Asianet News MalayalamAsianet News Malayalam

ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

  • സ്ത്രീകള്‍, രാത്രികള്‍ 
  • ദീപ്തി പ്രശാന്ത് എഴുതുന്നു

Women nights Deepthi prashanth

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Women nights Deepthi prashanth

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോതമംഗലത്ത് എഞ്ചിനിയറിങ്ങിന് പഠിക്കുമ്പോള്‍ എല്ലാ ആഴ്ച അവസാനവും ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് വരും. വന്ന് കഴിഞ്ഞാല്‍ ഇടക്ക് അനിയത്തിയേയും കൊണ്ട് കറങ്ങാന്‍ പോകും.

മറൈന്‍ ഡ്രൈവില്‍ സൂര്യാസ്തമയം കാണാന്‍ തുടങ്ങുമ്പോഴേക്കും വീട്ടില്‍ നിന്ന് അമ്മയുടെ വിളി വരും. 'വീട്ടില്‍ കേറാറായില്ലേ? പെണ്‍പിള്ളേരാണെന്ന് ഒരു വിചാരോമില്ല!'  അങ്ങനെ സൂര്യാസ്തമയം കാണാതെ അവിടെ നിന്നുമിറങ്ങും, അവിടെ വായ്‌നോക്കി സമയത്തെ പറ്റി വേവലാതിപ്പെടാതെ നടക്കുന്ന ആണ്‍പിള്ളേരെ അസൂയയോടെ നോക്കിക്കൊണ്ട് ....

അന്നൊക്കെ രാത്രി നിലാവത്ത് ചന്ദ്രനേം നക്ഷത്രങ്ങളേം കണ്ട് മന:സമാധാനത്തോടെ യാത്ര ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു... അത് സാധിപ്പിച്ച് തരാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കയും ചെയ്യുമായിരുന്നു.

'മന:സ്സമാധാനത്തോടെ'  എന്നത് പ്രത്യേകം സ്‌ട്രെസ് ചെയ്ത് പ്രാര്‍ത്ഥിക്കുമാര്‍ന്നു. കാരണം കാര്യമായിട്ടെന്ത് പ്രാര്‍ത്ഥിച്ചാലും അത് ദൈവം നടത്തിത്തരുമെങ്കിലും  അതിലേതേലും ഒരു ട്വിസ്റ്റ് ഉണ്ടാവുമാര്‍ന്നു എന്നതാണ് പൂര്‍വ്വ ചരിത്രം... അതോണ്ട് ലൂപ് ഹോള്‍ ഇല്ലാതിരിക്കാനാണ് അങ്ങനെ പ്രാര്‍ത്ഥിച്ചത് ...

സത്യം പറഞ്ഞാല്‍ 'മന:സ്സമാധാനം' എന്നത് കൊണ്ട് അന്ന് വല്യ ലോക വിവരമൊന്നും ഇല്ലാതിരുന്ന ഞാന്‍ ഉദ്ദേശിച്ചത്, പീഡനം, മോഷണം മുതലായ ഭീകര സംഭവങ്ങളായിരുന്നില്ല...അച്ഛനോ അമ്മക്കോ വേണ്ടപ്പെട്ടവര്‍ക്കോ വല്ല അസുഖമൊക്കെ വന്ന് ആസ്പത്രിക്കേസായിട്ട് രാത്രി സഞ്ചരിക്കേണ്ടി വരല്ലേ എന്ന് മാത്രമായിരുന്നു.

എന്തായാലും ഒരു പൂ ചോദിച്ചപ്പോ ദൈവം ഒരു പൂക്കാലം തന്നെ തന്നു! എഞ്ചിനിയറിങ് കഴിഞ്ഞ് ബാഗ്ലൂരില്‍ ഐ ടി കമ്പനിയില്‍ ജോലി ...

അവിടം തന്ന സ്വാതന്ത്ര്യത്തിന്റെ പുതിയ ചിറകില്‍ രാത്രി കൂട്ടുകാരികളുടെ കൂടെ ഡിന്നര്‍ കഴിക്കാന്‍ വ്യത്യസ്ത രുചികള്‍ തേടി പല റെസ്റ്ററന്റുകളില്‍ പോകുമായിരുന്നു. ഉഡുപ്പി റസ്റ്ററന്റില്‍ നിന്ന് മസാല ദോശ, എംപയര്‍ റസ്റ്ററന്റില്‍ നിന്ന് ചിക്കന്‍ ദോശ, റോഡ് സൈഡിലെ തട്ടുകടകളില്‍ നിന്ന് പാവ് ബജിയും സമോസ ചാട്ടും... അങ്ങനെ പല രുചികള്‍ നുണഞ്ഞ് എത്ര രാത്രിയാത്രകള്‍!

