അഗസ്ത്യകൂടത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കോട്ടൂർ വനമേഖല കാട്ടാനകളെ അടുത്തു കാണാനും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നു.
പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, അഗസ്ത്യകൂടത്തിന്റെ താഴ്വാരത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് കോട്ടൂർ വനമേഖല. അഗസ്ത്യകൂടം ബയോളജിക്കൽ പാർക്കിന്റെ ഭാഗമായ ഇവിടം ഇന്ന് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു കേന്ദ്രമായി ഉയർന്നിരിക്കുകയാണ്. വാച്ച് ടവർറുള്ള ചെക്ക് പോസ്റ്റിൽ നിന്ന് വനത്തിനുളളിലേക്ക് ഒന്നര കിലോമീറ്റർ സന്ദർശകർക്ക് പ്രവേശനമുണ്ട്. വാച്ച് ടവറിലേക്കുള്ള നടപ്പാതയിൽ കാട്ടാനകളെ പതിവായി കാണാനാകും. അവ സഞ്ചാരികളുടെ സാന്നിധ്യം വകവെക്കാതെ മേഞ്ഞുനടക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേക കാഴ്ചയാണ്.
വാച്ച് ടവറിന് ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്. തോട്ടുംപാറ, കതിർമുടി, അഗസ്ത്യകൂടം, പാണ്ടിപത്ത് എന്നീ മലകളും വടക്കുഭാഗത്തുള്ള പൊന്മുടി കുന്നുകളും ഇവിടെ നിന്ന് വ്യക്തമായി കാണാം. കോട്ടൂർ വനമേഖല വൈവിധ്യമാർന്ന ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ്. കാട്ടുപന്നി, കരിങ്കുരങ്ങ്, മലയണ്ണാൻ, കരടി, കാട്ടുപോത്ത്, മ്ലാവ്, കാട്ടുകോഴി, ചാരവേഴാമ്പൽ തുടങ്ങി നിരവധി പക്ഷിമൃഗാദികളെയും ചിത്രശലഭങ്ങളെയും ഇവിടെ കാണാം. മാത്രമല്ല, ഔഷധസസ്യങ്ങളുടെ ഒരു അമൂല്യഖനി കൂടിയാണ് ഈ പ്രദേശം.
വാച്ച് ടവർ പിന്നിട്ടാൽ മാങ്കോട് ചോനൻപാറ, അഞ്ചു നാഴികത്തോട് എന്നിങ്ങനെ പേപ്പാറ അണക്കെട്ടിന്റെ പദ്ധതി പ്രദേശത്തേക്കും കടന്നു ചെല്ലാൻ സാധിക്കും. അഞ്ചു നാഴികത്തോട് വരെ സഞ്ചരിക്കുന്നവർക്ക് ഏതു സമയത്തും ആനക്കൂട്ടങ്ങളെ കാണാൻ സാധ്യതയുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിലേക്കുള്ള ട്രെക്കിംഗിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
കാപ്പുകാട് ആനപരിപാലന കേന്ദ്രം
ആനപ്രേമികളെ സംബന്ധിച്ചിടത്തോളം കാപ്പുകാട് ആനപരിപാലന കേന്ദ്രം തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. ഇവിടെ കുട്ടിയാനകൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള ആനകളെ പരിപാലിക്കുന്നു. രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ 20 മിനിറ്റ് ദൈർഘ്യമുള്ള ആന സവാരിക്ക് സൗകര്യമുണ്ട്. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.


