തമിഴ്‌നാടിന്റെയും കേരളത്തിന്റെയും സംസ്കാരങ്ങൾ കൂടിച്ചേർന്ന നെട്ട എന്ന ഗ്രാമം, മീൻ വിഭവങ്ങൾക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. 

തിരുവനന്തപുരം: ഗ്രാമീണ ഭം​ഗിയും നാടൻ രുചികളും ആസ്വദിക്കുക എന്ന് പറഞ്ഞാൽ തന്നെ അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്. തമിഴും മലയാളവും കലർന്ന ഗ്രാമീണ ജീവിതശൈലി, നിറയെ മീൻ വിഭവങ്ങൾ കിട്ടുന്ന, പ്രകൃതിയെ കണ്ട് സ്വാദ് നുകരാൻ അവസരമൊരുക്കുന്ന ചെറിയ ഹോട്ടലുകൾ, ശാന്തമായ നദീതീരങ്ങളും പച്ചപ്പ് നിറഞ്ഞ വ്യൂ പോയിൻ്റുകളും...അങ്ങനെ നെട്ട എന്ന ​ഗ്രാമത്തിലേയ്ക്കുള്ള യാത്ര ഒന്നല്ല, ഒരുപാട് നേട്ടങ്ങൾ സമ്മാനിക്കും.

തിരുവനന്തപുരത്തെ വെള്ളറട പഞ്ചായത്തിന് കീഴിലുള്ള നെട്ട എന്ന ഗ്രാമം തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കാൻ അനുയോജ്യമായ ഇടമാണ്. ഊണും കപ്പയും മീനുമെല്ലാമായി നാടൻ വിഭവങ്ങളിൽ മുഴുകാം. ശാന്തമായ അന്തരീക്ഷത്തിൽ ശുദ്ധവായു ശ്വസിച്ച് കുന്നുകൾക്ക് ചുറ്റും കൊത്തിയ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാം...അങ്ങനെ നെട്ടയുടെ സവിശേഷതകൾ വർണിച്ചാൽ തീരില്ല.

കാട്ടാക്കട - മാടശ്ശേരി വെള്ളച്ചാട്ടം - നെട്ട - ചിറ്റാർ ഡാം - പേച്ചിപ്പാറ ഡാം - തൃപ്പരപ്പ് വെള്ളച്ചാട്ടം അങ്ങനെ ഒരു കറക്കത്തിൽ കാഴ്ചകളേറെ കാണാം. അമ്പൂരി എന്ന മനോഹരമായ മലയോര ​ഗ്രാമവും യാത്രയിൽ വേണമെങ്കിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു വൺഡേ ട്രിപ്പ് ​ആ​ഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഒരു ഓപ്ഷൻ ഇല്ലെന്ന് തന്നെ പറയാം. വെള്ളത്തിൽ ഇറങ്ങുന്നവരെയും കുളിക്കുന്നവരെയുമെല്ലാം പോകുന്ന വഴിയിൽ കാണാമെങ്കിലും വശ്യമായ ഭംഗി പോലെ തന്നെ ഒരുപാട് അപകടം നിറഞ്ഞതുമാണ് ഈ റിസർവോയർ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.