അടുത്തിടെയായി സ്ത്രീകള്‍ തങ്ങള്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നുപറയാന്‍ മുന്നോട്ടുവരുന്നതായാണ് കാണുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെയാണ് ആരോടും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ആ അനുഭവങ്ങള്‍ അവര്‍ പങ്കുവെയ്ക്കുന്നത്. അത്തരത്തിൽ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് 20 വയസ്സുള്ള പെൺകുട്ടി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ. എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്‍റെ കഥയാണ് ഇതെന്ന കുറിപ്പൊടെയാണ് പെണ്‍കുട്ടി തന്‍റെ അനുഭവം വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. 

'എന്‍റെ പേര് മാർവ.  വയസ് 20. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്‍റെ കഥ ഇതാണ്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. ഒരിക്കല്‍ മംഗലൂരുവിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് വരികയായിരുന്നു ഞാൻ. മംഗലൂരുവിലാണ് ഞാന്‍ പഠിക്കുന്നത്. അറുപതു വയസിനു മുകളിൽ പ്രായമുള്ള ഒരാൾ എന്‍റെ അടുത്ത് വന്നിരുന്നു. ശേഷം അയാള്‍ ഉറങ്ങുന്നത് പോലെ അഭിനയിച്ചു. 

Also Read: രണ്ട് വർഷങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായി; വെളിപ്പെടുത്തലുമായി മോഡൽ...

പക്ഷേ അയാള്‍ എന്‍റെ മാറിടത്തിൽ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എന്‍റെ  തോന്നലായിരിക്കുമെന്നാണ് ആദ്യം  വിചാരിച്ചത്. പിന്നീട് ഞാനും ഉറങ്ങാൻ തുടങ്ങി. പിന്നെയും ആരോ സ്പര്‍ശിക്കുന്ന പോലെ തോന്നി. പിന്നീട്  എനിക്ക് മനസ്സിലായി ഇതന്‍റെ വെറും തോന്നലല്ല. അയാൾ എന്‍റെ മാറിടത്തില്‍ സ്പര്‍ശിച്ചു എന്ന്. എന്നാല്‍ അയാൾ പിന്നെയും ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാളാണ് എന്നോടിങ്ങനെ പെരുമാറിയത്. എങ്ങനെ പ്രതികരിക്കണം എന്നും പോലും എനിക്ക് അറിയില്ലായിരുന്നു. 

 

ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ ഞാന്‍ ആ അവസ്ഥയില്‍ നിന്നും മാറി പ്രതികരിച്ചു. അയാൾക്കു നേരെ ദേഷ്യപ്പെടുകയും  അലറിവിളിക്കുകയും ചെയ്തു. പക്ഷേ, താൻ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാൽ ഒച്ചവെച്ചപ്പോള്‍  കംപാർട്ട്മെന്റിലുള്ള മറ്റു യാത്രക്കാർ വന്ന് ഇടപെട്ടു. അയാളെ ട്രെയിനില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.  ഇത് ഒരു അനുഭവം മാത്രമാണ്'- മാര്‍വ പറഞ്ഞു. എന്‍റെ വസ്ത്രത്തെ നിങ്ങളെ വിമര്‍ശിക്കരുത്. താന്‍ ഒരു കുര്‍ത്തയും ഷോളും ധരിച്ചിരുന്നു എന്നും മാര്‍വ പറയുന്നു. ട്രെയിനിലും ബസ്സിലുമാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് പ്രശ്നമെന്നും ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയാറാകണമെന്നും മാർവ പറഞ്ഞു.

ALSO READ: 'സാരിയുടുത്ത് വരണമെന്ന് പറഞ്ഞു; വീട്ടിലെത്തിയപ്പോള്‍ റൂമിലേക്ക് ക്ഷണിച്ചു, ചതി മനസിലായപ്പോള്‍ രക്ഷപ്പെട്ടു'