ഇന്ത്യക്കാരുടെ ഫേവറിറ്റ് ഡെസ്റ്റിനേഷനായ തായ്ലൻഡിലേയ്ക്ക് വെറും 50,000 രൂപ ബജറ്റിൽ 6 ദിവസം നീണ്ടുനിൽക്കുന്ന യാത്ര പ്ലാൻ ചെയ്യാം. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ത്യൻ സഞ്ചാരികളുടെ ഫേവറിറ്റ് ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നാണ് തായ്‌ലൻഡ്. എല്ലാ വർഷവും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തായ്ലൻഡിലെത്തുന്നത്. വിദേശ യാത്രകളുടെ ചെലവിനെ കുറിച്ച് ഓർത്ത് യാത്ര ഉപേക്ഷിക്കാൻ വരട്ടെ. പോക്കറ്റ് കാലിയാകാതെ തായ്ലൻഡ് ട്രിപ്പ് പ്ലാൻ ചെയ്താലോ? വിമാന യാത്ര, ഭക്ഷണം, താമസം എന്നിവയുൾപ്പെടെ 50,000 രൂപയുടെ ബജറ്റിൽ തായ്‌ലൻഡിൽ അടിച്ചുപൊളിക്കാൻ (6 ദിവസം) സാധിക്കുന്ന ഒരു സമഗ്രമായ യാത്രാ പദ്ധതി തയ്യാറാക്കാം. യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി ഓഫ് സീസൺ തിരഞ്ഞെടുക്കുകയും വേണം. വിമാനങ്ങളും താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ തുക ലാഭിക്കാൻ സഹായിക്കും.
1. ഓഫ് സീസൺ തിരഞ്ഞെടുക്കുക
മൺസൂൺ പോലെയുള്ള ഓഫ് സീസണിൽ (മെയ് മുതൽ ഒക്ടോബർ വരെ) തായ്‌ലൻഡ് സന്ദർശിക്കാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വലിയ തുക ലാഭിക്കാൻ സാധിക്കും. ഈ മാസങ്ങളിൽ പൊതുവേ തിരക്ക് കുറവായിരിക്കുമെന്നതിനാൽ തന്നെ വിമാന ടിക്കറ്റുകൾക്കും ഹോട്ടലുകൾക്കും നിരക്ക് കുറവായിരിക്കും. മുൻകൂട്ടി പ്ലാൻ ചെയ്താൽ ഈ മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിലേക്കുള്ള റൗണ്ട്-ട്രിപ്പ് വിമാന ടിക്കറ്റുകൾ 10,000 – 15,000 രൂപ വരെ നിരക്കിൽ സ്വന്തമാക്കാം.
2. ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിമാന ടിക്കറ്റുകളുടെ നിരക്ക് താരതമ്യം ചെയ്യുക: ഒന്നോ രണ്ടോ വെബ്‌സൈറ്റുകൾ പരിശോധിക്കുന്നതിനുപകരം, വിവിധ എയർലൈനുകളുടെ നിരക്കുകൾ താരതമ്യം ചെയ്യാൻ സ്കൈസ്‌കാനർ പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് മികച്ച ഓഫറുകളും വിലക്കുറവും നേടാൻ സഹായിക്കും.
യാത്രാ നിരക്കുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്ന ആപ്പുകൾ: ടിക്കറ്റ് നിരക്ക് കുറയുമ്പോൾ ഉടനടി നിങ്ങളെ അറിയിക്കുന്ന ചില ആപ്പുകൾ ഉണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുക: കുറഞ്ഞത് 2 മുതൽ 6 മാസം വരെ മുമ്പെങ്കിലും നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണം. നിരക്കുകൾ താരതമ്യേന കുറവായതിനാൽ ചൊവ്വാഴ്ചകളിലോ ബുധനാഴ്ചകളിലോ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
3. താമസ സൗകര്യം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബജറ്റ് സൗഹൃദമായി താമസം വാഗ്ദാനം ചെയ്യുന്ന നിരവധി ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ എന്നിവ തായ്ലൻഡിലുണ്ട്.
ഹോസ്റ്റലുകൾ: ഹോസ്റ്റലുകളിൽ താമസിച്ചാൽ ചെലവ് വലിയ രീതിയിൽ കുറയ്ക്കാം. ഒരു രാത്രിക്ക് 1,500 രൂപയിൽ താഴെ നിരക്കിൽ ബുക്ക് ചെയ്യാവുന്ന ഡോർമിറ്ററി കിടക്കകളുള്ള ഹോസ്റ്റലുകൾ തായ്ലൻഡിലുണ്ട്.
ഗസ്റ്റ് ഹൗസുകൾ: യാത്രക്കാർക്ക് ഒരു രാത്രിക്ക് ഏകദേശം 2,500 രൂപ ചെലവഴിക്കാനും സുഖമായി താമസിക്കാനും കഴിയുന്ന ഗസ്റ്റ് ഹൗസുകൾ തായ്ലൻഡിൽ ലഭ്യമാണ്.
