പെഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് റോയൽ എൻഫീൽഡ് ബുള്ളറ്റുകളുമായി മലയാളികളുടെ സാഹസിക യാത്ര ആരംഭിച്ചു. കാലടിയിൽ നിന്നും ആരംഭിച്ച യാത്ര കശ്‍മീരിലെ ടീത്വാളിലാണ് സമാപിക്കുക. ചലോഎൽഓസി കൂട്ടായ്‍മയാണ് യാത്ര സംഘടിപ്പിക്കുന്നത്.
പെഹൽഗാമിൽ വിനോദ സഞ്ചാരികളുടെ ജീവനെടുത്ത ഭീകര വാദികളുടെ ബുള്ളറ്റുകൾക്കെതിരെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളുമായി ഒരുകൂട്ടം മലയാളികളുടെ സാഹസിക യാത്രയ്‌ക്ക് ഇന്ന് കാലടിയിൽ നിന്നും തുടക്കമായി. ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ എന്ന മുദ്രാവാക്യവുമായി ചലോഎൽഓസി കൂട്ടായ്‍മ സംഘടിപ്പിക്കുന്ന യാത്ര കാലടി ശൃംഗേരി ശങ്കര മഠത്തിൽ കേരളത്തിലെ ഭീകരവിരുദ്ധസേനാ തലവനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുമായ പുട്ട വിമലാദിത്യ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്‍തു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടയിൽ നിന്നും കശ്‍മീരിലെ കുപ്പുവാര ജില്ലയിലെ ടീത്വാളിലേക്കാണ് 12 ദിവസം നീണ്ടുനിൽക്കുന്ന ബുള്ളറ്റ് ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പെഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് തുടങ്ങിയ ഫേസ് ബുക്ക് പേജിൽ നിന്ന് ഉരുത്തിരിഞ്ഞ 'ചലോ എൽ.ഒ.സി" എന്ന സംഘടനയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാൻ പറ്റും എന്ന ചിന്തയാണ് ഈ യാത്രയിലേക്ക് നയിച്ചതെന്ന് റൈഡർ ക്യാപ്റ്റൻ ആർ രാമനന്ദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡറും ഉൾപ്പെടെ 43 പേരാണ് യാത്രയിൽ അണിചേരുന്നത്. അതിൽ വീട്ടമ്മമാരും കർഷകരും പ്രൊഫഷണലുകളും വിദ്യാർത്ഥികളുമൊക്കെയുണ്ട്. ഓരോരുത്തരും സ്വന്തം ചെലവിലാണ് യാത്രയിൽ പങ്കെടുക്കുക. ഈ മാസം11ന് സംഘം ടീത്വാളിൽ എത്തും.
ശങ്കരാചാര്യർ സ്ഥാപിച്ച ശാരദാക്ഷേത്രമാണ് യാത്രയുടെ യഥാർത്ഥ ലക്ഷ്യം. എങ്കിലും സുരക്ഷാകാരണങ്ങളാൽ ഇന്ത്യ- പാക് അതിർത്തിയിലെ നിയന്ത്രണരേഖയായ കിഷൻഗംഗാ നദീതീരത്ത് ശാരദാ ക്ഷേത്രത്തിൽ യാത്ര അവസാനിപ്പിക്കും. ദിവസവും പുലർച്ചെ 4.30ന് ആരംഭിച്ച് രാത്രി എട്ട മണിക്ക് അവസാനിക്കുന്ന രീതിയിൽ ശരാശരി 500 കിലോമീറ്റർ എന്ന തോതിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളം പിന്നിടുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ യാത്രയിൽ അണിചേരും. കശ്മീരിൽ എത്തുമ്പോൾ സംഘത്തിൽ 100പേർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറയുന്നു.
ആർ രാമനന്ദ് ആണ് റൈഡർ ക്യാപ്റ്റൻ. ചലോ എൽ.ഒ.സി പ്രസിഡന്റ് മണി കാർത്തിക്, ട്രഷറർ കെ.എസ്. സുമേഷ്, സെക്രട്ടറി സുകന്യ കൃഷ്‍ണ തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഫ്ലാഗ് ഓഫ് ചടങ്ങിൽ സിനിമാ താരം രചന നാരായണൻകുട്ടി, ഗായത്രി അരുൺ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.



