ശാപത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്നും യാത്രാ സമ്മർദ്ദമോ പൊരുത്തക്കേടോ ആകാം വേർപിരിയലുകൾക്ക് കാരണമെന്നും ചിലർ വാദിക്കുന്നു.

അന്താരാഷ്ട്ര യാത്രകൾ നടത്തുകയെന്നത് പലരുടെയും സ്വപ്നമാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ പ്രണയിതാവിനൊപ്പമോ നടത്താറുള്ള ഇത്തരം വിദേശ യാത്രകൾ മറക്കാനാകാത്ത ഓര്‍മ്മകൾ സമ്മാനിക്കും. എന്നാൽ, വിദേശത്തുള്ള ഒരു പ്രത്യേക ഡെസ്റ്റിനേഷനിലെത്തിയതിന് പിന്നാലെ കമിതാക്കൾ വേര്‍പിരിയുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്ന കാര്യമാണോ? സമീപകാലത്ത് വീണ്ടും ചര്‍ച്ചയായ ഒരു ഡെസ്റ്റിനേഷനും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമാണ് ഇനി പറയാൻ പോകുന്നത്.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് ബാലി. അടുത്ത കാലത്തായി ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ബാലി മാറി. ബാലിയിലെ മനോഹരമായ ബീച്ചുകളും സംസ്കാരവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുന്നതുമെല്ലാമാണ് വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്. എന്നാൽ, അടുത്തിടെ ബാലിയെ കുറിച്ച് ഒരു വിചിത്രമായ വാദം സോഷ്യൽ മീഡിയയിൽ ഉയരുകയും ഇത് പിന്നീട് വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

View post on Instagram

ബാലി സന്ദര്‍ശിക്കുന്ന കമിതാക്കൾ വൈകാതെ തന്നെ വേര്‍പിരിയുമെന്ന വാദമാണ് ചര്‍ച്ചയായത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധിയാളുകളാണ് രംഗത്തെത്തിയത്. ജമ്പര്‍സ് ജമ്പ് റീപ്ലേ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വലിയ ചര്‍ച്ചകൾക്ക് തുടക്കമിട്ട വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ കമന്റ് ബോക്സിൽ നിരവധി ആളുകളാണ് ഈ വാദത്തെ പിന്തുണക്കുകയും സ്വന്തം അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തത്. വേര്‍പിരിയലുമായി ബന്ധപ്പെട്ട കഥകളിൽ കൂടുതലും തനാഹ് ലോട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. സമൂഹ മാധ്യമങ്ങളിൽ 'ബാലി ബ്രേക്കപ്പ് ശാപം' എന്നാണ് ഇത് അറിയപ്പെടുന്നത്.

ജാവയിൽ നിന്ന് തനാഹ് ലോട്ടിലേക്ക് പ്രണയ യാത്ര നടത്തിയ ഒരു ബ്രാഹ്മണ രാജകുമാരനെയും രാജകുമാരിയെയും കുറിച്ചുള്ള ഐതിഹ്യത്തിൽ നിന്നാണ് 'ബാലി ബ്രേക്കപ്പ് ശാപം' ഉണ്ടായതെന്ന് പറയപ്പെടുന്നു. തനാഹ് ലോട്ടിലെത്തിയ ശേഷം രാജകുമാരൻ രാജകുമാരിയെ ഉപേക്ഷിച്ചെന്നും തുടർന്ന് രാജകുമാരി ഈ സ്ഥലത്തെ ശപിച്ചെന്നുമാണ് ഐതിഹ്യം. ഈ ക്ഷേത്രം സന്ദർശിക്കുന്ന കമിതാക്കൾ ആറ് മാസത്തിനുള്ളിൽ വേർപിരിയുമെന്നായിരുന്നു രാജകുമാരിയുടെ ശാപം. എന്നാൽ, തനാഹ് ലോട്ട് സന്ദർശിച്ചാൽ മാത്രമേ ശാപം ബാധകമാകൂ എന്ന് ചിലർ പറയുന്നു. ഈ ശാപം ബാലിയുമായി മൊത്തത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മറ്റൊരു വിഭാ​ഗം അവകാശപ്പെടുന്നത്. ശാപത്തിന് ശാസ്ത്രീയമായ തെളിവുകളില്ലാത്തതിനാൽ അത് വെറും അന്ധവിശ്വാസമാണെന്നും യാത്രാ സമ്മർദ്ദമോ പൊരുത്തക്കേടോ മൂലമാകും ഇത്തരം വേർപിരിയലുകൾ സംഭവിക്കുന്നതെന്നും വാദിക്കുന്നവരും ഏറെയാണ്.