“ഒരു മോഡലെന്ന നിലയിൽ കഴിഞ്ഞ 21 വർഷത്തിനിടയിൽ, സൗന്ദര്യത്തെ പലപ്പോഴും ഇടുങ്ങിയ രീതിയിൽ നിർവചിച്ചിരുന്ന ഒരു വ്യവസായത്തിന്റെ ഭാഗമായിരുന്നു ഞാൻ. വെളുത്തത്, മെലിഞ്ഞത്, ചെറുപ്പം എന്നിങ്ങനെയുള്ള സൗന്ദര്യത്തിന്റെ ഈ നാടകത്തില്‍ ഞാനും ഭാഗമായിരുന്നു”….

ഒരു വര്‍ഷം മുന്‍പ് അര്‍ബുദമെന്ന മഹാമാരി ജീവന്‍ കാര്‍ന്നെടുക്കാന്‍ എത്തിയപ്പോള്‍ പോരാടി ജീവിതം തിരിച്ചുപിടിച്ചവളാണ് ബിയാങ്ക ബാള്‍ട്ടി എന്ന യു എസ് മോഡല്‍. ഒരു കാലത്ത് ലോകം ആരാധിച്ച 'വിക്ടോറിയാസ് സീക്രട്ട് ഫാഷന്‍ഷോയുടെ 'മാലാഖ'. യുഎസ് അടിവസ്ത്ര കമ്പനിയായ 'വിക്ടോറിയാസ് സീക്രട്ട്' നടത്തുന്ന പ്രശസ്തമായ ഫാഷന്‍ഷോയില്‍ കിരീടം നേടി 'മാലാഖ' പുരസ്‌കാരം നേടിയ അവര്‍ ഇപ്പോള്‍ കാന്‍സര്‍ അതിജീവിതയാണ്.

അണ്ഡാശയ അര്‍ബുദത്തിന്റെ മൂന്നാം ഘട്ടം താണ്ടിയ അവര്‍ അതിജീവനത്തിന്റെ പാതയില്‍ നിന്ന് ഈയിടെ 'വിക്ടോറിയാസ് സീക്രട്ട് കമ്പനിയോട് ഒരഭ്യര്‍ത്ഥന നടത്തി. തന്റെ പഴയ തട്ടകമായ വിക്ടോറിയാസ് സീക്രട്ട് ഫാഷന്‍ ഷോയില്‍ ഒരു തവണകൂടി പങ്കെടുക്കാന്‍ അനുവദിക്കണം എന്നായിരുന്നു ബിയാങ്കയുടെ അഭ്യര്‍ത്ഥന. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാകാന്‍ തന്റെ പഴയ തട്ടകമായ വിക്ടോറിയാസ് സീക്രട്ട് ഫാഷന്‍ ഷോയില്‍ ഒരു തവണകൂടി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളതായാണ് ബിയാങ്ക 'വിക്ടോറിയാസ് സീക്രട്ട്' കമ്പനിക്കയച്ച കത്തില്‍ വ്യക്തമാക്കിയത്.

എന്നാല്‍, 'വിക്ടോറിയാസ് സീക്രട്ട്' കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ബിയാങ്കയ്ക്ക് അനുകൂലമായിരുന്നില്ല. എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന അവകാശവാദം ഉയര്‍ത്തുന്ന ബ്രാന്‍ഡ് ബിയാങ്കയുടെ ആവശ്യം തള്ളിക്കളഞ്ഞു. ഷോയ്ക്കുള്ള മോഡലുകളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാണിച്ചാണ് ബ്രാന്‍ഡ് മറുപടി നല്‍കിയത്.

ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ബിയാങ്ക. 'ഒരു മോഡലെന്ന നിലയില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍, സൗന്ദര്യത്തെ പലപ്പോഴും ഇടുങ്ങിയ രീതിയില്‍ നിര്‍വചിച്ചിരുന്ന ഒരു വ്യവസായത്തിന്റെ ഭാഗമായിരുന്നു ഞാന്‍. വെളുത്തത്, മെലിഞ്ഞത്, ചെറുപ്പം എന്നിങ്ങനെയുള്ള സൗന്ദര്യത്തിന്റെ ഈ നാടകത്തില്‍ ഞാനും ഭാഗമായിരുന്നു. എന്നാല്‍ അര്‍ബുദം ബാധിച്ചപ്പോഴാണ് എന്റെ ശക്തി ഞാന്‍ മനസ്സിലാക്കിയത്'-ബിയാങ്ക പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന BRCA1 ജീന്‍ തനിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രൊഫിലാക്റ്റിക് മാസ്റ്റെക്ടമിക്ക് വിധേയയായതിനെക്കുറിച്ചും ബിയാങ്ക പറഞ്ഞു. തന്റെ മുറിവുകള്‍ അഭിമാനത്തോടെ കാണുന്നുവെന്നും, പുതുതായി വളരുന്ന മുടി കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അര്‍ബുദം അടക്കമുള്ള രോഗങ്ങളോട് പൊരുതുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ വേണ്ടിയാണ് താന്‍ റണ്‍വേയില്‍ വരാന്‍ ആഗ്രഹിച്ചതെന്ന് ബിയാങ്ക പറഞ്ഞു. 'ഞാനത്ര ചെറുപ്പക്കാരിയോ ആരോഗ്യവതിയോ അല്ല. പക്ഷെ, ശക്തയും, ധൈര്യശാലിയും, ജീവനോടിരിക്കുന്നവളുമാണ്, ഇപ്പോഴും അതിമനോഹരിയാണ്. ഈ ഷോയില്‍ ഞാന്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് വ്യക്തിപരമായ സ്വപ്നം പൂര്‍ത്തീകരിക്കുന്നതിന് മാത്രമല്ല, മറിച്ച് ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് അതൊരു പ്രചോദനമാകാനാണ്.'

കമ്പനി തന്നെ നിരസിച്ചതില്‍ ഖേദമില്ലെന്ന് ബിയാങ്ക വ്യക്തമാക്കി. മോഡലിങ്ങ് രംഗത്തെക്കുള്ള തന്റെ തിരിച്ചുവരവിന് മാത്രമല്ല ഈ കാര്യങ്ങള്‍ ചെയ്തത്, അതിജീവനത്തിന് ശേഷം വീണ്ടും ജീവിക്കാന്‍ പഠിക്കുന്ന എല്ലാവര്‍ക്കും പ്രചേദനം നല്‍കുന്നതിന് കൂടിയാണ്. അതിനു ഞാന്‍ ശ്രമിച്ചു. നടന്നില്ല. പക്ഷെ എനിക്ക് ഖേദമില്ല'- ബിയാങ്ക കൂട്ടിച്ചേര്‍ത്തു.