ചീങ്ങേരമലയുടെയും കൊളഗപ്പാറ മലയുടെയും ഇടയിലാണ് ആറാട്ടുപാറ സ്ഥിതി ചെയ്യുന്നത്. 

കാടും കോടമഞ്ഞും അല്‍പ്പം ട്രക്കിംഗുമെല്ലാം കൂടിച്ചേരുന്ന സാഹസിക യാത്രകള്‍ എന്നും അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിക്കുക. അത്തരത്തില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. താമരശ്ശേരി ചുരം കയറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അനുഭവം ഒരുക്കി കാത്തിരിക്കുകയാണ് ആറാട്ടുപാറ. അഗ്രഭാഗത്ത് കിരീടംപോലെ കാണുന്ന മകുടപ്പാറയും പക്ഷി രൂപത്തില്‍ കൗതുകമുണര്‍ത്തുന്ന പക്ഷിപ്പാറയും ഇവിടെ എത്തിയാൽ കാണാം. 

വയനാട്ടിലെ ചീങ്ങേരമലയുടെയും കൊളഗപ്പാറ മലയുടെയും ഇടയിലാണ് ആറാട്ടുപാറയുടെ സ്ഥാനം. ഏത് നിമിഷവും ഉരുണ്ട് താഴെ വീഴുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മകുടപ്പാറയുള്ളത്. ഇതിന് തൊട്ടുതാഴെയായാണ് 'പറന്നുയരാന്‍ കാത്തുനില്‍ക്കുന്ന' തരത്തിലുള്ള പക്ഷിപ്പാറ. കാഴ്ചയുടെ അത്ഭുത വിരുന്നൊരുക്കി ഗുഹകളും ഇവിടെയുണ്ട്. 

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് മീനങ്ങാടി 54ല്‍ എത്തണം. ഇവിടെ നിന്ന് അമ്പലവയല്‍ റൂട്ടില്‍ നാല് കിലോമീറ്റര്‍ പോയാല്‍ കുമ്പളേരിയിലെ ആറാട്ടുപാറയിലെത്താം. മീനങ്ങാടിയില്‍ നിന്ന് ബസ്സിലാണ് യാത്രയെങ്കില്‍ എകെജി സ്റ്റോപ്പിലിറങ്ങണം. ഇവിടെ നിന്നും 500 മീറ്റര്‍ മാത്രം നടന്നാല്‍ ആറാട്ടുപാറയുടെ താഴെയെത്താം. സ്വകാര്യ വാഹനങ്ങളിലാണെങ്കില്‍ പാറയുടെ സമീപം വരെ പോകാം. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ചരിഞ്ഞ പാറക്കെട്ടിനുമുകളിലൂടെ 20 മിനിറ്റു കൊണ്ട് മലമുകളിലെത്താം. മുകളിലെത്തിക്കഴിഞ്ഞാൽ കാഴ്ചയുടെ ഒരു വിസ്മയം തന്നെയാണ് ഇവിടം സമ്മാനിക്കുക. സൂര്യോദയവും അസ്തമയും കാണാൻ നിരവധി പേർ ഇവിടേയ്ക്ക് എത്താറുണ്ട്. കാരാപ്പുഴ അണക്കെട്ടും അമ്പുകുത്തി, കൊളഗപ്പാറ, ഫാന്റം റോക്ക് മലകളും ഇവിടെയിരുന്ന് ആസ്വദിക്കാം.

READ MORE: കനത്ത സുരക്ഷയിൽ കശ്മീർ; 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു