ജെൻ-സി യുവാക്കൾ കൊണ്ടുവന്ന ഒരു പുത്തൻ യാത്രാ ട്രെൻഡാണ് ഡാർക്ക് ടൂറിസം.
എപ്പോഴും പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ നേരിട്ട് അറിയുന്നതിനും യാത്ര ആസ്വദിക്കുന്നതിനുമെല്ലാം ടൂറിസത്തിലൂടെ സാധിക്കും. എന്നാൽ, പുതിയ തലമുറ അഥവാ ജെൻ-സി യുവാക്കൾ കൊണ്ടുവന്ന പുതിയ ഒരു യാത്രാ ട്രെൻഡാണ് ഡാർക്ക് ടൂറിസം. ചരിത്രത്തിൽ അടയാളപ്പെടുത്തിയ യുദ്ധക്കളങ്ങൾ, ദുരന്ത മേഖലകൾ, പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ, മറ്റ് ദുരന്ത സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയെയാണ് ഡാർക്ക് ടൂറിസം എന്ന് പറയുന്നത്.
മരണം, ദുരന്തം അല്ലെങ്കിൽ ഭയാനകമായ സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ഡാർക്ക് ടൂറിസം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചരിത്രത്തെയും മനുഷ്യർ നേരിട്ട ദുരന്താനുഭവങ്ങളെയും അടയാളപ്പെടുന്നത്തുന്ന സ്ഥലങ്ങൾ ആളുകൾ പ്രത്യേകിച്ച് യുവാക്കൾ കൂടുതലായി തിരയുന്നുണ്ട്. ചരിത്രത്തിലെ യുദ്ധക്കളമായാലും, ദുരന്തങ്ങൾ ബാധിച്ച പ്രദേശമായാലും, പ്രേതബാധയുള്ള സ്ഥലമായാലും ഭൂതകാല സംഭവങ്ങളെയും അവയുടെ സ്വാധീനത്തെയും മനസ്സിലാക്കാൻ ഡാർക്ക് ടൂറിസം സഹായിക്കും. ഇത് ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക മാത്രമല്ല, ലോകത്തിന്റെ ഇരുണ്ട വശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നതാണ് പ്രത്യേകത.
പഴയകാലത്ത് ടൂറിസം എന്നാൽ പുതിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവ ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജെൻ-സി യുവാക്കൾ ടൂറിസത്തിന് പുതിയൊരു രൂപവും ഭാവവും നൽകിയിരിക്കുകയാണ്. ഇക്കാലത്ത്, ജെൻ-സി യുവാക്കൾ കൂടുതൽ ആഴത്തിലുള്ള, യാഥാർത്ഥ്യബോധമുള്ള കാഴ്ചകളാണ് ആഗ്രഹിക്കുന്നതെന്ന് പറയാം. കാഴ്ചകളുള്ള സ്ഥലങ്ങൾ മാത്രമല്ല, ചരിത്രത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യം വെളിവാക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഇതിനെല്ലാം സോഷ്യൽ മീഡിയയുടെ അതിപ്രസരം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ പ്രചാരം ടൂറിസത്തിന് പുതിയൊരു മാനം നൽകി. നിരവധി ട്രാവൽ ഇൻഫ്ലുവൻസർമാർ ഇത്തരത്തിൽ ദുരന്തങ്ങളുണ്ടായ സ്ഥലങ്ങളോ പ്രേതബാധയുണ്ടെന്ന് പറയുന്ന സ്ഥലങ്ങളോ പര്യവേക്ഷണം ചെയ്യുകയും അവ വൈറലാക്കുകയും ചെയ്യുന്നു.
സ്കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രത്തിൽ മാത്രം ഒതുങ്ങിനിൽക്കാൻ ജെൻ-സി യുവാക്കൾ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുസ്തകങ്ങളിൽ എഴുതപ്പെടാത്ത ചരിത്രവും അറിയാൻ അവര്‍ ആഗ്രഹിക്കുന്നു. ഡാർക്ക് ടൂറിസം എന്നതിലൂടെ ഇവര്‍ കേവലം ചരിത്രത്തെ അറിയുക എന്നതിലുപരിയായി അൽപ്പം സാഹസികത നിറഞ്ഞ യാത്ര കൂടിയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ചില പ്രശസ്തമായ ഡാർക്ക് ടൂറിസം കേന്ദ്രങ്ങൾ
ജാലിയൻവാലാബാഗ്, അമൃത്സർ: 1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിച്ച സ്ഥലം. നിരപരാധികളുടെ ത്യാഗത്തെയും ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയെയും ജാലിയൻവാലാബാഗ് ഓർമ്മിപ്പിക്കുന്നു.
സെല്ലുലാർ ജയിൽ, പോർട്ട് ബ്ലെയർ: കാലാപാനി എന്നറിയപ്പെടുന്ന ഈ ജയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ നേരിട്ട അതിക്രമങ്ങളുടെയും പോരാട്ടങ്ങളുടെയും കഥ പറയുന്നു.
വിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാർ നേരിട്ട കഷ്ടതകളുടെ ഓർമ്മപ്പെടുത്തലാണ് ഈ സ്മാരകം.
കുൽധാര, ജയ്സാൽമീർ: പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു രാത്രിയിൽ നിവാസികൾ ഉപേക്ഷിച്ചുപോയ നിഗൂഢവും വിജനവുമായ ഒരു ഗ്രാമം. ശപിക്കപ്പെട്ട ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത്.
രൂപ്കുണ്ഡ് തടാകം, ഉത്തരാഖണ്ഡ്: അസ്ഥികൂട തടാകം എന്നറിയപ്പെടുന്ന ഈ തടാകത്തിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവയുടെ ദുരൂഹ മരണങ്ങൾ ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു.
ദുമാസ് ബീച്ച്, സൂറത്ത്: അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഡാര്‍ക്ക് സാൻഡിനും പ്രേത സംഭവങ്ങൾക്കും പേരുകേട്ടതാണ്.
ശനിവാർവാഡ, പൂനെ: പേഷ്വാ രാജവംശത്തിന്റെ ചരിത്രപരമായ കോട്ട. ഇടനാഴികളിൽ നാരായണറാവു പേഷ്വയുടെ ആത്മാവിന്റെ നിലവിളികൾ കേൾക്കുന്ന കഥകൾ ഇപ്പോഴും ഇവിടെയുണ്ട്.


