ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായി നാഷണൽ ജ്യോഗ്രഫിക് വിലയിരുത്തിയ കാക്കത്തുരുത്തിലെ സൂര്യാസ്തമയം അതിമനോഹരമാണ്.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മനോഹരമായ ഒരു ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. പക്ഷി നിരീക്ഷണത്തിനും മനോഹരമായ സൂര്യാസ്തമയം കാണാനും അനുയോജ്യമായ ഇടമാണിത്. കാക്കത്തുരുത്തിലെ അസ്തമയ സൂര്യന്റെ കാഴ്ചയെ ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായി നാഷണൽ ജ്യോഗ്രഫിക് വിലയിരുത്തിയിരുന്നു.
നോർവയിലെ പ്രശസ്തമായ അറോറ ബോറിയാലിസിൽ തുടങ്ങുന്ന യാത്രയിൽ ചില പ്രത്യേക സമയങ്ങളിൽ പ്രത്യേക സ്ഥലങ്ങൾക്ക് ലഭിക്കുന്ന അപൂർവ സൗന്ദര്യം വിഷയമാക്കിയുള്ള പഠനത്തിലാണ് കാക്കത്തുരുത്തും അവിടെ നിന്ന് കാണാൻ കഴിയുന്ന സൂര്യാസ്തമയവും ലോകപ്രശസ്തമായത്. 24 മണിക്കൂറിൽ 24 സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതിൽ വൈകുന്നേരം 6 മണിയാണ് കാക്കത്തുരുത്തിലെ മനോഹാരിത ആസ്വദിക്കാൻ പറ്റിയ സമയമെന്നാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്.
എഴുപുന്ന പഞ്ചായത്ത് 9-ാം വാര്‍ഡിൽ കൈതപ്പുഴ കായലിലാണ് കാക്കത്തുരുത്ത് എന്ന ചെറിയ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മൂന്ന് കിലോ മീറ്ററോളം നീളവും രണ്ട് കിലോ മീറ്റര്‍ വീതിയുമുള്ള കാക്കത്തുരുത്ത് ദ്വീപിൽ ഏകദേശം 300 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മൺപാതകളും കണ്ടൽക്കാടുകളും പുൽക്കാടുകളും നിറഞ്ഞ ശാന്തമനോഹരമായ ഇടമാണിത്. മതേതരത്വവും ഒത്തൊരുമയുമെല്ലാം നേരിട്ട് കാണണമെങ്കിൽ കാക്കത്തുരുത്തിലെത്തിയാൽ മതി. അത്ര സ്നേഹത്തോടെയും സാഹോദര്യത്തോടെയുമാണ് ഇവിടെയുള്ളവര്‍ ജീവിക്കുന്നത്.


