ആദിശങ്കരന്‍റെ ജന്മദേശമായ കാലടിയിൽ നിന്ന് കശ്മീരിലേക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ റാലി. ഡോ. ആർ രാമാനന്ദിന്റെ നേതൃത്വത്തിൽ നൂറോളം ബുള്ളറ്റുകൾ പങ്കെടുക്കുന്ന അഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഈ പ്രതീകാത്മക യാത്ര ജൂൺ ഒന്നിന് ആരംഭിക്കും. 

ഹൽഗാമിൽ കണ്ണീര് വീഴ്ത്തിയവ‍ർക്കും വനിതകളുടെ സിന്ദൂരം മായിച്ചവ‍ർക്കും രാജ്യം കനത്ത തിരിച്ചടി നൽകിക്കഴിഞ്ഞു. അതിന്‍റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴിതാ രാജ്യത്തെ അശാന്തമാക്കുന്ന ഭീകരവാദികളുടെ ബുള്ളറ്റുകൾക്ക് ജനാധിപത്യത്തിൽ ഊന്നിയ മറുപടിയുമായി കേരളത്തിൽ നിന്നും കശ്‍മീരിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് നൂറുകണക്കിന് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ. ആദിശങ്കരന്‍റെ മണ്ണായ കാലടിയിൽ നിന്നും 3600 കിലോമീറ്ററോളം 100 ഓളം ബുള്ളറ്റുകൾ സഞ്ചരിക്കുന്ന ഈ യാത്രയുടെ മുദ്രാവാക്യം ബുള്ളറ്റ് എഗൈൻസ്റ്റ് ബുള്ളറ്റ് എന്നാണ്. കശ്മീരിലെ തീത്വാളിലുള്ള ശാരദാ ക്ഷേത്രം വരെയാണ് അഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഈ പ്രതീകാത്മക യാത്ര നടക്കുക.

അഭിനവഗുപ്‍ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വൻസ്‍സ് സ്‍പിരിച്വൽ സ്റ്റഡീസ് ഡയറക്ടറും കേരളത്തിന്‍റെ ആധ്യാത്‍മിക ശബ്‍ദവും എഴുത്തുകാരനുമൊക്കെയായ ഡോ ആ‍ർ രാമാനന്ദിന്‍റെ നേതൃത്വത്തിലാണ് നൂറോളം ബുള്ളറ്റുകൾ ഈ ഐതിഹാസിക യാത്രയ്ക്ക് ഒരുങ്ങുന്നത്. ആദിശങ്കരൻ നടന്ന വഴികളിലൂടെ അഭിനവ ഗുപ്‍തന്‍റെ കാശ്‍മീരിലേക്ക് ഇന്ത്യയുടെ സ്വന്തമായ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കുതിക്കും. ബുള്ളറ്റുകളെ ബുള്ളറ്റുകൾ കൊണ്ടു നേരിടുക എന്ന ലക്ഷ്യത്തോടെ ബുള്ളറ്റ് എഗൈൻസ്റ്റ് ബുള്ളറ്റ് എന്ന് പേരിട്ട ഈ യാത്രയ്ക്ക് ജൂൺ ഒന്നിന് കാലടിയിൽ തുടക്കമാകും.

പെഹൽഗാമിലെ നൊമ്പരത്തിൽ നിന്നും വന്ന ധൈര്യമാണ് ഇത്തരമൊരു യാത്രയെക്കുറിച്ചുള്ള ചിന്തകൾക്ക് പിന്നിലെന്ന് ഡോ രാമാനന്ദ് പറയുന്നു. കഴിഞ്ഞ നാല് വ‍ർഷമായി നിരന്തരം കശ്‍മീരിലേക്ക് യാത്ര ചെയ്യാറുണ്ട് രാമാനന്ദ്. പെഹൽഗാമിൽ ഭീകരാക്രമണം നടക്കുന്നതിന് രണ്ടാഴ്ച മുമ്പും അദ്ദേഹം കശ്‍മീരിൽ ഉണ്ടായിരുന്നു. ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന് വേണ്ടി തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന ചിന്തയാണ് ഈ യാത്രയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 

