കുട്ടിക്കാനത്ത് സ്ഥിതിചെയ്യുന്ന കണ്ണിന് കുളിർമ്മയേകുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.
ഇടുക്കിയിലെ കാഴ്ചകൾ എത്ര കണ്ടാലും പറഞ്ഞാലും മതിവരില്ല. ഇവിടേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഒരിക്കലും നിരാശരായി മടങ്ങേണ്ടി വരില്ല. എന്നാൽ, ഈ മഴക്കാലത്ത് കണ്ണിന് കുളിർമ്മയേകുന്ന ഇടുക്കിയിലെ ഒരു വെള്ളച്ചാട്ടം കാണാൻ പോയാലോ? മറ്റെങ്ങുമല്ല വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിലേക്ക്. കുട്ടിക്കനത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം.
കുട്ടിക്കാനത്ത് നിന്ന് 4 കിലോമീറ്റർ അകലെ കോട്ടയം-കുമളി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിൽ തന്നെയാണ് വെള്ളച്ചാട്ടമുള്ളത്. ഇത് പ്രാദേശികമായി നിന്ന്മുള്ളിപ്പാറ എന്നാണ് അറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യത്തിന് വളരെയധികം പേരുകേട്ടതാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. ഇവിടുത്തെ പച്ചപ്പും ശാന്തതയും നിങ്ങൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കും.
ഏകദേശം 75 അടി (23 മീറ്റർ) ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്. സാധാരണയായി ഇവിടെ മൂടൽമഞ്ഞ് മൂടിയിരിക്കും. വെള്ളച്ചാട്ടത്തിനോട് ചേർന്ന് 100 ഏക്കർ സ്ഥലത്ത് കേരള വനംവകുപ്പ് നട്ടുപിടിപ്പിച്ച പൈൻ വനമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി സിനിമയിലെ ഒരു രംഗം ചിത്രീകരിച്ചിരിക്കുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്താണ്.
ഒരു ദീർഘദൂര യാത്രയ്ക്ക് ശേഷം മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വിശ്രമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ പറ്റിയ സ്ഥലമാണിത്. മഴക്കാലത്താണ് ഇവിടേയ്ക്ക് വരാൻ അനിയോജ്യമായ സമയം. വിനോദസഞ്ചാരികൾ സാധാരണയായി ഇവിടെ നിന്ന് ചൂട് ചായകുടിച്ച് വെള്ളച്ചാട്ടം ആസ്വദിക്കാറുണ്ട്. ചായയും, സ്നാക്സും പാനീയങ്ങളും അടുത്തുള്ള കടകളിൽ ലഭ്യമാണ്.


