ഇന്ത്യയിൽ പ്രധാനമായും ബ്ലൂ, മെറൂൺ, വൈറ്റ് എന്നിങ്ങനെ മൂന്ന് തരം പാസ്പോർട്ടുകളാണുള്ളത്.

ഇന്ത്യയിൽ പ്രധാനമായും ബ്ലൂ, മെറൂൺ, വൈറ്റ് എന്നിങ്ങനെ മൂന്ന് തരം പാസ്പോർട്ടുകളാണ് നിലവിലുള്ളത്. ഓരോന്നും പ്രത്യേക ആവശ്യങ്ങൾക്കായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പാസ്‌പോർട്ടുകൾ അവയുടെ ഉപയോഗം, പ്രത്യേക അവകാശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. യാത്രാ സ്വാതന്ത്ര്യത്തിന്റെയും നയതന്ത്ര ആനുകൂല്യങ്ങളുടെയും കാര്യത്തിലും ഇവ തമ്മിൽ കൃത്യമായ വ്യത്യാസങ്ങളുണ്ട്. ഇവയിൽ ഏത് പാസ്പോർട്ടാണ് കൂടുതൽ ശക്തം? 

ബ്ലൂ പാസ്‌പോർട്ട്

ടൈപ്പ് പി (വ്യക്തിഗത / സാധാരണ പാസ്‌പോർട്ട്) എന്ന് അറിയപ്പെടുന്ന ബ്ലൂ പാസ്‌പോർട്ട് ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന ഏറ്റവും സാധാരണമായ ഒരു പാസ്‌പോർട്ടാണ്. ടൂറിസം, ബിസിനസ്സ്, വിദ്യാഭ്യാസം അല്ലെങ്കിൽ ഫാമിലി വിസിറ്റുകൾ പോലെയുള്ള വ്യക്തിഗത യാത്രകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പാസ്‌പോർട്ടാണിത്. സാധാരണയായി മുതിർന്നവർക്ക് 10 വർഷവും പ്രായപൂർത്തിയാകാത്തവർക്ക് 5 വർഷവും സാധുത നൽകുന്നവയാണിവ. അപേക്ഷകന്റെ മുൻഗണന അനുസരിച്ച് ഈ പാസ്പോർട്ടിൽ 36 അല്ലെങ്കിൽ 60 പേജുകളുണ്ടാകും. ഐഡന്റിറ്റി, വിലാസം, പൗരത്വം എന്നിവയുടെ തെളിവ് നൽകുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും ബ്ലൂ പാസ്‌പോർട്ട് ലഭിക്കും. അനൗദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര യാത്രകൾക്കും ഈ പാസ്പോർട്ട് ഉപയോ​ഗിക്കാം.

മെറൂൺ പാസ്‌പോർട്ട്

മെറൂൺ പാസ്‌പോർട്ട് അഥവാ ടൈപ്പ് ഡി (ഡിപ്ലോമാറ്റിക് പാസ്‌പോർട്ട്) ഇന്ത്യയിലെ നയതന്ത്ര ഉന്നതർക്കായി നീക്കിവെച്ചിരിക്കുന്ന ഒരു പ്രത്യേകമായ പാസ്പോർട്ട് വിഭാ​ഗമാണ്. നയതന്ത്രജ്ഞർ, ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഔദ്യോഗിക നയതന്ത്ര ചുമതലകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തികൾ എന്നിവർക്കാണ് ഈ പാസ്പോർട്ട് പ്രത്യേകമായി നൽകുന്നത്. മെറൂൺ പാസ്‌പോർട്ട് കൈവശമുള്ളയാൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം നയതന്ത്രപരമായ പ്രത്യേക അവകാശങ്ങൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ വിദേശകാര്യ സർവീസിലെ അംഗങ്ങൾക്കും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമായി ഇത് റിസർവ് ചെയ്തിട്ടുമുണ്ട്. ഔദ്യോഗിക അന്താരാഷ്ട്ര യാത്ര സുഗമമാക്കാൻ മെറൂൺ പാസ്പോർട്ടുകൾ സഹായിക്കും. മെറൂൺ പാസ്പോർട്ട് കൈവശമുള്ളയാൾക്ക് പലപ്പോഴും പല രാജ്യങ്ങളിലേക്കും വിസ രഹിതമായ പ്രവേശനം പോലും ലഭ്യമാകും.

