വേനൽക്കാലത്ത് വലിയ തിരക്ക് അനുഭവപ്പെടാറുള്ള നൈനിറ്റാളിൽ ഇത്തവണ ആളൊഴിഞ്ഞ റോഡുകളാണ് കാണാനായത്. 

ദില്ലി: പഹൽഗാം ഭീകരാക്രമണവും ഇതിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരര്‍ക്ക് ഇന്ത്യ തക്കതായ മറുപടി നൽകിയതുമായിരുന്നു സമീപകാലത്തെ പ്രധാന സംഭവങ്ങൾ. പഹൽഗാമിൽ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയത് ജമ്മു കശ്മീരിലെ ടൂറിസം മേഖലയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതോടെ പഹൽഗാമിലേയ്ക്കും ജമ്മു കശ്മീരിലെ മറ്റിടങ്ങളിലേയ്ക്കും പോകാൻ വിനോദ സഞ്ചാരികൾ തയ്യാറായിരുന്നില്ല. മാത്രമല്ല, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും പാകിസ്ഥാന്റെ പ്രകോപനവുമെല്ലാം കാരണം ജമ്മു കശ്മീര്‍ ദിവസങ്ങളോളം അശാന്തമായിരുന്നു. 

ഇപ്പോൾ ഇതാ പഹൽഗാമിന് പിന്നാലെ രാജ്യത്തെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവും സമാനമായ രീതിയിൽ പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ എന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണയായി വേനൽക്കാലത്ത് വലിയ തിരക്ക് അനുഭവപ്പെടാറുള്ള നൈനിറ്റാൾ ഇത്തവണയും സഞ്ചാരികളെ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ആളൊഴിഞ്ഞ, വാഹനങ്ങളുടെ തിരക്കില്ലാത്ത റോഡുകളാണ് നൈനിറ്റാളിൽ കാണാനായത്. 

സാധാരണയായി ദില്ലി, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് നൈനിറ്റാൾ. എന്നാൽ, ഇത്തവണ നൈനിറ്റാളിലെ ഹോട്ടലുകളിൽ താമസിക്കുന്നവരുടെ എണ്ണത്തില്‍ വൻ ഇടിവ് ഉണ്ടായി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇത് 90 ശതമാനത്തിലധികം ആയിരുന്നത് ഈ സീസണിൽ വെറും 10–15% ആയി ചുരുങ്ങി. ഇതിന്റെ ഫലമായി നൈനിറ്റാളിലെ ടൂറിസം മേഖലയ്ക്ക് ഇതുവരെ 60 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

ടോൾ ഫീസിലെയും പാർക്കിംഗ് നിരക്കുകളിലെയും വർദ്ധനവ് ഉൾപ്പെടെ ഈ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തൽ. ബജറ്റിന് പ്രാധാന്യം നൽകുന്ന സഞ്ചാരികൾ നൈനിറ്റാളിലേയ്ക്ക് വരാൻ മടിക്കുന്നതും സുരക്ഷ, ക്രമസമാധാനം എന്നിവയെക്കുറിച്ചുള്ള ആശങ്കകളും ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കാമെന്നാണ് മനസിലാകുന്നത്. സമീപകാലത്ത് നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ആഭ്യന്തര സഞ്ചാരികളിൽ ഉത്കണ്ഠ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് അതിർത്തിയിൽ നിന്ന് വളരെ അകലെയുള്ള സുരക്ഷിതമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ നൈനിറ്റാളിലെ പ്രദേശവാസികൾ, പ്രത്യേകിച്ച് ടൂറിസം മേഖലയെ വളരെയധികം ആശ്രയിക്കുന്നവരാണ് ദുരിതമനുഭവിക്കുന്നത്. റെസ്റ്റോറന്റുകൾ, ടാക്സി ഡ്രൈവർമാർ, പ്രാദേശിക കച്ചവടക്കാർ എന്നിവർ പ്രതിസന്ധിയിലായി. ഒരുകാലത്ത് എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്ന നൈനി തടാകം ഇപ്പോൾ ഏറെക്കുറെ നിശ്ചലമാണ്. ഇവിടെ ബോട്ട് സർവീസ് നടത്തിയിരുന്നവരെല്ലാം ബിസിനസിൽ ഗണ്യമായ ഇടിവുണ്ടായെന്നാണ് പറയുന്നത്. അതേസമയം, നൈനിറ്റാളിൽ മാത്രമല്ല സഞ്ചാരികളുടെ കുറവുണ്ടായത്. പഹൽഗാം ആക്രമണത്തിന് ശേഷം, കശ്മീർ താഴ്‌വരയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവും ഗണ്യമായി കുറഞ്ഞു. ഇതേ തുടർന്ന്, ശ്രീനഗറിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. വിമാന നിരക്കിലും വലിയ ഇടിവാണ് സംഭവിച്ചത്.