തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിൽ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പെൺമക്കളെകൂടി ഉൾപ്പെടുത്തണം.
മകളെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിലും കോളേജിലും മാത്രമേ പഠിപ്പിക്കൂ എന്ന നിർബന്ധം ചില മാതാപിതാക്കൾ ഉണ്ട്. പെണ്മക്കൾ ഉള്ള അച്ഛനമ്മമാരുടെ മനസ്സിൽ പേടിയാണ് എന്നൊക്കെ സിനിമകളിൽ ഒക്കെ ഒരുപാട് പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടല്ലോ. പെണ്മക്കളെ ആൺമക്കളെ അപേക്ഷിച്ചു വളരെ സ്ട്രിക്റ്റായി വളർത്തുന്ന രീതി പല കുടുംബങ്ങളിലും കാണാം.
ആണ്മക്കൾക്ക് ഒരു നിയമം, പെൺമക്കൾക്ക് മറ്റൊന്ന് എന്ന രീതി മാതാപിതാക്കൾ തുടരുന്നത് ഈ കാലത്തിന് അത്ര യോജിച്ചതല്ല. പെണ്മക്കളെ ഒറ്റയ്ക്കു പുറത്തുപോകാൻ സമ്മതിക്കില്ല, എന്തു പഠിക്കണം, എവിടെ ജോലി ചെയ്യണം, ജീവിതത്തിൽ പ്രധാന തീരുമാനങ്ങൾ എല്ലാം മാതാപിതാക്കൾ അവർക്കുവേണ്ടി എടുക്കുന്ന അവസ്ഥയൊക്കെ ആത്മവിശ്വാസം ഇല്ലാത്തവരായി അവർ മാറാൻ കാരണമാകും.
ഇങ്ങനെ സ്വന്തമായി തീരുമാനം എടുക്കാനോ, അവർക്കിഷ്ടമില്ലാത്ത രീതിയിൽ അവരോട് ആരെങ്കിലും പെരുമാറിയാൽ എതിർക്കാനോ കഴിവില്ലാതെ പെൺകുട്ടികളെ വളർത്തുന്ന രീതി വളരെ അപകടകരമാണ്. പെൺകുട്ടി വിവാഹശേഷം ഗാർഹിക പീഡനം പോലെയുള്ള അതിക്രമങ്ങൾ നേരിടേണ്ടി വന്നാലും ആരോടും പറയാനാവാതെ സഹിക്കേണ്ട അവസ്ഥിയിലെത്തും.
നിനക്ക് ഒരു ആൺതുണ ഇല്ലാതെ ഈ ലോകത്തു ജീവിക്കാൻ കഴിയില്ല എന്നു കേട്ടു വളർന്ന അവർ, ഭർത്താവ് എത്ര ഉപദ്രവമേല്പിച്ചാലും സാരമില്ല വിവാഹത്തിൽ തന്നെ തുടരാം എന്നു കരുതും. ഭർത്താവ് എത്ര ക്രൂരമായി പെരുമറിയാലും അത് സഹിക്കുക എന്നതാണ് തന്നെ ഒരു നല്ല ഭാര്യയാക്കി മാറ്റുന്നത് എന്ന തെറ്റായ വിശ്വാസം അവരിൽ രൂപപ്പെടും. ദുരനുഭവങ്ങൾ തുറന്നു പറയാൻ അവർ മടിക്കും. ആത്മവിശ്വാസം കുറഞ്ഞ സ്ത്രീകളെ പറഞ്ഞു പറ്റിക്കാനും, സ്വന്തം വീട്ടുകാരിൽ നിന്നും അകറ്റാനും ക്രൂര സ്വഭാവമുള്ള ഭർത്താക്കന്മാർ ശ്രമിക്കും.
പെൺമക്കളെ ആത്മവിശ്വാസവും ധൈര്യവും ഉള്ളവരായി വളർത്താൻ മാതാപിതാക്കൾ ചെയ്യേണ്ടത്
- സ്ത്രീകളെ ബഹുമാനിക്കുന്ന സാഹചര്യം വീട്ടിൽ ഉണ്ടാക്കിയെടുക്കണം. അവരുടെ അമ്മമാർക്ക് ഒരു പ്രാധാന്യവും കിട്ടാത്ത കുടുംബസാഹചര്യത്തിൽ വളരുന്നത് ചെറുപ്പം മുതലേ താനും വലുതാകുമ്പോൾ ഒരു നല്ല ജീവിതം കിട്ടുമോ എന്ന സംശയവും ഭയവും പെൺകുട്ടികളുടെ മനസ്സിൽ ഉണ്ടാക്കും. പുരുഷന്മാരെപോലെ തന്നെ സ്ത്രീകളും ബഹുമാനം അർഹിക്കുന്നവരാണ് എന്ന് പെൺകുട്ടികൾ ചെറിയ പ്രായം മുതലേ മനസ്സിലാക്കാൻ ഇത് സഹായകരമാകും.
