Asianet News MalayalamAsianet News Malayalam

തളരാതെ പൊരുതുന്ന മകള്‍, പിന്നില്‍ ഉരുക്കുപോലൊരമ്മ, ഈ റീല്‍സിന് പിന്നില്‍ അസാധാരണ ജീവിതകഥ!

പ്രതിസന്ധികള്‍ക്ക് മുന്നില്‍ തോല്‍ക്കാതെ വേദനകളോട് പടവെട്ടിയ മിടുക്കി. മകള്‍ക്ക് പിന്നില്‍ ഉരുക്കുപോലെ നില്‍ക്കുന്ന അമ്മ ആശ. പിതാവ് പ്രദീപും മൂത്ത സഹോദരി ആതിര സി. നായരും ഉള്‍പ്പെടുന്നതാണ് ഗൗരിയുടെ ലോകം.

asha pradeep says life story of the mothers extraordinary life journey with her daughter gouri book enikai nbu
Author
First Published Sep 25, 2023, 9:14 PM IST

ന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിനാളുകള്‍ ഫോളോ ചെയ്യുന്ന ഒരു പ്രൊഫൈലാണ് gouchis world. മിടുക്കിയായ ഒരു മലയാളി പെണ്‍കുട്ടിയാണ് ആ പ്രൊഫൈലിലെ ചിത്രങ്ങളിലും റീല്‍സിലും വീഡിയോകളിലും. പാട്ടുപാടുന്ന, നൃത്തം ചെയ്യുന്ന, ജീവിതത്തിന്റെ ഭിന്നനേരങ്ങളെ ചിരിയോടെ സമീപിക്കുന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ നമുക്ക് ആ ഫീഡില്‍ കാണാനാവും.

ഇതിത്ര പറയാനുണ്ടോ, സര്‍വ്വസാധാരണമല്ലേ ഇതൊക്കെ എന്നായിരിക്കും ഇപ്പോള്‍ നിങ്ങളുടെ സംശയം. എങ്കില്‍, ആ ചിത്രങ്ങളിലും വീഡിയോകളിലും ഒന്നു കൂടി സൂക്ഷിച്ചു നോക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് അവളുടെ ഇരിപ്പ് കാണാം. വീല്‍ ചെയറിലാണ് സദാസമയവും അവള്‍. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു പെണ്‍കുട്ടി വീല്‍ചെയറില്‍ ഇരുന്ന് കൈമുദ്രകളിലൂടെ ആവിഷ്‌കരിക്കുന്ന സ്വപ്‌നാഭമായ അനുഭവമാണ് അവളുടെ നൃത്തം.

ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടും. ആ റീലുകളോ ഫോട്ടോകളോ വീഡിയോകളോ ഒന്നും സെല്‍ഫികളല്ല. ആ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെടുന്ന മൊബൈല്‍ ക്യാമറ കൈയിലേന്തി ഒരു സ്ത്രീ അവളുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. അതാ പെണ്‍കുട്ടിയുടെ അമ്മയാണ്. ആ അമ്മയും മകളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജീവിക്കുന്ന അസാധാരണമായ ജീവിതത്തിന്റെ ആകെത്തുകയാണ്, ആദ്യം പറഞ്ഞ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നാം അമ്പരപ്പോടെ കാണുന്ന ദൃശ്യങ്ങള്‍.  

മകള്‍ക്കായി ജീവിച്ച ഒരമ്മ

ആ പെണ്‍കുട്ടിയുടെ പേര് ഗൗരി. കോട്ടയത്തെ ഏറ്റുമാനൂരപ്പന്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അവളിപ്പോള്‍. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തോല്‍ക്കാതെ വേദനകളോട് പടവെട്ടിയ ആ മകള്‍ക്ക് പിന്നില്‍ ഉരുക്കുപോലെ നില്‍ക്കുന്ന അമ്മയുടെ പേര് ആശ. പിതാവ് പ്രദീപും മൂത്ത സഹോദരി ആതിര സി. നായരും ഉള്‍പ്പെടുന്നതാണ് ഗൗരിയുടെ ലോകം.

