ഒറ്റയ്ക്കുള്ള യാത്രകൾ ആവേശകരമാണെങ്കിലും സുരക്ഷയ്ക്ക് വളരെയേറെ പ്രാധാന്യം നൽകേണ്ടതുണ്ട്.
ഒറ്റയ്ക്കുള്ള യാത്രകൾ എപ്പോഴും ആവേശകരവും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയുമാണ്. ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താത്പ്പര്യപ്പെടുന്നവർ ഏറെയാണ്. സോളോ ട്രാവലർ എന്ന് വിളിക്കുന്ന ഇക്കൂട്ടർ ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾ നടത്താറുണ്ട്. എന്നാൽ, ഒറ്റയ്ക്കുള്ള യാത്രകളിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം, സഹായത്തിന് കൂടെ ആരുമില്ലെന്നത് തന്നെയാണ്. അതിനാൽ സോളോ യാത്ര പ്ലാൻ ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. നിങ്ങളുടെ പദ്ധതി അടുപ്പമുള്ള ആരെയെങ്കിലും അറിയിക്കുക
നിങ്ങളുടെ യാത്രാ പദ്ധതികൾ, താമസ സൗകര്യം എന്നിവയെക്കുറിച്ച് എപ്പോഴും ഒരു വിശ്വസ്തനായ സുഹൃത്തിനെയോ കുടുംബാംഗത്തെയോ അറിയിക്കുകയും അവരുമായി ദിവസവും ബന്ധപ്പെടുകയും ചെയ്യുന്നത് നല്ലതാണ്.
2. പ്രധാന രേഖകളുടെ പകർപ്പുകൾ കൈവശം സൂക്ഷിക്കുക
നിങ്ങളുടെ പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ്, ടിക്കറ്റുകൾ, ബുക്കിംഗുകൾ എന്നിവയുടെ പ്രിന്റ് ചെയ്ത പകർപ്പുകൾ സൂക്ഷിക്കുക. ഇന്റർനെറ്റ് സേവനങ്ങൾ പരിമിതമാകുന്ന സാഹചര്യങ്ങളിൽ ഇത് ഉപകരിക്കും.
3. നിങ്ങളുടെ മനസ് പറയുന്നത് കേൾക്കുക
ഒരു വ്യക്തിയോ, സ്ഥലമോ, സാഹചര്യമോ ശരിയല്ലെന്ന് തോന്നിയാൽ പിന്നീട് സാഹസത്തിന് മുതിരരുത്. ഉടൻ തന്നെ ആ സ്ഥലത്ത് നിന്നോ വ്യക്തിയിൽ നിന്നോ ഒഴിഞ്ഞുമാറുക.
4. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ താമസിക്കുക
താമസത്തിനായി വിജനമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. താമസ സ്ഥലത്ത് നിങ്ങളുടെ വിലകൂടിയ ഉപകരണങ്ങളോ ആഭരണങ്ങളോ കഴിവതും പ്രദർശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
5. പ്രാദേശികമായ ആചാരങ്ങളെ ബഹുമാനിക്കുക
അനാവശ്യ ശ്രദ്ധ ആകർഷിക്കുന്നത് ഒഴിവാക്കാൻ പ്രാദേശിക മാനദണ്ഡങ്ങൾക്കനുസൃതമായി വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യുക.
6. വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക
നിങ്ങൾ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്ന് അപരിചിതരോട് വെളിപ്പെടുത്തരുത്. കൂടാതെ, നിങ്ങൾ താമസിക്കുന്ന ഹോട്ടലോ അല്ലെങ്കിൽ അടുത്ത ലക്ഷ്യസ്ഥാനമോ പോലെയുള്ള വിവരങ്ങൾ അപരിചിതരുമായി പങ്കിടരുത്.
7. താമസ സ്ഥലത്ത് സുരക്ഷിതത്വത്തിന് മുൻഗണന നൽകുക
പൂട്ടാവുന്ന വാതിലുകൾ, 24/7 ഫ്രണ്ട് ഡെസ്ക് ജീവനക്കാർ, സുരക്ഷാ ലോക്കറുകൾ, സിസിടിവി എന്നിവയുള്ള സ്ഥലങ്ങൾ മാത്രം താമസത്തിനായി തിരഞ്ഞെടുക്കുക.


