സര്‍ക്കാര്‍ നീക്കത്തിനെതിരെ ടാക്സി ഓപ്പറേറ്റര്‍മാര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

പനാജി: ഗോവ ട്രിപ്പ് പ്ലാൻ ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷവാർത്ത. ഗോവയിലെത്തുന്നവര്‍ നേരിട്ടിരുന്ന യാത്രാ ദുരിതത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആപ്പ് അധിഷ്ഠിത ക്യാബ് സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട കരട് മാര്‍ഗനിര്‍ദ്ദേശങ്ങൾ (ഗോവ ട്രാൻസ്പോർട്ട് അഗ്രഗേറ്റർ ഗൈഡ്ലൈൻസ് 2025) അവതരിപ്പിച്ചു. ഇതോടെ ഗോവയിലെ ക്യാബ് മാഫിയയുടെ 'കൊള്ള'യിൽ നിന്ന് സഞ്ചാരികൾക്ക് മോചനം നേടാനാകുമെന്നാണ് വിലയിരുത്തൽ. 

ഗോവയിലെത്തുന്ന സഞ്ചാരികൾ നിലവിലുള്ള ടാക്സി സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് വർഷങ്ങളായി പരാതിപ്പെടുന്നുണ്ട്. പൊതുഗതാഗത സൗകര്യം വളരെ കുറവായതിനാൽ സഞ്ചാരികൾക്ക് മിക്കപ്പോഴും പ്രാദേശിക ടാക്സികളെ ആശ്രയിക്കേണ്ടി വരാറുണ്ട്. പ്രാദേശിക ക്യാബ് ഓപ്പറേറ്റർമാർക്ക് വിപണിയിൽ ശക്തമായ സ്വാധീനമുണ്ട്. അതിനാൽ തന്നെ, ഗോവയിൽ ഒരു ക്യാബിൽ പോകാൻ പലപ്പോഴും വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ പണം സഞ്ചാരികൾക്ക് ചിലവാക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. വൺ സൈഡ് യാത്ര മാത്രമാണെങ്കിലും മടക്കയാത്ര നിരക്ക് കൂടി ഇവര്‍ ഈടാക്കുന്ന സ്ഥിതിയാണുള്ളത്.

യാത്രക്കാർക്ക് ആശ്വാസം പകരുന്ന നടപടിയിലേയ്ക്ക് സര്‍ക്കാര്‍ കടക്കുമ്പോഴും ഇതിനെതിരെ ടാക്സി ഓപ്പറേറ്റര്‍മാര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ആപ്പ് അധിഷ്ഠിത ക്യാബ് സര്‍വീസ് നിലവിൽ വന്നാൽ അത് തങ്ങളുടെ ഉപജീവനമാർഗ്ഗത്തിന് ഭീഷണിയാകുമെന്നാണ് പ്രാദേശിക ടാക്സി ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. അതേസമയം, ഗോവ വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. 2025 ന്റെ ആദ്യ പാദത്തിൽ വിനോദസഞ്ചാരികളുടെ വരവിൽ 10.5% വർദ്ധനവാണ് ഉണ്ടായത്. 2025 ജനുവരിയിൽ ഏകദേശം 28.5 ലക്ഷം സഞ്ചാരികളാണ് ഗോവയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ ഇത് 25.8 ലക്ഷമായിരുന്നു.