കനത്ത മഴയെ തുടർന്ന് നീലഗിരി ജില്ലയിലെ വനംവകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. പ്രശസ്തമായ പർവത തീവണ്ടി സർവീസ് നിർത്തിവെച്ചു.

സുല്‍ത്താന്‍ബത്തേരി: രാജ്യത്തെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ചിലത് പ്രവര്‍ത്തിക്കുന്നത് തമിഴ്‌നാട് നീലഗിരി ജല്ലയിലാണ്. കേരളം അടക്കം നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സഞ്ചാരികളാണ് നീലഗിരിയിലേക്ക് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ വനംവകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ കനത്ത മഴയാണ് ഊട്ടി-കൊടൈക്കനാല്‍, ഗൂഢല്ലൂര്‍ എന്നിവിടങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

കോത്തഗിരി, കൂനൂര്‍, ഗൂഡല്ലൂര്‍ മേഖലകളില്‍ രാത്രിയും വൈകുന്നേരങ്ങളിലും കനത്ത മഴ ഉണ്ടാകുന്നുണ്ട്. നിലവില്‍ ചാറ്റല്‍ മഴയുണ്ടെങ്കിലും ഊട്ടിയില്‍ ശക്തമായ മഴയില്ല. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നീലഗിരി ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു. ഏറ്റവും തിരക്കേറിയ ഒന്നായ പര്‍വ്വത തീവണ്ടിയുടെ ഓട്ടം പ്രതിസന്ധിയിലായിരിക്കുകയാണ്. പലയിടങ്ങളിലായി പാളങ്ങളില്‍ മണ്ണും കല്ലും വീണതിനെ തുടര്‍ന്ന് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഊട്ടി, മേട്ടുപാളയം ദേശീയപാതയില്‍ പലയിടങ്ങളിലും കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ മണ്ണിടിഞ്ഞിരുന്നു. മഴ ഇനിയും ശക്തമായാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടി വരും. അതേസമയം, മഴ കനത്തുപെയ്താല്‍ ഗൂഢല്ലൂര്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.