Asianet News MalayalamAsianet News Malayalam

ഇതാണാ അമ്മ; കുഞ്ഞിനെ കടുവയില്‍ നിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ ധീര

യലിലൂടെ കുഞ്ഞുമായി നടക്കുകയായിരുന്നു അര്‍ച്ചന. അവിടെ പതുങ്ങിയിരുന്നിരുന്ന കടുവ പെടുന്നനെ ഇവര്‍ക്ക് നേരെ ചാടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കടിച്ചെടുത്ത് പോകാനായിരുന്നു അതിന്‍റെ ശ്രമം. എന്നാല്‍ അര്‍ച്ചന മറ്റൊന്നും ചിന്തിക്കാതെ കടുവയ്ക്ക് നേരെ ഓടിച്ചെല്ലുകയായിരുന്നു. 

mother who fights off tiger to save her child gets huge appreciation from all over the country
Author
First Published Sep 7, 2022, 4:59 PM IST

സ്വന്തം കുഞ്ഞുങ്ങള്‍ എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ ഒരമ്മയും അത് നോക്കിനില്‍ക്കില്ല. തന്നാല്‍ക്കഴിയും വിധം കുഞ്ഞിനെ രക്ഷപ്പെടുത്താനേ അമ്മമാര്‍ ശ്രമിക്കൂ. എങ്കിലും അവരും നിസഹായരായിപ്പോകുന്ന സാഹചര്യങ്ങളുണ്ടല്ലോ. സാമാന്യം മനുഷ്യര്‍ക്ക് കഴിയാത്ത വിധത്തിലുള്ള കാര്യങ്ങള്‍ അവരും എങ്ങനെയാണ് ചെയ്യുക!

എന്നാല്‍ ഈ നിയമങ്ങളെയെല്ലാം പൊളിച്ചെഴുതിക്കൊണ്ട് ഒരു അസാധാരണ മനുഷ്യസ്ത്രീയെ പോലെ തന്‍റെ കുഞ്ഞിന് വേണ്ടി ജീവൻ പണയപ്പെടുത്തി പൊരുതിയ ഒരമ്മെയ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. 

മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡ് വനമേഖലയില്‍ വച്ച് കടുവയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായ ഒരു വയസുകാരനായ തന്‍റെ മകനെ രക്ഷപ്പെടുത്താൻ വെറും കയ്യോടെ ഓടിച്ചെന്ന ഈ അമ്മയെ ഇന്ന് ഇവരുടെ നാട് ദൈവമായാണ് കണക്കാക്കുന്നത്. ഇരുപത്തിയഞ്ചുകാരിയായ അര്‍ച്ചന ചൗധരിക്ക് എങ്ങനെയാണ് ഇത്രയും ധൈര്യമുണ്ടായതെന്നാണ് ഏവരും ചോദിക്കുന്നത്. ഒരുപക്ഷെ കുഞ്ഞിനെ നഷ്ടപ്പെടുമ്പോള്‍ ഒരമ്മ അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാക്ക വേദന തന്നെയാകാം ഈ ധൈര്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

കടുവയുടെ വായില്‍ നിന്നാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ അമ്മ തന്‍റെ കുഞ്ഞിനെ രക്ഷിച്ചത്. പ്രാണൻ കളഞ്ഞാലും കുഞ്ഞിന്‍റെ ജീവൻ കൊടുക്കില്ലെന്ന വാശിക്ക് മുമ്പില്‍ കടുവ തോറ്റോടുകയായിരുന്നു. 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വയലിലൂടെ കുഞ്ഞുമായി നടക്കുകയായിരുന്നു അര്‍ച്ചന. അവിടെ പതുങ്ങിയിരുന്നിരുന്ന കടുവ പെടുന്നനെ ഇവര്‍ക്ക് നേരെ ചാടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കടിച്ചെടുത്ത് പോകാനായിരുന്നു അതിന്‍റെ ശ്രമം. എന്നാല്‍ അര്‍ച്ചന മറ്റൊന്നും ചിന്തിക്കാതെ കടുവയ്ക്ക് നേരെ ഓടിച്ചെല്ലുകയായിരുന്നു. 

ഈ പിടിവലിക്കിടെ അര്‍ച്ചനയ്ക്കും കാര്യമായി പരുക്കേറ്റു. എങ്കിലും ഇവര്‍ പിടിവിട്ടില്ല. ഇതിനിടെ ഇവര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി സമീപവാസികളെ സ്ഥലത്തെത്തിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. നാട്ടുകാര്‍ കൂടിയെത്തിയതോടെയാണ് കുഞ്ഞിനെ വിട്ട് തിരിഞ്ഞ് കടുവ ഓടിയത്. അടുത്തുള്ള വനമേഖലയിലേക്ക് തന്നെയാണ് ഇത് കടന്നുകളഞ്ഞത്. 

ഇരുവരെയും നാട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ ആരോഗ്യനിലയെക്കുറിച്ചാണ് ഏവരും അന്വേഷിക്കുന്നത്. അപകടനില തരണം ചെയ്തെങ്കിലും ഇവര്‍ ആശുപത്രിയില്‍ തന്നെയാണ്. അര്‍ച്ചനയുടെ ദേഹമാസകലം പരുക്കുണ്ട്. ശ്വാസകോശത്തിനും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞിനെ തലയ്ക്കാണ് പരുക്ക്. കാരണം തലയില്‍ കടിച്ച് കുഞ്ഞിനെയെടുക്കാനാണ് കടുവ ശ്രമിച്ചിരുന്നത്. 

എങ്കിലും ഇരുവരും തിരികെ ജീവിതത്തിലേക്ക് വന്നുവെന്നത് ഏവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. ചികിത്സ ഏറെ നാള്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കും. കുഞ്ഞിന് വേണ്ടി ഇത്രയധികം പോരാടിയ അര്‍ച്ചനയ്ക്ക് രാജ്യം മുഴുവൻ അഭിനന്ദനം അറിയിക്കുകയാണ്. 

വനമേഖലയില്‍ ജീവിക്കുന്നവര്‍ എല്ലായ്പോഴും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയില്‍ തന്നെയാണ് കഴിയുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള മേഖലകളുണ്ട്. എങ്ങനെയാണ് ഈ ആശങ്ക തങ്ങളെ വിട്ട് അകലുകയെന്ന് ഇവര്‍ക്ക് അറിയില്ല. പലപ്പോഴും അധികൃതരുടെ അശ്രദ്ധയും ഇവര്‍ക്ക് ആശ്വാസമെത്തുന്നത് തടയുന്നു. 

ലോകത്ത് ആകമാനമുള്ള കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014നും 2019നും ഇടയില്‍ മാത്രം 225 പേര്‍ രാജ്യത്ത് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാര്‍ കണക്ക്. ഇതിന് പുറമെ എത്ര ജീവനുകള്‍ ഇങ്ങനെ ദാരുണമായി പൊലിഞ്ഞുവെന്നത് ആര്‍ക്കുമറിയില്ല. 

Also Read:- കനത്ത മഴയ്ക്കിടെ വീടുകളുള്ള കോളനിയില്‍ മുതല; വീഡിയോ

Follow Us:
Download App:
  • android
  • ios