചരിത്രത്തിൽ തന്നെ വലിയ വഴിത്തിരിവാകും. വമ്പൻ സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിൽ നിന്ന് സമൂഹമാധ്യമങ്ങളെ സ്വതന്ത്രമാക്കുകയാണ് ഫെഡിവേഴ്സ് പോലുള്ള വികേന്ദ്രീകൃത സംവിധാനങ്ങളുടെ ലക്ഷ്യം. ബ്ലൂസ്കൈയിലൂടെയും മാസ്റ്റഡോണിലൂടെയും വരുന്ന പോസ്റ്റുകൾ ത്രെഡ്സിലും തിരിച്ചും കാണാൻ ആകുമെന്നാണ് പ്രഖ്യാപനം. ഈ പ്രഖ്യാപനം നടപ്പായാൽ ഇടിക്കൂട്ടിൽ സക്ക‌ർബ‍ർ​ഗിനെ നേരിടുമെന്ന് പ്രഖ്യാപിച്ച മസ്കിനെ മത്സരത്തിന് മുമ്പേ സക്ക‌ർബ‌ർ​ഗ് മല‌ർത്തിയടിച്ചെന്ന് പറയേണ്ടി വരും. ത്രെഡ്സിന്റെ തുടക്കം ഒന്നാം റൗണ്ട് മാത്രമാണെന്നാണ് സക്ക‌ർബർ​ഗ് പറയുന്നത്. വലിയ തട്ടുകേടില്ലാതെ പോകുകയായിരുന്ന ഒരു പ്രസ്ഥാനത്തെ വാശിപ്പുറത്ത് വാങ്ങി നശിപ്പിച്ച കിറുക്കൻ എന്ന ചീത്തപ്പേരാണ് ട്വിറ്റ‌ർ തക‌ർന്നാൽ മസ്കിനെ കാത്തിരിക്കുന്നത്.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios