ബാറ്റിൽഫീൽഡ് ടൂറിസത്തിനായി ഇന്ത്യയിലുടനീളം ഏകദേശം 30 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഗുവാഹത്തി: ബാറ്റിൽഫീൽഡ് ടൂറിസം പദ്ധതിയുടെ ഭാഗമായി സിക്കിമിലെ ചോ ലാ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് റിപ്പോർട്ട്. 2017ൽ സംഘർഷത്തിന് വഴിവെച്ച ഡോക്ലാമിനടുത്തുള്ള തന്ത്രപ്രധാനമായ ഇന്ത്യ, ചൈന, ഭൂട്ടാൻ ട്രൈ ജംഗ്ഷൻ ഈ സംരംഭത്തിന്റെ ഭാഗമായി വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് സിക്കിം അഡീഷണൽ ചീഫ് സെക്രട്ടറി സി.എസ്. റാവു പറഞ്ഞു. ടൂറിസത്തെ പിന്തുണയ്ക്കുന്നതിനായി ഈ പ്രദേശങ്ങൾക്ക് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
ബാറ്റിൽഫീൽഡ് ടൂറിസത്തിനായി ഇന്ത്യയിലുടനീളം ഏകദേശം 30 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് സി.എസ് റാവു അറിയിച്ചു. ഇതിനായി സിക്കിമിൽ തിരിച്ചറിഞ്ഞ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സിക്കിമിലെ നാഥു ലാ ഇതിനോടകം തന്നെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഡോക്ലാം ട്രൈ ജംഗ്ഷന്റെ ഇന്ത്യൻ ഭാഗം സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുമതി നൽകുമെന്നും സി.എസ് റാവു പറഞ്ഞു.
പദ്ധതിയുടെ സാധ്യതകളെ സംബന്ധിച്ച് സൈന്യവുമായും വിദേശകാര്യ മന്ത്രാലയവുമായും സിക്കിം സർക്കാർ നിരവധി തവണ ചർച്ചകൾ നടത്തിയതായാണ് സൂചന. ബാറ്റിൽഫീൽഡ് ടൂറിസം പദ്ധതികളെക്കുറിച്ച് ഭൂട്ടാൻ സർക്കാരിനെയും അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ അവസാനത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സൈന്യവും സംസ്ഥാന സർക്കാരും ആഗ്രഹിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ മാസങ്ങളിൽ, പ്രതിദിനം 30 വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. റോഡിന്റെ അവസ്ഥയും സൈന്യത്തിന്റെ ക്ലിയറൻസും കണക്കിലെടുത്ത് ഇത് പ്രതിദിനം 50 വാഹനങ്ങളായി വർദ്ധിപ്പിച്ചേക്കാം.


