സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് ബോൾഗാട്ടി റോ-റോ ജെട്ടിയിൽ വെച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആട്ടവും പാട്ടും കാഴ്ചകളും ഒത്തുചേരുന്ന ഓണം ക്രൂയിസ് ഉദ്ഘാടനം ചെയ്യും.

കൊച്ചി: കടമക്കുടിയുടെയും വൈപ്പിൻ ദ്വീപുകളുടെയും സൗന്ദര്യം ആഘോഷിച്ച് യാത്ര ചെയ്യാൻ ഓണം ക്രൂയിസ് എത്തുന്നു. ആട്ടവും പാട്ടും കാഴ്ചകളും ഒത്തുചേരുന്ന ഈ യാത്ര, സെപ്റ്റംബർ 1 മുതൽ 10 വരെയാണ് ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗി, പ്രാദേശിക ജീവിതരീതികൾ, ചരിത്രപരമായ കാഴ്ചകൾ എന്നിവയെല്ലാം കോർത്തിണക്കി ഒരുക്കിയ ഈ ഉല്ലാസയാത്ര, കൊച്ചിയുടെ കായൽ സൗന്ദര്യം അടുത്തറിയാൻ സുവർണ്ണാവസരം നൽകും. സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് ബോൾഗാട്ടി റോ-റോ ജെട്ടിയിൽ വെച്ച് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഓണം ക്രൂയിസ് ഉദ്ഘാടനം ചെയ്യും.

വൈപ്പിൻ കരയുടെയും പ്രത്യേകിച്ച് കടമക്കുടിയുടെയും പൊക്കാളി പാടങ്ങൾ, ചീനവലകൾ, ചെമ്മീൻ കെട്ടുകൾ തുടങ്ങി ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ കാണികൾക്ക് പുതിയൊരു അനുഭവമാകും. വിനോദ വിജ്ഞാനത്തിനുള്ള സൗകര്യങ്ങൾ ക്രൂയിസിൽ ഉണ്ടാകും. യാത്രക്കിടെ വിവിധ കരകളിൽ ഇറങ്ങാനും കലാപരിപാടികൾ ആസ്വദിക്കാനും അവസരമുണ്ട്. ഗാനങ്ങളും നൃത്തവും സംഗീതവും ഉൾപ്പെടെ വിവിധ കലാപ്രകടനങ്ങൾ ക്രൂയിസിന് ആവേശകരമായ ഒരു അന്തരീക്ഷം നൽകും. ഇതിനു പുറമെ, ചെറുവഞ്ചികൾ, കയാക്കിങ്, പെഡൽ സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങളും ക്രൂയിസിന് അനുബന്ധമായി ഒരുക്കുന്നുണ്ട്.

അഞ്ച് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ഭക്ഷണമുൾപ്പെടെ ഒരാൾക്ക് 550 രൂപയാണ് നിരക്ക്. എന്നാൽ, മുതിർന്നവരും കുട്ടികളുമടക്കം 200 പേർക്ക് സൗജന്യയാത്ര നൽകുമെന്ന് എം.എൽ.എ. അറിയിച്ചു. വൈപ്പിൻകരയുടെയും കടമക്കുടിയുടെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ ക്രൂയിസ് സഹായകമാകും. വിനോദവും വിജ്ഞാനവും ഒരുമിക്കുന്ന ഈ ഓണക്കാല ബോട്ടുയാത്ര, കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ അറിഞ്ഞ് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം ആയിരിക്കുമെന്നും എംഎൽഎ പറഞ്ഞു.