ഗൂഡല്ലൂര്‍-ഊട്ടി, മസിനഗുഡി-ഊട്ടി എന്നീ പാതകളിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞുവീണത്.

സുല്‍ത്താന്‍ബത്തേരി: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഗൂഡല്ലൂരിലെ പ്രധാന പാതകളില്‍ അറ്റുകറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ചുരംപാത വഴി ഗൂഡല്ലൂരിലേക്ക് എത്തുന്ന ചരക്കുലോറികള്‍ക്കും വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കും വിലക്ക് തുടരുകയാണ്. പ്രധാന പാതകളായ ഗൂഡല്ലൂര്‍-ഊട്ടി, മസിനഗുഡി-ഊട്ടി എന്നീ പാതകളിലാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മണ്ണിടിഞ്ഞുവീണത്. മാത്രമല്ല ഗൂഡല്ലൂര്‍-ഊട്ടി ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടിതായും കണ്ടെത്തിയിരുന്നു. 

മസിനഗുഡി-ഊട്ടി പാതയില്‍ പാറകളിടിഞ്ഞു വീണ കല്ലട്ടി ഭാഗത്ത് അറ്റകുറ്റപ്പണികള്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം ഗൂഡല്ലൂര്‍-ഊട്ടി ദേശീയപാതയിലെ കൊണ്ടൈ ഹെയര്‍പിന്‍ വളവിനു സമീപം തവളമലയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ എത്തി സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ചുരം റോഡിന് സമീപത്തെ ഉയരമുള്ള ഭാഗങ്ങളില്‍ മുപ്പതടി ഉയരത്തില്‍ പാറകള്‍ മരങ്ങളില്‍ തങ്ങിനില്‍ക്കുന്നതായും ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും വിവരമുണ്ട്.

അതേസമയം, ഭാരവാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയതോടെ ഗൂഡല്ലൂര്‍ മേഖലയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ചരക്കുനീക്കമുള്‍പ്പെടെ നിലച്ചിരിക്കുകയാണ്. നിവലില്‍ പകല്‍ സമയങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ മാത്രമാണ് ചുരം വഴി കടന്നുപോകുന്നത്. രാത്രിയില്‍ എല്ലാ തരം വാഹനങ്ങള്‍ക്കും പൂര്‍ണനിയന്ത്രണം ഉണ്ടെങ്കിലും ആംബുലന്‍സുകള്‍ക്ക് ബാധകമല്ല.

ഗൂഡല്ലൂരിന്റെ ചില മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 200 മില്ലി മീറ്ററിനടുത്ത് വരെ മഴ ലഭിച്ചിരുന്നു. അവളാഞ്ചിയില്‍ 190 മില്ലി മീറ്ററാണ് പെയ്ത മഴയുടെ അളവ്. അപ്പര്‍ഭവാനി 125 ഉം ബാലകോളയില്‍ 77ഉം കുന്തയില്‍ 66ഉം ഗൂഡല്ലൂര്‍, മേല്‍ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ 66 മില്ലി മീറ്റര്‍ തോതിലും മഴ ലഭിച്ചു. പന്തല്ലൂര്‍ (54), പാടുന്തറ (52) മേഖലകളിലാണ് താരതമ്യേന കുറവ് മഴ ലഭിച്ചിട്ടുള്ളത്. വീടുകളിലേക്ക് വെള്ളം കയറിയും മറ്റും മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ കഴിഞ്ഞ ദിവസം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.