ഒരു ട്രാവൽ വ്ലോഗർ തൻ്റെ അവധിക്കാല യാത്രയിൽ പല രാജ്യങ്ങളിൽ വെച്ച് ഒരേ വ്യക്തിയെ ആവർത്തിച്ച് കണ്ടുമുട്ടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായി മാറി.
ഒരു അവധിക്കാല യാത്രയിൽ ഒരേ വ്യക്തിയെ പല സ്ഥലങ്ങളിൽ വെച്ച് ഒന്നിലധികം കണ്ടുമുട്ടുന്ന സാഹചര്യം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? നിങ്ങൾ അവരെ ട്രെയിനിലോ വിമാനത്തിലോ വെച്ച് ആദ്യമായി കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ലായിരിക്കാം. എന്നാൽ, പിന്നീട് അതേ വ്യക്തിയെ തന്നെ നിങ്ങൾ പോകുന്ന മറ്റൊരിടത്ത് വെച്ച് കണ്ടുമുട്ടിയാലോ? ആ കൂടിക്കാഴ്ചയെ യാദൃശ്ചികമായി കണക്കാക്കാം. പക്ഷേ, നിങ്ങൾ താമസിക്കുന്ന ഹോട്ടലിൽ വെച്ച് വീണ്ടും അതേ വ്യക്തിയെ തന്നെ കാണുന്നുവെന്ന് വിചാരിക്കുക. ഇത് പൂർണ്ണമായും വിധിയാണോ അതോ ലോകം നിങ്ങൾ വിചാരിച്ചതിലും വളരെ ചെറുതാണോ എന്ന് പോലും ചിന്തിപ്പിച്ചേക്കാം.
കുറച്ചു കാലം മുമ്പ് ട്രാവൽ വ്ലോഗർ ഒനാറ്റ് സിയാഹാൻ ഇൻസ്റ്റാഗ്രാമിൽ ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരുന്നു. അദ്ദേഹം മറ്റൊരാളുമായി പല തവണ കണ്ടുമുട്ടുന്ന വീഡിയോയായിരുന്നു അത്. 'അവധിക്കാലത്ത് നിങ്ങൾ എല്ലായിടത്തും കാണുന്ന വിമാനത്തിലെ ആ ഒരാൾ' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. 'ഹീത്രൂയിൽ വെച്ച് അദ്ദേഹത്തെ കണ്ടു, പിന്നീട് ഇന്ത്യയിൽ യാത്ര ചെയ്തപ്പോഴും മാലിദ്വീപിലേക്ക് പോയപ്പോഴും പിന്നീട് ലണ്ടനിൽ വെച്ച് വീണ്ടും കണ്ടു'. സിയാഹാൻ വിശദീകരിച്ചു.
അപ്രതീക്ഷിതമായ കണ്ടുമുട്ടലുകളുടെ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ വേഗത്തിൽ തന്നെ വൈറലായി മാറി. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. 'അത് വിധി'യാണെന്നായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം. 'നിങ്ങളുടെ വിവാഹദിനത്തിൽ അൾത്താരയിൽ വെച്ച് നിങ്ങൾ അവനെ കാണും' എന്ന് മറ്റൊരാൾ പറഞ്ഞു. നിങ്ങൾ ഏത് സമയത്ത് പോയാലും ജിമ്മിൽ ഇതുപോലെ ഒരാളുണ്ടാകുമെന്ന രസകരമായ അനുഭവമാണ് ഒരു ഉപയോക്താവ് പങ്കുവെച്ചത്. അടുത്തിടെ ഇറ്റലിയിൽ 16 ദിവസത്തിനുള്ളിൽ 8 നഗരങ്ങളിലേക്ക് യാത്ര ചെയ്തെന്നും അതിൽ 7 നഗരങ്ങളിൽ വെച്ചും രണ്ടുപേരെ കണ്ടുമുട്ടിയെന്നും മറ്റൊരാൾ കുറിച്ചു. അതേസമയം, എല്ലാവർക്കും ഒരേ കാര്യങ്ങൾ നിർദ്ദേശിക്കുന്ന യാത്രാ സൈറ്റുകൾ ഉപയോഗിക്കുന്നതിന്റെ ഫലമാണെന്നായിരുന്നു ഒരു ഉപയോക്താവിന്റെ കണ്ടെത്തൽ.