ഭീകരരുടെ ബുള്ളറ്റുകൾക്കെതിരെ ജനാധിപത്യപരമായ ബുള്ളറ്റ് എന്ന ആശയം അങ്ങനെയാണ് വന്നത്. നമ്മുടെ സ്വന്തം റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ കൊണ്ട് ജനാധിപത്യപരമായ രീതിയിൽ ഒരു പ്രതിഷേധം. അതിനായി ഒരു വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അങ്ങനെയാണ് ചലോ എൽഒസി (ChaloLoc) എന്ന കൂട്ടായ്‍മ ഉണ്ടാകുന്നത്. ഈ കൂട്ടായ്‍മയിൽ അതിൽ ദേശസ്‍നേഹികളായ ആയിരങ്ങൾ ചേർന്നു. സ്‍ത്രീകളും കുട്ടികളും യുവാക്കളും വയോധികരും ട്രാൻസ്‍ജെൻഡേഴ്സുമൊക്കെ ഉൾപ്പെടെയുള്ള ആയിരങ്ങൾ ഭാരതം എന്ന ഒറ്റ വികാരത്തിന് മുന്നിൽ ഒത്തുനിന്നതായി രാമാനന്ദ് പറയുന്നു. അതിൽ നിന്നും അരിച്ചരിച്ചെടുത്ത നൂറുപേരാണ് ഈ യാത്രയിൽ പങ്കെടുക്കുന്നത്. 

യാത്രികരിൽ 15 ഓളം സ്‍ത്രീകൾ ഉണ്ട്. 20 വയസുതൊട്ട് 65 വയസുകഴിഞ്ഞവ‍ർ വരെ ബുള്ളറ്റുകളുമായി ഈ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഈ നൂറുപേരിൽ ക‍ർഷകരും ഐടി പ്രൊഫഷണലുകളും വിദ്യാ‍ത്ഥികളും ഒക്കെയുണ്ട്. ആരോടും ഒരു ഫണ്ടും ചോദിച്ചിട്ടല്ല ഈ യാത്ര. ഫണ്ടിന് വേണ്ടിയുമല്ല ഈ യാത്ര. ഒരാൾക്ക് 60,000 രൂപയെങ്കിലും ചിലവ് വരും ഈ യാത്രയ്ക്ക്. എന്നിട്ടും 3600 കിമി സഞ്ചരിക്കേണ്ടി വരുന്ന അപകടകരമായ ബൈക്ക് യാത്രയിൽ പങ്കെടുക്കാൻ ഇനിയും ദേശസ്‍നേഹികൾ തയ്യാറായി നിൽക്കുന്നുണ്ടെന്നും ഡോ രാമാനന്ദ് പറയുന്നു.

യാത്രയെപ്പറ്റി സംസാരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖ‍റിനെയും കേരള ഗവ‍ണ‍ർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെയുമൊക്കെ കണ്ട കാര്യങ്ങളും ഡോ രാമാനന്ദ് ഓ‍ർക്കുന്നു. അദ്ഭുതപ്പെടുത്തുന്ന പ്രതികരണമായിരുന്നു രാജീവ് ചന്ദ്രശേഖ‍റിന്‍റേത്. താനുമൊരു റൈഡ‍ർ ആണെന്നും ഈ യാത്രയിൽ നിങ്ങൾക്കൊപ്പം ഞാനും പങ്കെടുക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യപ്രതികരണം. യാത്രയുടെ റൂട്ട് തരൂ വഴിയിൽ എവിടെ വച്ചുവേണമെങ്കിലും താൻ ജോയിൻ ചെയ്യാം എന്നുകൂടി രാജീവ് ചന്ദ്രശേഖ‍ർ പറഞ്ഞതായി രാമാനന്ദ് പറയുന്നു. ഗവർണറും ഈ യാത്രയ്ക്ക് പൂർണപിന്തുണ വാഗ്‍ദാനം ചെയ്തതായി ഡോ രാമാനന്ദ് പറയുന്നു. 

ഭാരതത്തിന്‍റെ സുഷുമ്‍നയിലൂടെ അഥവാ രാഷ്‍ട്ര ശരീരത്തിലൂടെ കാലടിയിൽ നിന്നും കശ്‍മീരിലെ ശാരദവരെ രാജ്യത്തിന്‍റെ ചൂടും ചൂരും നുകർന്നുകൊണ്ടുള്ള യാത്ര ഒരു ഭാഗ്യമാണെന്നും ഡോ ആ‍ർ രാമാനന്ദ് പറയുന്നു. ജൂൺ ഒന്നാം തീയതി തുടങ്ങി 12ന് അവസാനിക്കും വിധമാണ് ഈ യാത്ര.