മറക്കാനാവാത്ത ഒരു രാത്രിയാഘോഷം ഉണ്ടായതും അവിടെത്തന്നെയാണ്. ഒരു പുതുവര്‍ഷ രാവില്‍, ഞങ്ങളുടെ കൂടെയന്ന് കൂടെ ജോലി ചെയ്യുന്ന ആണ്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഫോറം മാളില്‍ കറങ്ങി നടന്ന്, ഒടുക്കം പാതിരാത്രി ഐസ്‌ക്രീം ഒക്കെ നുണഞ്ഞ് നക്ഷത്രങ്ങളെയൊക്കെ കണ്ട് ഉറക്കെ വര്‍ത്തമാനവും പൊട്ടിച്ചിരികളുമായി വീട്ടിലേക്ക് നടന്നത് ഇപ്പോളുമുണ്ട് ഏറ്റവും നല്ലൊരു രാവോര്‍മയായ്.

പിന്നെ മാസാമാസം കല്ലട ബസില്‍ നാട്ടിലേക്കൊരു വരവുണ്ട്.. രാത്രി മഡിവാലയില്‍ നിന്ന് തിരിക്കും. രാവിലെ ഒരു 10 മണിയോടെ എറണാകുളം എത്തും.

കേറിയ ഉടനെ  ഈ പറഞ്ഞ നിലാവും ചന്ദ്രനും നക്ഷത്രങ്ങളും ഒക്കെയായി  നല്ല രസമാണ്. പിന്നെ പിന്നെ കാല് നീട്ടി വെക്കാന്‍ പറ്റാതെ കഴയ്ക്കാന്‍ തുടങ്ങും. അതും പോരാഞ്ഞ് ഏസി ബസില്‍ മൂട്ട ശല്യവും!

ബസ് ഇടക്ക് ഒരു സാദാ ഹോട്ടലില്‍ നിര്‍ത്തും. ആണുങ്ങള്‍ മിക്കവരും ഭക്ഷണം കഴിക്കാന്‍ ഇറങ്ങും. സ്ത്രീകള്‍ അവിടെ അധികവും ഇറങ്ങുന്നത് ബാത്ത് റൂമില്‍ പോകാന്‍ വേണ്ടിയാണ്.

ബാത്ത്‌റൂമിന്റെ അവസ്ഥ ശോകമാണെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ ...

 
അത് കാരണം ഞാന്‍ ആദ്യമാദ്യം പോകാറില്ലായിരുന്നു. എന്റെ കഷ്ടകാലത്തിന് ഒരിക്കല്‍ വണ്ടി ബ്രേക് ഡൗണായി രണ്ട് മണിക്കൂര്‍ ലേറ്റായി. ഈശ്വരാ അന്നാണ് ഞാന്‍ ഇടക്ക് ബസ് നിര്‍ത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ പോവാത്തതിന് സ്വയം ശപിച്ചത്. 

മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് വയ്യ!  കടിച്ച് പിടിച്ചിരുന്നിട്ടും രക്ഷയില്ല.. ഇടക്ക് ബസ് ഹമ്പില്‍ ചാടുമ്പോള്‍ സ്വര്‍ഗം കാണും. ഇനിയൊരു ഹമ്പ് കൂടി താങ്ങാനുള്ള കണ്‍ട്രോള്‍ ബോഡിക്കില്ലെന്ന് മനസിലായപ്പോള്‍ ഡ്രൈവറോട് ചെന്ന് പറഞ്ഞു.

ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി തന്നു. ചാടിയോടി ഇറങ്ങിപ്പോയി കാര്യം സാധിച്ചു. ഹൊ എന്തൊരാശ്വാസം ആയിരുന്നു.. വണ്ടി നിര്‍ത്താന്‍ കാത്തിരുന്നത് പോലെ എന്റെ പുറകെ കുറച്ച് തരുണീമണികളും ചാടിയിറങ്ങി വന്നു. അപ്പൊ ഞാന്‍ മാത്രമല്ല ആ അവസ്ഥയിലൂടെ കടന്ന് പോയിരുന്നത് എന്ന് മനസിലായി.