ആ അമ്മയുടെയും മകളുടെയും ജീവിതമാണ് കോട്ടയത്ത് ഈയടുത്ത് പ്രകാശനം ചെയ്യപ്പെട്ട 'എനിക്കായ്' എന്ന പുസ്തകം. ഭിന്നശേഷിക്കാരിയായ മകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഒരമ്മ താണ്ടിയ കനല്‍ വഴികളുടെ നേര്‍ക്കാഴ്ചയാണത്. ന്യൂറല്‍ ട്യൂബുകളെ ബാധിക്കുന്ന 'സ്പൈന ബൈഫിഡ' എന്ന രോഗാവസ്ഥയുള്ള മകള്‍ ഗൗരിക്കൊപ്പം കടന്നുവന്ന തീപ്പാതകളാണ് ആശ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയത്.

ഏറ്റുമാനൂരപ്പന്‍ കോളേജിലെ ബി.കോം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ ഗൗരി. ജനിച്ചത് മുതല്‍ ഇതുവരെയുള്ള മകളുടെ ജീവിത കഥയാണ് ആശാ പ്രദീപ് പുസ്തകത്തിലൂടെ പറയുന്നത്.  പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കാതിരിക്കാന്‍ കുറിച്ച് വെച്ച വരികളാണ് യാദൃശ്ചികമായി പുസ്തകരൂപത്തില്‍ ഇറങ്ങിയതെന്ന് ആശ പറയുന്നു.

asha pradeep says life story of the mothers extraordinary life journey with her daughter gouri book enikai nbu

പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളര്‍ന്നുപോവാതെ മുന്നോട്ടു നടക്കാന്‍ ലോകത്തിന് പ്രചോദനമാവുന്നതാണ് ഈ അനുഭവാഖ്യാനം. കടന്നു പോയ 20 വര്‍ഷത്തെ ആ കനല്‍ വഴികളെ കുറിച്ചും സവിശേഷമായ ആ പുസ്തകത്തെക്കുറിച്ചും മകളെക്കുറിച്ചും ആ അമ്മയ്ക്ക് ഏറെ പറയാനുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുമ്പോള്‍, രണ്ട് പതിറ്റാണ്ടുകള്‍ തങ്ങള്‍ കടന്നുപോയ ജീവിതത്തിന്റെ തീച്ചൂട് അവര്‍ പങ്കുവെച്ചു.

ആറാം മാസത്തില്‍ ആദ്യ ശസ്ത്രക്രിയ

ജനന സമയത്തു തന്നെ ഗൗരിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന സത്യം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് ആശ ഓര്‍ക്കുന്നു.

'ഗൗരി ജനിച്ചപ്പോള്‍, അവള്‍ക്ക് നടക്കാന്‍ കഴിയില്ലെന്നോ അരയ്ക്ക് താഴെ സ്പര്‍ശന ശേഷിയില്ലെന്നോ അറിയില്ലായിരുന്നു. പക്ഷേ കുഞ്ഞിന്റെ നട്ടെല്ലിന്റെ അവസാനഭാഗത്ത് ചെറിയൊരു മുഴയുണ്ടായിരുന്നു. വളരുമ്പോള്‍ അത് മാറുമെന്നുമായിരുന്നു അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീടാണ് ഇതൊരു രോഗാവസ്ഥയാണെന്നും ശസ്ത്രക്രിയ വേണമെന്നും തിരിച്ചറിയുന്നത്.''-ആശ പറയുന്നു.

