ഇന്ത്യയിൽ നിന്ന് ഗ്രീസിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ. ഇതോടെ ഇന്ത്യയിൽ നിന്ന് ഗ്രീസിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയായി ഇൻഡിഗോ മാറും.

ദില്ലി: ഇന്ത്യയിൽ നിന്ന് ആദ്യമായി ഗ്രീസിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനിയായ ഇൻഡിഗോ. അടുത്ത വര്‍ഷം ജനുവരി മുതൽ ഇന്ത്യയിൽ നിന്ന് ഗ്രീസിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ ബസ് എ321 എക്സ് എൽ ആര്‍ എന്ന പുതിയ വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ഈ സാമ്പത്തിക വര്‍ഷം 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് വിമാന സര്‍വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പ്രതിവാരം ഇന്ത്യയിൽ നിന്ന് ഏഥൻസിലേയ്ക്ക് നേരിട്ട് 6 വിമാന സര്‍വീസുകളാണ് നടത്തുക. ഇക്കണോമി, ബിസിനസ് ക്ലാസുകളാണ് ഉണ്ടാകുക. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും സര്‍വീസ് നടത്താനാണ് ഇൻഡിഗോ ആലോചിക്കുന്നത്. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും മൂന്ന് വീതം നോൺ സ്റ്റോപ്പ് സര്‍വീസുകളാണ് പരിഗണനയിലുള്ളത്. ഇതോടെ ഇന്ത്യയിൽ നിന്ന് ഗ്രീസിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയായി ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിഗോ മാറും.

'നിലവിൽ ഇന്ത്യയ്ക്കും ഗ്രീസിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ എയർലൈൻ ഇൻഡിഗോയാണ്. പുതിയ വ്യോമയാന ഇടനാഴി അന്താരാഷ്ട്ര തലത്തിലെ ഇൻഡിഗോയുടെ ഒരു തന്ത്രപരമായ ചുവടുവയ്പ്പാണ്. വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായും ടൂറിസം വ്യവസായവുമായും ഇത് തികച്ചും യോജിക്കുന്നു. യാത്രക്കാർക്ക് സൗകര്യപ്രദമായ ഫ്ലൈറ്റ് ഷെഡ്യൂളുകൾ ഉറപ്പാക്കുന്നതിലൂടെ ഈ റൂട്ട് ബിസിനസ്, വിനോദ യാത്രകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. ഇതോടെ, ഗ്രീസിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് കണക്റ്റ് ചെയ്യാനും ഇന്ത്യയും ​ഗ്രീസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും'. ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് പറഞ്ഞു. 90 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 40 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഇൻഡിഗോ ഏകദേശം 2,200 ദൈനംദിന വിമാന സർവീസുകൾ നടത്തുന്നുണ്ട്.