ഈ ദുരനുഭവം കാരണം പിന്നെ വണ്ടി എപ്പൊ ആ ഹോട്ടലില്‍ നിര്‍ത്തിയാലും ഞാന്‍ ബാത്ത്‌റൂമില്‍ പോകാന്‍ ഇറങ്ങും...  മിക്കവാറും വെള്ളം കാണൂല!  ഷാളും കൊണ്ട് മൂക്കൊക്കെ കെട്ടിയാണ് കയറുന്നത് ..അപ്പോളൊക്കെ നിന്ന് കാര്യം സാധിക്കാവുന്ന ആണുങ്ങളോട് അസൂയ തോന്നുമാര്‍ന്നു...

എത്രയെത്ര രാത്രികളില്‍ ആണെന്നോ ഈ വൃത്തികെട്ട ബാത്ത് റൂമുകള്‍ ഞാന്‍ ദു:സ്വപ്നം കണ്ടിട്ടുള്ളത് !

അപ്പൊ അതാ തോര്‍ത്ത് കൊണ്ട് കണ്ണൊഴിച്ച് ബാക്കി മുഖം മുഴുവന്‍ മറച്ച രണ്ട്  പേര് എതിരെ വരുന്നു!

ഒരിക്കല്‍ രാത്രി യാത്രക്ക് കല്ലടക്ക് പകരം കര്‍ണാടക സ്‌റ്റേറ്റിന്റെ ഏസി ബസ്  ഐരാവതിലാണ് എന്റെ കൂട്ടുകാരി ടിക്കറ്റ് ബുക്ക് ചെയ്തത്. അവള്‍ക്ക്  കൊല്ലത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. ആ ബസ് വിചാരിച്ചതിലും വളരെ നേരത്തെ ഒരു 3 മണിയോടെ എറണാകുളം എത്തി.... 

എന്റെ വീട്ടില്‍ നിന്ന് ഒരു പതിനഞ്ച് ഇരുപത് മിനിട്ടെടുക്കും ഇടപ്പള്ളിയില്‍ എത്താന്‍. ബസ് എത്താറുകുമ്പോള്‍ തന്നെ അച്ഛനെ വിളിച്ചാല്‍ മതിയാര്‍ന്നു. അത്രേം കൂടെ പാവം വീട്ടുകാര്‍ ഉറങ്ങിക്കോട്ടെ എന്നാ ഞാന്‍ അപ്പൊ ഓര്‍ത്തത്. എത്തിയ ശേഷമാണ് അച്ഛനെ വിളിച്ചത് .

എന്തായാലും വിജനതയിലേക്ക് ഞാന്‍ ഇറങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടമുണ്ട്. അവിടെ ബസ് സ്‌റ്റോപ്പില്‍ തന്നെ നിന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഒരു ഓട്ടോ അടുത്ത് വന്നു. ഓട്ടം പോകാനാണോ എന്ന് ചോദിച്ചു. ഞാന്‍ അല്ല ആളിപ്പൊ വരുംന്ന് പറഞ്ഞു. അയാള്‍ പോവാതെ അവിടെത്തന്നെ ചുറ്റാന്‍ തുടങ്ങി.

എനിക്ക് പേടി തുടങ്ങി. ഞാന്‍ പയ്യെ അച്ഛന്‍ വരുന്ന ദിക്ക് നോക്കി നടക്കാന്‍ തുടങ്ങി. അപ്പൊ അതാ തോര്‍ത്ത് കൊണ്ട് കണ്ണൊഴിച്ച് ബാക്കി മുഖം മുഴുവന്‍ മറച്ച രണ്ട്  പേര് എതിരെ വരുന്നു! എല്ലാ വിധ ദുഷ്ചിന്തകളും എന്റെ മനസ്സിലേക്ക് ഓടിവന്നു.

ഈശ്വരാ കാത്തോളണേ എന്നും പറഞ്ഞ് ഞാന്‍ അവരെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് നടന്നു .അപ്പൊ അതിലൊരാള്‍ എന്റെ വഴി തടഞ്ഞു. '' എവിടെ പോവാ ഒറ്റക്ക് ഈ അസമയത്ത്?'' ഞാന്‍ അപ്പോളാണ് അവരുടെ വേഷം ശ്രദ്ധിക്കുന്നത് .അവര്‍ രണ്ട് പോലീസുകാരായിരുന്നു! നൈറ്റ് പട്രോളിങ്ങിനിറങ്ങിയതാണ്. അപ്പോളാണ് ശ്വാസം നേരെ വീണത്. 

ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. ആ നല്ലവരായ പോലീസുകാര്‍ അച്ഛന്‍ വരണ വരെ എന്റെ കൂടെ നിന്നു. എന്തായാലും അതൊരു പേടിപ്പിച്ച രാത്രിയനുഭവം ആയിരുന്നു. രാത്രി ഒറ്റക്കായി പോകുന്നത് ഒരു പേടിയനുഭവം ആണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.