ആറാം മാസത്തില്‍ ആ കുഞ്ഞുടലില്‍ ആദ്യ ശസ്ത്രക്രിയാ ശ്രമം നടന്നു. മുഴ നീക്കം ചെയ്യാന്‍ നടത്തിയ ആ ശ്രമം പക്ഷേ പരാജയപ്പെട്ടു. മുഴയ്ക്കുള്ളില്‍ ഞരമ്പുകള്‍ കുടുങ്ങി കിടന്നിരുന്നതിനാല്‍ അത് നീക്കം ചെയ്യുന്നതില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറുകയായിരുന്നു. പിന്നീട് പത്തോളം ശസ്ത്രക്രിയകള്‍. വേദനയിലും തളരാതെ അവളുടെ പോരാട്ടം മുന്നോട്ടു പോവുന്നു.

വീല്‍ചെയറിലെ സ്വപ്നങ്ങള്‍

ആറാം വയസിലാണ് ഇനിയൊരു ചികിത്സയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞത്. മകള്‍ വളരുന്നതിനൊപ്പം ശരീരത്തിന്റെ വേദനയും കൂടി വന്നു. പത്താം ക്ലാസിന്റെ തുടക്കത്തില്‍ പൂര്‍ണമായി അവള്‍ കിടപ്പിലായി.

ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞ ഘട്ടത്തിലാണ് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് അവസാന പരീക്ഷണം എന്ന രീതിയില്‍ എത്തുന്നത്. 48 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന വലിയൊരു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ വിജയിച്ചെങ്കിലും ഒരു മാസത്തിനിടെ അണുബാധയുണ്ടായി. വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. പത്തോളം തവണ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു, ആ മുറിവുകള്‍ ഉണക്കാന്‍. അതോടെ, നടക്കാനാവില്ലെങ്കിലും വീല്‍ചെയറില്‍ സഞ്ചരിക്കാമെന്നായി.

പക്ഷേ, കുഞ്ഞു ഗൗരി  അപ്പോഴേക്കും മാനസികമായി തളര്‍ന്നിരുന്നു. ഈ ഘട്ടത്തിലും ആശയും ഭര്‍ത്താവ് പ്രദീപും തളര്‍ന്നില്ല. മകളെ അവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നിറുത്തി. കൗണ്‍സിലിംഗ് അടക്കം നല്‍കി അവളെ വീണ്ടും കരുത്തുള്ളവളാക്കി. ഇതിനിടെ ആശയ്ക്ക് ഹൃദയത്തിന് അസുഖം ബാധിച്ചു. അവരും ഗുരുതരാവസ്ഥയിലായി. അപ്പോഴും മകളെക്കുറിച്ചായിരുന്നു തന്റെ ചിന്ത മുഴുവനുമെന്ന് ആശ പുസ്തകത്തില്‍ എഴുതുന്നു.

asha pradeep says life story of the mothers extraordinary life journey with her daughter gouri book enikai nbu

ഗൗരിയുടെ ഇന്‍സ്റ്റഗ്രാം ജീവിതം

പത്താം ക്ലാസുവരെ മകള്‍ക്കൊപ്പം ക്ലാസിലിരിക്കുമായിരുന്നു ഈ അമ്മ. ശസ്ത്രക്രിയ കാരണം പത്താം ക്ലാസില്‍ സ്‌കൂളില്‍ പോകാന്‍ ഗൗരിക്ക് കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയയുടെ വേദനകള്‍ കാരണം മനസ് തളര്‍ന്നെങ്കിലും അവളുടെ അധ്യാപിക കരുത്തായി. അന്ന് പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ വീട്ടിലെത്തിയാണ് ഗൗരിയെ പഠിപ്പിച്ചത്.

പരീക്ഷകളെല്ലാം ഗൗരി സഹായികളില്ലാതെ ഒറ്റയ്ക്കാണ് എഴുതിയിരുന്നത്. അമ്മയുടെയും അധ്യാപകരുടെയും കൈത്താങ്ങില്‍ അവള്‍ പരീക്ഷ എഴുതി 87% മാര്‍ക്ക് നേടി മികച്ച വിജയം നേടി. പ്ലസ് വണ്‍ ക്ലാസില്‍ ഒറ്റക്കിരിക്കാന്‍ അവള്‍ക്ക് ആത്മവിശ്വാസമായി. 98.25 ശതമാനം മാര്‍ക്കോടെയാണ് ഈ മിടുക്കി പ്ലസ് ടു ജയിച്ചത്.

