171 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഈ വന്യജീവി സങ്കേതം വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. 

കേരളത്തിൽ വന്യജീവി സങ്കേതങ്ങൾ നിരവധിയുണ്ട്. ജൈവവൈവിദ്ധ്യ സമൃദ്ധിയുടെ കാര്യത്തിൽ പേരുകേട്ട പശ്ചിമഘട്ടത്തിൻറെ ഭാഗമായി കേരളത്തിൽ 18 വന്യജീവി സങ്കേതങ്ങളാണ് ഉള്ളത്. എന്നാൽ, ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന ഒരേയൊരു വന്യജീവി സങ്കേതം കേരളത്തിലുണ്ട്. കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയായ ശെന്തുരുണി വന്യജീവി സങ്കേതമാണത്.

ഈ സംരക്ഷിത വനമേഖലയിൽ കാണപ്പെടുന്ന അപൂർവ്വ സസ്യ ഇനമാണ് ഗ്ലൂട്ടാ ട്രാവൻകോറിക എന്ന ശാസ്ത്രനാമമുള്ള ചെങ്കുറിഞ്ഞി. 1984-ലാണ് ശെന്തുരുണി വന്യജീവി സങ്കേതം സ്ഥാപിതമായത്. 171 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന തെക്കൻ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ദീർഘദൂര നടത്തത്തിനുമെല്ലാം യോജിച്ച ഈ വനമേഖല ഒട്ടേറെ ദൃശ്യമനോഹരമായ ഇടങ്ങളാൽ സമ്പന്നമാണ്. നിത്യഹരിത വനങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണിത്.

തെന്മലയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പുനലൂരിൽ നിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. തൂക്കുപാലം, ബോട്ടിം​ഗ്, ശിൽപ്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിം​ഗ്, സൈക്ലിം​ഗ്, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഡാൻസിം​ഗ് ഫൗണ്ടൻ, ഏറുമാടം, ട്രെക്കിം​ഗ് എന്നിവ തെന്മലയിലുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ജലസേചനത്തിന് ഉപകരിക്കുന്ന പരപ്പാർ അണക്കെട്ടും ഈ വനമേഖലയിലാണ്. പരപ്പാർ അണക്കെട്ടും പരിസര പ്രദേശങ്ങളും ചെറിയൊരു ഉല്ലാസയാത്രയ്ക്ക് യോജിച്ച സ്ഥലമാണ്. മാൻ, കാട്ടുപോത്ത്, കരിങ്കുരങ്ങ്, ഹനുമാൻ കുരങ്ങ് തുടങ്ങി ഒട്ടേറെ വന്യജീവികളേയും ഇവിടെ കാണാം.