ആ അനുഭവം ഉണ്ടായെങ്കിലും പിന്നീടും രാത്രി യാത്രകള്‍ തുടര്‍ന്നുട്ടോ. പിന്നെ ട്രെയിന്‍ ആക്കി. അപ്പര്‍ ബര്‍ത്ത് ബുക് ചെയ്യുന്നതാ വലിഞ്ഞു കയറാന്‍ ആരോഗ്യമുള്ള  സ്ത്രീകള്‍ക്ക് നല്ലത്. ആരേയും കാത്ത് നില്‍ക്കാതെ ഇഷ്ടമുള്ളപ്പോള്‍ കേറി കിടക്കാം. ബാഗ് മോഷണവും തോണ്ടലും ഒന്നും ഒരു പരിധി വരെയുണ്ടാവില്ല.

പിന്നീട്  കല്ല്യാണം കഴിഞ്ഞ് ചെന്നൈയില്‍ ചേട്ടായിയുടെ കൂടെയുള്ള രാത്രിയുള്ള സിനിമക്ക് പോയ് വരവുകള്‍. ബൈക്കില്‍ ആണ് സഞ്ചാരം. ഇടക്ക് ഇ.സി.ആര്‍ റോഡിലുള്ള മായാജാല്‍ തിയറ്ററില്‍ പോകും. അവിടെ നിന്ന് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് കുറേയേറേ ദൂരമുണ്ട്. അതില്‍ തന്നെ കുറേ ദൂരം ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെയാണ്. 

രാത്രി വിജനമായ റോഡിലൂടെ ബൈക്കോടിക്കാന്‍ ചേട്ടായിക്ക് ടെന്‍ഷന്‍ ആയിരുന്നു. കാണുന്ന ട്രാന്‍സ്‌പോര്‍ട് ബസിന്റെ പുറകെ പയ്യെ പോകുമായിരുന്നുള്ളു.

എനിക്കതൊക്കെയന്ന് അനാവശ്യ ടെന്‍ഷനായി തോന്നുമായിരുന്നു. പക്ഷെ ഇന്നാലോചിക്കുമ്പോ നമുക്ക് നമ്മുടെ സുരക്ഷയെപ്പറ്റി ഒരു കരുതലുള്ളത്  നല്ലതാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

രാത്രി യാത്രകളില്‍ ശ്രദ്ധിക്കേണ്ട സുരക്ഷയുടെ  കാര്യങ്ങള്‍ വിവരമുള്ള പലരും എഴുതിവെച്ചിട്ടുണ്ട്. അതൊക്കെയൊന്ന് വായിച്ചിരിക്കുന്നത് നല്ലതാ. ഒറ്റക്കായ് പോവാതെ നോക്കലാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയിട്ടുള്ളത് ...

ഒറ്റക്കായ് പോവാതിരിക്കാന്‍ ഒരാള്‍ ഒറ്റക്ക്  വിചാരിച്ചാല്‍ പറ്റില്ലല്ലോ. അതിന് എല്ലാവരും രാത്രിയെ ഭയപ്പാടോടെ കാണാതെ പുറത്തിറങ്ങണം.'അരുത്, അരുത്' എന്നും പറഞ്ഞ് നമ്മുടെ കുട്ടികളെ തടയരുത്.

എല്ലാ നന്മയുള്ളവരും രാത്രിയെ പേടിച്ച് അകത്തിരുന്നാല്‍ രാത്രി അസന്മാര്‍ഗികള്‍ മാത്രമാകും. കുടുംബത്തോടൊപ്പം ഇടക്ക്  രാത്രി  പുറത്ത് പോവുന്നതൊക്കെ എല്ലാവരും ഉല്‍സാഹിച്ചാല്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ കുടുംബങ്ങളെ കാണുന്നത് രാത്രി ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് എത്ര ആശ്വാസമാണെന്നറിയാമോ?

മടിച്ച് നില്‍ക്കാതെ എല്ലാവരും രാത്രിസഞ്ചാരികളായ് രാത്രിയും പകല്‍ പോലെ തന്നെ ഒരു പെണ്‍കുട്ടിക്ക് ഒറ്റക്ക് മന:സമാധാനത്തോടെ നടക്കാന്‍ കഴിയുന്ന ഒരു കിനാശ്ശേരിയാണ് എന്റെ എളിയ സ്വപ്നം. 

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!
 

Follow Us:
Download App:
  • android
  • ios