ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ പരാതികൾക്കായി പുതിയ വാട്സാപ്പ് ചാറ്റ് ബോട്ട് ആരംഭിച്ചു. 

തിരുവനന്തപുരം: ട്രെയിനിൽ വെച്ച് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടായോ? മറ്റുള്ളവരിൽ നിന്നും മോശം അനുഭവമോ റെയിൽവേയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അസൗകര്യമോ നിങ്ങൾക്ക് ഉണ്ടായെങ്കിൽ അവയെ സംബന്ധിച്ച് പരാതി നൽകാനും പരിഹാരം കാണാനും ഇനി അടുത്ത സ്റ്റേഷനോ കുറേ കാലമോ ഒന്നും കാത്തിരിക്കേണ്ട. ഉടനടി പരാതി നൽകാൻ നിങ്ങൾക്ക് കഴിയും. അതും വാട്സാപ്പ് വഴി. ഇതിനായി ഇന്ത്യന്‍ റെയില്‍വേ റെയില്‍മദദ് എന്നൊരു വാട്‌സ്ആപ്പ് ചാറ്റ്‌ ബോട്ട് ലോഞ്ച് ചെയ്തിരിക്കുകയാണ്. വാട്‌സ്ആപ്പിലൂടെ നേരിട്ട് യാത്രക്കാർക്ക് അവരുടെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയും. യാത്രക്കാർക്ക് 7982139139 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പിൽ പരാതികൾ രജിസ്റ്റർ ചെയ്യാം.

റിസർവ്ഡ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമല്ല നിങ്ങൾക്ക് ജനറൽ കോച്ചിൽ നിന്നും പരാതി നൽകാൻ കഴിയും. യാത്രക്കിടയിൽ നിങ്ങൾ നേരിട്ട അസൗകര്യം ഉടനടി അറിയിക്കാം. നിലവിൽ ട്രെയിൻ യാത്രക്കാർക്ക് റെയിൽവേയുടെ വാട്‌സ്ആപ്പ് ചാറ്റ്‌ ബോട്ട് വലിയ തോതിൽ ഗുണം ചെയ്യും. കാരണം പരാതിയുടെ കൂമ്പാരമായി പലപ്പോഴും റെയിൽവേ മാറാറുണ്ട്. അതിൽ മറുപടി ലഭിക്കാത്തതും എവിടെ എങ്ങനെ പരാതി നൽകണം എന്നതും അറിയാത്തത് കാരണം പല യാത്രക്കാരും പരാതി പറയുന്നതിനായി ഫേസ്ബുക്ക്, എക്സ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് പൊതുവെ ആശ്രയിക്കുന്നത്.

നിലവിൽ റെയിൽവേയുടെ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നുണ്ടെന്നും റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പർ 139 നിലവിൽ ഉണ്ടെന്നും നമ്മളിൽ പലർക്കും അറിയില്ല. അതിനാൽ സോഷ്യൽ മീഡിയയെ ഒരു പരാതി പെട്ടിയായി കാണുന്നു. അതുകൊണ്ടാണ് റെയിൽവേയും ജനപ്രിയ ആപ്പായ വാട്ട്‌സ്ആപ്പിനെ റെയിൽമദദ് ചാറ്റ്‌ബോട്ടിലൂടെ ഒരു പരാതി പരിഹാര മാർഗമാക്കി മാറ്റിയതും.

എങ്ങനെ പരാതി നൽകാം 

ട്രെയിൻ യാത്രക്കാർ വാട്ട്‌സ്ആപ്പിൽ 7982139139 എന്ന നമ്പർ സേവ് ചെയ്യണം. പിന്നിട് ഈ നമ്പറിൽ ഹായ്, ഹലോ അല്ലെങ്കിൽ നമസ്‌തേ എന്ന് ടൈപ്പ് ചെയ്താൽ നമസ്‌കാർ, വെൽക്കം ടു റെയിൽ മദദ് എന്ന സന്ദേശം ദൃശ്യമാകും. റിസർവ് ചെയ്ത ടിക്കറ്റ് ഉടമകൾക്ക് അവരുടെ പിഎൻആർ നമ്പർ നൽകി പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

ജനറൽ ടിക്കറ്റ് കൈവശമുള്ള ആളുകൾ പരാതി നൽകാൻ ടിക്കറ്റിൽ നൽകിയിരിക്കുന്ന യുടിഎസ് നമ്പർ നൽകേണ്ടതുണ്ട്. നമ്പർ നൽകിയാലുടൻ, സ്റ്റേഷനിൽ ലഭ്യമായ സേവനത്തെക്കുറിച്ച് പരാതിപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിൽ ട്രെയിൻ യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്‌നം നേരിട്ടിട്ടുണ്ടോ എന്ന് ഉപയോക്താവിനോട് ചോദിക്കും. ഇതിനുശേഷം, നിങ്ങൾക്ക് പരാതി നൽകാം. അതിൽ തന്നെ നിരവധി ഓപ്ഷൻസും നൽകിയിട്ടുണ്ടാകും. നിങ്ങൾ എന്തെങ്കിലുമൊരു സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നയാളാണെങ്കിൽ അവിടെ എന്തെങ്കിലും തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടായാലും പരാതിപ്പെടാം.

ഇത് കൂടാതെ ഇതിനു മുൻപ് പരാതി നൽകിയിട്ടുണ്ടെങ്കിൽ ആ പരാതിയുടെ സ്റ്റാറ്റസ്, പുതിയ പരാതിയുടെ സ്റ്റാറ്റസ് എന്നിവ ട്രാക്ക് ചെയ്യാനും കഴിയും. ഈ വാട്ട്സ്ആപ്പ് നമ്പർ വഴി നിങ്ങൾക്ക് പരാതി മാത്രമല്ല, ട്രെയിൻ യാത്ര ഇഷ്ടപ്പെട്ടാൽ അതും പങ്കുവെയ്ക്കാം. അതോടൊപ്പം തന്നെ നിങ്ങൾക്ക് റെയിൽ മദദ് മെച്ചപ്പെടുത്താനുമുള്ള അഭിപ്രായവും നൽകാൻ കഴിയും. എന്തെങ്കിലും പരാതി റെയിൽവേയുമായി പങ്കു വെയ്ക്കാൻ 7982139139 എന്ന നമ്പർ ഇപ്പോൾ തന്നെ സേവ് ചെയ്തോളൂ.