കേരളത്തിലെ എല്ലാ ജില്ലകളിലും വൺഡേ ട്രിപ്പ് പോകാൻ അനുയോജ്യമായ സ്പോട്ടുകളുണ്ട്.
തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഒരിടവേള എടുക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ അൽപ്പ നേരം ചെലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! എന്നാൽ, ജോലിത്തിരക്കുകളും മറ്റ് ഒഴിവാക്കാനാകാത്ത കാര്യങ്ങളുമെല്ലാം ഒരുമിച്ചെത്തുമ്പോൾ പലരും സ്വന്തം കാര്യങ്ങൾ മാറ്റിവെയ്ക്കാൻ നിര്‍ബന്ധിതരാകാറുണ്ട്. ഒരു അവധി ദിനം ലഭിച്ചാൽ രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്താൻ സാധിക്കുന്ന നിരവധി മനോഹരമായ സ്ഥലങ്ങൾ കേരളത്തിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. പൊന്മുടി

തിരുവനന്തപുരത്തുള്ളവര്‍ക്കും കൊല്ലം ജില്ലക്കാര്‍ക്കുമെല്ലാം ഒരു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് പൊന്മുടി. തിരുവനന്തപുരം നഗരത്തിൽ നിന്ന് 54 കിലോ മീറ്റര്‍ സഞ്ചാരിച്ചാൽ പൊന്മുടിയിലെത്താം. തേയില തോട്ടങ്ങളും പച്ചപ്പും കോടമഞ്ഞുമെല്ലാം ഇവിടെയുണ്ട്. പൊന്മുടി എത്തുന്നതിന് തൊട്ടുമുമ്പ് കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടമുണ്ട്. സമയമുണ്ടെങ്കിൽ അവിടെയൊരു കുളി പാസാക്കിയ ശേഷം പൊന്മുടിയിലേയ്ക്ക് കയറുന്നതാണ് നല്ലത്. പൊന്മുടിയുടെ ടോപ് വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുമുണ്ട്.
2. ജഡായുപ്പാറ

കൊല്ലം ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ജഡായുപ്പാറ. ചടയമംഗലത്താണ് ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് നിന്ന് 36 കിലോ മീറ്റര്‍ സഞ്ചരിച്ചാൽ ചടയമംഗലത്തെത്താം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ് ജഡായുപ്പാറയുടെ പ്രധാന സവിശേഷത. പെയ്ന്റ് ബോൾ, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈൻ, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ സാഹസിക വിനോദത്തിന്റെ വിവിധ ഇനങ്ങൾ അടങ്ങിയ അഡ്വഞ്ചർ പാർക്കും ഇവിടെയുണ്ട്.
3. പൈതൽമല, പാലക്കയം തട്ട്

കണ്ണൂർ ജില്ലയിലെ മനോഹരമായ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് പാലക്കയം തട്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണിത്. കോട പുതച്ച മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, പശ്ചിമഘട്ടത്തിന്റെ ആകർഷകമായ സൗന്ദര്യം എന്നിവയാണ് പാലക്കയം തട്ടിനെ സവിശേഷമാക്കുന്നത്. ക്യാമ്പിംഗ്, സിപ്‌ലൈൻ, റോപ്പ് ക്രോസ്, സോർബിംഗ് ബോൾ, ഗൺ ഷൂട്ടിംഗ്, അമ്പെയ്ത്ത് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. പാലക്കയം തട്ടിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൈതൽമല കണ്ണൂരിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ്.
4. അതിരപ്പിള്ളി വെള്ളച്ചാട്ടം

തൃശൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം ജില്ലക്കാർക്ക് ഒരു ദിവസം കൊണ്ട് പോയി വരാൻ അനുയോജ്യമായ ഏറ്റവും മികച്ച സ്പോട്ടാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. തൃശൂര്‍ നഗരത്തിൽ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പിള്ളി. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. അതിരപ്പിള്ളിയിൽ നിന്ന് ഏകദേശം 5 കിലോ മീറ്റര്‍ മാത്രം സഞ്ചരിച്ചാൽ പ്രശസ്തമായ വാഴച്ചാൽ വെള്ളച്ചാട്ടത്തിലെത്താം.
5. മലമ്പുഴ ഗാര്‍ഡൻ

കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്ക് രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്താവുന്ന രീതിയിൽ ഒരു മലമ്പുഴ വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യാം. ദക്ഷിണേന്ത്യയിലെ ഏക റോക്ക് ഗാര്‍ഡനാണിത്. പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ നിര്‍മ്മിച്ച യക്ഷി ശിൽപ്പമാണ് ഇവിടുത്തെ മറ്റൊരു പ്രധാന സവിശേഷത. പൂച്ചെടികൾ, ജലധാരകൾ, റോസ് ഗാര്‍ഡൻ, ഏരിയൽ റോപ് വേ തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.