വൈറ്റ് പാസ്‌പോർട്ട്

ടൈപ്പ് എസ് (ഔദ്യോഗിക പാസ്‌പോർട്ട്) എന്നറിയപ്പെടുന്ന വൈറ്റ് പാസ്‌പോർട്ട്, നയതന്ത്രജ്ഞരല്ലാത്ത, ഔദ്യോഗിക ചുമതലകൾക്കായി വിദേശത്തേക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കാണ് സാധാരണയായി നൽകാറുള്ളത്. അന്താരാഷ്ട്ര സമ്മേളനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള പരിശീലനമോ അല്ലെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട അസൈൻമെന്റുകളിലോ പങ്കെടുക്കുന്നത് പോലെയുള്ള നയതന്ത്രപരമല്ലാത്ത ഔദ്യോഗിക യാത്രകൾക്കായി സർക്കാർ ജീവനക്കാർ ഈ പാസ്‌പോർട്ട് ഉപയോഗിക്കുന്നു. ഔദ്യോഗിക നിയമന കാലയളവിലേക്കോ 5 വർഷം വരെയോ വൈറ്റ് പാസ്‌പോർട്ട് സാധുവാണ്. വിസ ഇളവുകളോ വേഗത്തിലുള്ള വിസ പ്രോസസ്സിം​ഗോ വാഗ്ദാനം ചെയ്യുന്ന ചില രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രയും വൈറ്റ് പാസ്‌പോർട്ട് വഴി സാധ്യമാകും.

മറ്റൊരു വിഭാ​ഗത്തിലുള്ള പാസ്‌പോർട്ട് കൂടിയുണ്ട്. എമർജൻസി സർട്ടിഫിക്കറ്റ് അഥവാ ഇ സി എന്നാണ് ഇത് അറിയപ്പെടുന്നത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് നഷ്ടപ്പെടുകയോ എന്തെങ്കിലും കാരണവശാൽ വിദേശത്ത് കുടുങ്ങിപ്പോകുകയോ നാടുകടത്തപ്പെടുകയോ വിസ കാലഹരണപ്പെടുകയോ അല്ലെങ്കിൽ ഇന്ത്യയിലേക്ക് ഉടനടി മടങ്ങേണ്ട അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഇന്ത്യൻ എംബസികളോ കോൺസുലേറ്റുകളോ നൽകുന്ന ഒരു വൺ-വേ യാത്രാ രേഖയാണ് എമർജൻസി സ‍‍ർട്ടിഫിക്കറ്റ്. സാധാരണ പാസ്‌പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി എമർജൻസി സർട്ടിഫിക്കറ്റ് ഒരു താൽക്കാലിക രേഖയാണ്. ഇതിന് പരിമിതമായ സാധുത മാത്രമാണുള്ളത്. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന ഇവ സാധാരണയായി ഇന്ത്യയിലേക്കോ ഉടമയ്ക്ക് നിയമപരമായ താമസസ്ഥലമുള്ള മറ്റൊരു സ്ഥലത്തേക്കോ ഉള്ള യാത്രയ്‌ക്കായാണ് നൽകാറുള്ളത്. പേര് പോലെ തന്നെ ഈ രേഖ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ നൽകൂ.

ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഏതാണ്?

പാസ്പോർട്ട് ഉടമകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം, വിസ ഓൺ-അറൈവൽ, ലളിതമായ വിസ പ്രൊസസ്സിം​ഗ് എന്നിവയിലൂടെയും അത് വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ അനുസരിച്ചുമാണ് ഒരു പാസ്‌പോർട്ടിന്റെ ‘പവർ’ കണക്കാക്കുന്നത്. മെറൂൺ (ഡിപ്ലോമാറ്റിക്) പാസ്‌പോർട്ടാണ് ഏറ്റവും ശക്തമായതായി കണക്കാക്കപ്പെടുന്നത്. ചില രാജ്യങ്ങളിൽ ഔദ്യോഗിക യാത്രയ്ക്കായി വിസ ഇളവുകളോ വേഗത്തിലുള്ള വിസ പ്രൊസസ്സിം​ഗോ സാധ്യമാകുന്നതിനാൽ വൈറ്റ് പാസ്പോർട്ടാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എന്ന് പറയാം. ബ്ലൂ പാസ്‌പോർട്ടിനാണ് ഏറ്റവും കുറവ് ആനുകൂല്യങ്ങളുള്ളത്. എന്നാൽ, പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നത് ബ്ലൂ പാസ്പോർട്ടാണ്. ഹെൻലി പാസ്‌പോർട്ട് സൂചിക (2025) അനുസരിച്ച് ഇന്ത്യൻ ബ്ലൂ പാസ്‌പോർട്ട് ആഗോളതലത്തിൽ 77-ാം സ്ഥാനത്താണ്. 59 രാജ്യങ്ങളിലേക്ക് വിസ രഹിതമോ അല്ലെങ്കിൽ വിസ ഓൺ അറൈവൽ ആക്‌സസോ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.