ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗായകന്‍ ദില്‍ജിത്ത് ദൊസാഞ്ജ് രവി ബാലയുടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചുതുടങ്ങിയത്

പ്രായമേറുന്നതിന് അനുസരിച്ച് സാമൂഹിക-സാസ്‌കാരിക-കലാജീവിതത്തില്‍ നിന്നെല്ലാം ആളുകള്‍ മാറിനില്‍ക്കുന്ന സാഹചര്യമാണ് പൊതുവില്‍ നമ്മള്‍ കാണാറുള്ളത്. പ്രായമായവരോടുള്ള സമൂഹത്തിന്റെ സമീപനവും പലപ്പോഴും അത്തരത്തിലുള്ളതാണ്. അവര്‍ക്ക് വിശ്രമജീവിതമാണ് വേണ്ടത്, എന്ന് നിശ്ചചയിച്ചുറപ്പിച്ച് അവരെ നിര്‍ബന്ധപൂര്‍വ്വം റിട്ടയേഡ് ജീവിതത്തിലേക്ക് തള്ളിവിടുന്ന മക്കളും മരുമക്കളും പോലും നമുക്കിടയിലുണ്ട്. 

എന്നാല്‍ പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കാനും മാത്രം കഴിവും ആര്‍ജ്ജവവും ഉള്ളവരും ഇവിടെയുണ്ട്. അക്കൂട്ടത്തിലൊരാളാണ് മുംബൈ സ്വദേശിനിയായ രവി ബാല ശര്‍മ്മ. അധികമാരും ഈ പേര് കേള്‍ക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇവരുടെ നൃത്തവീഡിയോകള്‍ നിങ്ങളില്‍ പലരും കണ്ടുകാണും. 

View post on Instagram

ശാസ്ത്രീയമായി നൃത്തമഭ്യസിച്ചിട്ടുള്ള രവി ബാല, തന്റെ അറുപത്തിരണ്ടാം വയസില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മനോഹരമായ നൃത്ത വീഡിയോകളാണ് ഇവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗായകന്‍ ദില്‍ജിത്ത് ദൊസാഞ്ജ് രവി ബാലയുടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചുതുടങ്ങിയത്. 

View post on Instagram


ബോളിവുഡ് നടിമാരെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ അമ്മൂമ്മയുടെ 'ഗ്രേസ്'. താന്‍, തനിക്കിഷ്ടമുള്ള കാര്യമാണ് ചെയ്യുന്നത്. അതിന് പ്രായം ഒരു തടസമായി തോന്നുന്നതേയില്ല, നിങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ മുഴുകണം എന്നാണ് രവി ബാലയ്ക്ക് ആകെ പറയാനുള്ളത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ആകട്ടെ, ഇവരുടെ ഊര്‍ജ്ജസ്വലമായ നൃത്തവും വാക്കുകളുമെല്ലാം ഏറെ പ്രചോദനം പകരുന്നതാണ്. തീര്‍ച്ചയായും നമുക്ക് ജീവിതത്തോടുള്ള സമീപനം തന്നെ മാറ്റാന്‍ സഹായകമാണ് രവി ബാലയുടെ മാതൃക.

Also Read:- 93-ാം പിറന്നാളിൽ തകർപ്പൻ ചുവടുമായൊരു മുത്തശ്ശി; വീഡിയോ വൈറല്‍...