2. മോശം അനുഭവങ്ങൾ ഉണ്ടായാൽ അത് പെണ്ണിന്റെ ഭാഗത്തുള്ള കുഴപ്പമാണ്, അവരുടെ വസ്ത്ര ധാരണത്തിന്റെ കുഴപ്പമാണ് എന്നൊക്കെ കുറ്റപ്പെടുത്തുന്ന രീതി പാടില്ല. മോശം സ്വഭാവമുള്ള ഒരു വ്യക്തി അവരോടു ചെയ്ത തെറ്റിന് പെൺകുട്ടികൾക്കു കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ല എന്നവരെ പഠിപ്പിക്കണം. അത് മിണ്ടാതെ സഹിക്കേണ്ട കാര്യമില്ല എന്ന് അവർ മനസ്സിലാക്കണം.
3. തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ പ്രോത്സാഹിപ്പിക്കണം. വീട്ടിൽ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പെൺമക്കളെകൂടി ഉൾപ്പെടുത്തണം. ഏതു വേഷം ധരിക്കണം, ഏതു ജോലി ചെയ്യണം, എങ്ങനെ പണം കൈകാര്യം ചെയ്യണം, ആരെ വിവാഹം കഴിക്കണം എന്നതിലെല്ലാം സ്വയം തീരുമാനം എടുക്കാൻ അനുവദിക്കണം. പക്ഷേ ഇതിൽ പലതും അവരെ അനുവദിക്കാൻ തക്ക നിലയിൽ നമ്മുടെ സമൂഹം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു.
4. പെൺകുട്ടികൾ ഒരുപാട് ഒച്ചയിൽ ചിരിക്കരുത്, സംസാരിക്കരുത്, നീ ഒരു പെണ്ണാണെന്ന് മറക്കരുത് എന്നിങ്ങനെയുള്ള നിബന്ധനകൾ അവരുടെ ആത്മവിശ്വാസം തകർക്കും. പെണ്ണ്-ആണ് എന്നതിനപ്പുറം ഒരു വ്യക്തിയായി അവരെ കണ്ടുകൊണ്ട് അവരുടെ കഴിവുകളെ വളർത്താനും ജീവിതത്തിൽ പുരോഗതി ഉണ്ടാക്കാനും അവരെ പ്രോത്സാഹിപ്പിക്കണം.
5. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാൻ അവരെ പ്രാപ്തരാക്കണം. വളരെ ധൈര്യമായി എനിക്ക് താല്പര്യം ഇല്ല എന്ന് പറയുന്നതെങ്ങനെ എന്നവരെ പഠിപ്പിക്കണം.
6. സ്ത്രീയെന്നാൽ സൗന്ദര്യം എപ്പോഴും കാത്തുസൂക്ഷിക്കുന്നവർ, മറ്റൊരു വീട്ടിൽ ചെന്നുകേറുമ്പോൾ അഡ്ജസ്റ്റ് ചെയ്യേണ്ടവർ എന്നെല്ലാം കേട്ടു മാത്രം വളരാതെ സ്വന്തമായി ഒരു ജോലിയും, സ്വയംപര്യാപ്തതയും ഉള്ളവരാകണം സ്ത്രീകൾ എന്ന് പറഞ്ഞു കൊടുക്കുക.
7. പെൺകുട്ടിയായാലും ആൺകുട്ടിയായാലും ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പഠിപ്പിക്കണം. പ്രത്യേകിച്ചും വിവാഹം എന്നാൽ രണ്ടുപേരും പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും കഴിയേണ്ട ഒന്നാണ്, അവിടെ ഒരാൾ മാത്രം എപ്പോഴും സങ്കടങ്ങൾ സഹിക്കേണ്ട കാര്യമില്ല എന്ന് പഠിപ്പിക്കണം.