ബജറ്റ് ഹോട്ടലുകൾ : ഒരു രാത്രിക്ക് 2,000 രൂപ മുതൽ ആരംഭിക്കുന്ന ബജറ്റ് ഹോട്ടലുകളും നിങ്ങൾക്ക് ലഭിക്കും. ബാങ്കോക്ക്, പട്ടായ തുടങ്ങിയ നഗരങ്ങൾ താങ്ങാനാവുന്ന വിലയിൽ താമസ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു ദിവസത്തെ ഏകദേശ ചെലവ്
- താമസം - 1,500 രൂപ
- ഭക്ഷണം - (സ്ട്രീറ്റ് ഫുഡ്) 800 രൂപ
- പ്രാദേശിക ഗതാഗതം - 300 രൂപ
- ആക്ടിവിറ്റീസ് - 500 രൂപ
- ആകെ - 3,100 രൂപ
6 ദിവസത്തെ യാത്രാ പ്ലാൻ
1-ാം ദിനം: ബാങ്കോക്ക് വിമാനത്താവളത്തിൽ എത്തിച്ചേരുക. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഫ്രഷ് ആയ ശേഷം അൽപ്പ സമയം വിശ്രമിക്കാം. തുടർന്ന് ബാങ്കോക്കിലെ പ്രശസ്തമായ ഗ്രാൻഡ് പാലസ്, വാട്ട് ഫോ എന്നിവ സന്ദർശിക്കാം. അന്ന് വൈകുന്നേരം ഖാവോ സാൻ റോഡിലെ കാഴ്ചകളും കാണാം.
2-ാം ദിനം: പ്രശസ്തമായ ചാറ്റുചക് വാരാന്ത്യ മാർക്കറ്റ് കാണാൻ പോകാം. തുടർന്ന് ചാവോ ഫ്രായ നദിയിലൂടെ ഒരു ബോട്ട് യാത്ര. യാവോറാത്തിൽ (ചൈനാടൗൺ) എത്തിയ ശേഷം തായ്‌ലൻഡിലെ സ്ട്രീറ്റ് ഫുഡിന്റെ രുചി ആസ്വദിക്കാം.
3-ാം ദിനം: പ്രശസ്തമായ പട്ടായയിലെ കാഴ്ചകൾ ആസ്വദിക്കാൻ ഈ ദിനം ഉപയോഗിക്കാം. ബാങ്കോക്കിൽ നിന്ന് ഏകദേശം 2 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താൽ പട്ടായയിലെത്താം. ബസിലും സഞ്ചരിക്കാൻ സാധിക്കും. മനോഹരമായ ജോംതിയൻ ബീച്ചും പ്രശസ്തമായ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രവും സന്ദർശിക്കാം.
4-ാം ദിനം: പട്ടായയിലെ നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡനും പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റും കാണാം. വൈകുന്നേരം അൽകാസർ കാബറേ ഷോയിലേക്ക് പോയാൽ എനർജറ്റിക് ഷോകൾ ആസ്വദിക്കാം.
5-ാം ദിനം: വിമാനത്തിലോ ട്രെയിൻ ബുക്ക് ചെയ്തോ ചിയാങ് മായിയിലേക്ക് പോകാം. അവിശ്വസനീയമായ പഴയ നഗരത്തിലെ ക്ഷേത്രങ്ങൾ പര്യവേക്ഷണം ചെയ്യാം. ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത നൈറ്റ് ബസാർ സന്ദർശിക്കാം.
6-ാം ദിനം: ചിയാങ് മായിൽ എലിഫന്റ് ജംഗിൾ സാങ്ച്വറിയിലേക്കും ഡോയി സുതേപ് ക്ഷേത്രത്തിലേക്കും പോകാം. രാത്രിയിൽ പരമ്പരാഗതമായ ഭക്ഷണങ്ങളുടെ രുചി ആസ്വദിക്കാം.
ചെലവ് വീണ്ടും ചുരുക്കാൻ ഇതാ ചില നുറുങ്ങുകൾ
പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാൽ ചെലവ് കുറച്ചുകൂടി ചുരുക്കാൻ സാധിക്കും. ഇവിടെയുള്ള നിരവധി ക്ഷേത്രങ്ങളിലേക്കും പാർക്കുകളിലേക്കും പ്രവേശനം സൗജന്യമാണ്. മിതമായ നിരക്കുകൾ മാത്രം ഈടാക്കുന്ന സ്ഥലങ്ങളുമുണ്ട്. അവ കണ്ടെത്തിയാൽ കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ പിടിച്ചുനിർത്താൻ യാത്രാ ഇൻഷുറൻസ് ഉറപ്പാക്കുക. ഇത്തരം ചില നുറുങ്ങുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഏകദേശം 50,000 രൂപ ബജറ്റിൽ ഒരു തായ്‌ലൻഡ് യാത്ര നടത്താം!


