സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയായതിനാൽ ശനിയും ഞായറും മുന്നിൽ കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്നവര്‍ ഏറെയാണ്. 

ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്വാതന്ത്ര്യദിനത്തിലെ പൊതു അവധിയും അടുത്ത രണ്ട് ദിവസം ശനിയും ഞായറുമായതിനാൽ പലരും ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നുണ്ട്. നീണ്ട വാരാന്ത്യം മുന്നിൽക്കണ്ട് ആളുകൾ സ്ഥലങ്ങളെ കുറിച്ചുള്ള തിരച്ചിലുകളും ഹോട്ടൽ ബുക്കിംഗുകളും ആരംഭിച്ചു കഴിഞ്ഞു.

ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോം പുറത്തുവിട്ട സമീപകാല ഡാറ്റ അനുസരിച്ച് ഏഷ്യ-പസഫിക് മേഖലയിലുടനീളം ഹ്രസ്വമായ ആഭ്യന്തര വിനോദയാത്രകൾക്ക് ഡിമാൻഡ് വർധിച്ചുവരികയാണ്. കുറഞ്ഞ ചെലവിൽ അധികം ദിവസങ്ങൾ ആവശ്യമില്ലാത്ത അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളോടും സഞ്ചാരികളുടെ പ്രിയം ഏറുകയാണ്. വാരാന്ത്യങ്ങളിൽ പ്രധാന നഗരങ്ങൾക്ക് സമീപമുള്ള സ്പോട്ടുകളിലേയ്ക്ക് വിനോദയാത്രകൾ നടത്താനാണ് ഭൂരിഭാഗം ആളുകളും താത്പ്പര്യപ്പെടുന്നത്.

ഈ വർഷം ഇന്ത്യൻ സഞ്ചാരികളിൽ 58 ശതമാനത്തിലധികവും സ്വന്തം നാടിനോട് ചേർന്നുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന നഗരങ്ങളിൽ നിന്ന് ഏതാനും മണിക്കൂർ ഡ്രൈവ് ചെയ്താൽ മാത്രം മതിയാകുന്ന സ്ഥലങ്ങളോടാണ് ആളുകൾക്ക് പ്രിയം. ഉദാഹരണത്തിന് ദില്ലിയ്ക്ക് അടുത്തുള്ള ഋഷികേശ്, മുസ്സൂറി എന്നീ സ്ഥലങ്ങളെ കുറിച്ച് തിരഞ്ഞവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനം കൂടുതലാണ്. ലോണാവാല, ജയ്പൂർ, മഹാബലേശ്വർ, ചിക്കമഗളൂർ തുടങ്ങിയ സ്ഥലങ്ങളും നഗരജീവിതത്തിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്നവരെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്.

ഹിൽ സ്റ്റേഷനുകൾക്കൊപ്പം ശാന്തമായ ബീച്ചുകളും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടംനേടുന്നുണ്ട്. വർക്കല, ഗോകർണ തുടങ്ങിയ തിരക്ക് കുറഞ്ഞ ബീച്ചുകളോട് സഞ്ചാരികൾ താൽപ്പര്യം കാണിക്കുന്നു. ഇതിനിടെ, ഗോവ ഇപ്പോഴും ഒരു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി തുടരുകയാണ്. സെർച്ചുകളുടെ അടിസ്ഥാനത്തിൽ ഗോവയിലെത്താൻ താത്പ്പര്യം പ്രകടിപ്പിക്കുന്നവർ ഏറെയാണെന്ന് ബുക്കിംഗ്.കോം പറയുന്നു.

അതേസമയം, ഇന്ത്യക്കാർ ആഭ്യന്തര ഡെസ്റ്റിനേഷനുകളിലേയ്ക്ക് മാത്രമായി തങ്ങളുടെ പദ്ധതികൾ പരിമിതപ്പെടുത്തുന്നില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട നീണ്ട വാരാന്ത്യത്തിൽ ഏഷ്യ-പസഫിക് മേഖലയിലുടനീളം അന്താരാഷ്ട്ര അവധിക്കാല യാത്രകൾക്കായുള്ള താൽപ്പര്യം വർദ്ധിച്ചുവരികയാണ്. തായ്‌ലൻഡ്, ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ എന്നിവ ഓരോന്നും സെർച്ചുകളിൽ 60 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ദീർഘദൂര യാത്രയുടെ സങ്കീർണതകളില്ലാതെ ബീച്ച്, നൈറ്റ് ലൈഫ്, രുചികരമായ ഭക്ഷണം എന്നിവ ആസ്വദിക്കാമെന്നതാണ് ഈ സ്ഥലങ്ങളുടെ സവിശേഷത.

ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ 10 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ (2025 ഓഗസ്റ്റ് 14-17):

  1. ഉദയ്പൂർ
  2. ലോണാവാല
  3. ജയ്പൂർ
  4. പുതുച്ചേരി
  5. മുംബൈ
  6. ബെംഗളൂരു
  7. ഊട്ടി
  8. മൂന്നാർ
  9. കൊടൈക്കനാൽ
  10. ന്യൂഡൽഹി

ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ (2025 ഓഗസ്റ്റ് 14-17):

  1. ദുബായ്
  2. സിംഗപ്പൂർ
  3. ബാങ്കോക്ക്
  4. ലണ്ടൻ
  5. ഫൂകെറ്റ്
  6. ക്വാലലംപൂര്
  7. ബാലി
  8. അബുദാബി
  9. പട്ടായ
  10. ഹോങ്കോങ്ങ്

2025 ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള ദിവസങ്ങളിലേയ്ക്കായി 2025 ജൂൺ 26നും ജൂലൈ 26നും ഇടയിൽ നടത്തിയ സെർച്ചുകൾ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് ബുക്കിംഗ്.കോം പുറത്തുവിട്ടിരിക്കുന്നത്.