asha pradeep says life story of the mothers extraordinary life journey with her daughter gouri book enikai nbu

ഏറ്റുമാനൂരപ്പന്‍ കോളേജിലെ ബി.കോം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ഗൗരി. കോളേജ് അധ്യാപികയാകണമെന്നാണ് ഗൗരിയുടെ ആഗ്രഹം. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും മിടുക്കിയാണ് അവള്‍. മകളുടെ കഴിവുകള്‍ കണ്ടെത്താന്‍ ചെറുപ്പം മുതല്‍ അമ്മ ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടയിലും മകളെ ഓടക്കുഴലും, ശാസ്ത്രീയ സംഗീതവും പഠിച്ചു.

അങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ അവള്‍ സജീവമാവുന്നത്. gouchisworld എന്ന അക്കൗണ്ടിലെ റീല്‍സുകളിലൂടെയാണ് അവള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. നൃത്തം ചെയ്യാന്‍ ഏറെയിഷ്ടപ്പെടുന്ന ഗൗരി തനിയെ മുദ്രകള്‍ പഠിച്ച് ഡാന്‍സ് വീഡിയോകളും പങ്കുവെക്കാറുണ്ട്. മകളുടെ റീല്‍സ് വീഡിയോകളുടെ ക്യാമറ നിര്‍വഹിച്ചതും അമ്മ തന്നെ. ഇതിനിടെ ഒരു ഷോര്‍ട്ട് ഫിലിമിലും ഗൗരിയും കുടുംബവും അഭിനയിച്ചു. തീര്‍ന്നില്ല, മോഡലിംഗ് ലോകത്തും ഗൗരി ശോഭ തെളിയിച്ചു. ചെറിയ രീതിയില്‍ അവള്‍ ഫാഷന്‍ ഷോയും ചെയ്തു.

എഴുത്തുകാരിയിലേക്കുള്ള വളര്‍ച്ച

മനസിന്റെ ഭാരം കുറക്കാനായി എഴുതിയതാണ് പുസ്തകത്തിലെ ഓരോ കുറിപ്പുമെന്ന് ആശ പറയുന്നു.  മകള്‍ക്ക് തന്നെയാണ് ആദ്യമായി വായിക്കാന്‍ നല്‍കിയതും. അത് വായിച്ച് 'എന്റെ ജീവിതമാണ് ഈ പുസ്തകം നിറയെ' എന്നായിരുന്നു നിറഞ്ഞ കണ്ണുകളോടെയുള്ള ഗൗരിയുടെ മറുപടി. വീട്ടിലുള്ളവരല്ലാതെ ആരും ഈ കുറിപ്പുകള്‍ വായിച്ചിരുന്നില്ല.

യാദൃശ്ചികമായിട്ടാണ് ഗൗരിയുടെ അധ്യാപിക ഇത് വായിച്ചത്. അവരാണ് ഇത് പുസ്തക രൂപത്തില്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ടതും അതിനുള്ള കാര്യങ്ങള്‍ ചെയ്തതും. തങ്ങളുടെ ജീവിതം ഇന്ന് കുറെ പേര്‍ക്ക് പ്രചോദനമാകുന്നുണ്ടെന്ന് അറിഞ്ഞ നിറവിലാണ് ഇവരിരുവരും. മകളുടെ ജീവിതം പകര്‍ത്താന്‍ പേനയെടുത്ത ആശ ഇന്ന് ഒരു എഴുത്തുകാരിയായി എന്ന നിലയില്‍ കൂടി ശ്രദ്ധേയയാണ്. 'അഞ്ചോളം നോവലുകളും പത്ത് ചെറുകഥകളും ആശ രചിച്ചിട്ടുണ്ട്.

asha pradeep says life story of the mothers extraordinary life journey with her daughter gouri book enikai nbu

Follow Us:
Download App:
  • android
  • ios