കാന്താരയിൽ ജയറാം ചെയ്ത രാജാവിന്‍റെ അച്ഛനായ വിജയേന്ദ്ര രാജാവ് എന്ന കരുത്തുറ്റ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ ഹരിപ്രശാന്താണ്. 'ആട് 2'വിലെ ചെകുത്താൻ ലാസർ, ‘മലൈക്കോട്ടൈ വാലിബനി’ലെ കേളു മല്ലൻ എന്നീ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തീയറ്ററില്‍ കത്തിപ്പടരുകയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1‘. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷനുമായി ആഗോളതലത്തിൽ ശ്രദ്ധ നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഉയരങ്ങൾ കീഴടക്കുന്ന സിനിമയിലെ മലയാളി സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിൽ നടന്‍ ജയറാം ചെയ്ത രാജശേഖര എന്ന രാജാവിന്‍റെ അച്ഛനായ വിജയേന്ദ്ര രാജാവ് എന്ന കരുത്തുറ്റ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ ഹരിപ്രശാന്താണ്. മലയാളികൾക്ക് സുപരിചിതനാണ് താരം. 'ആട് 2'വിലെ ചെകുത്താൻ ലാസർ, 'ചുരുളി'യിലെ കൊടകൻ, ‘മലൈക്കോട്ടൈ വാലിബനി’ലെ കേളു മല്ലൻ എന്നീ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ, ‘കാന്താര ചാപ്റ്റർ 1’ ലെ മിന്നും പ്രകടനത്തിലൂടെയാണ് ഹരിപ്രശാന്ത് വീണ്ടും വാർത്തകളിൽ നിറയുന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ ഹരിപ്രശാന്ത് പ്രവാസി ജീവിതത്തില്‍ നിന്ന് ഇടവേള എടുത്താണ് സിനിമ എന്ന സ്വപ്നത്തെ കൂടെ കൂട്ടുന്നത്. ‘കാന്താര’ തീയറ്ററില്‍ നിറഞ്ഞ് ഓടുമ്പോൾ ആ വൻ വിജയത്തിന്റെ ഭാഗമായതിലുള്ള സന്തോഷവും സിനിമ തന്ന അനുഭവങ്ങളും ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെക്കുകയാണ് ഹരിപ്രശാന്ത് എം.ജി.
‘ലാസ്റ്റ് സപ്പറി’ൽ തുടക്കം; സിനിമാക്കാരനാക്കിയത് 'ചെകുത്താൻ ലാസർ'
2014 ല്‍ പുറത്തിറങ്ങിയ ജോർജ് സെബാസ്റ്റ്യൻ നിർമ്മിച്ച 'ലാസ്റ്റ് സപ്പർ' എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. ജോർജ് അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് എന്നെ 'ലാസ്റ്റ് സപ്പറിലെ' വേഷം ചെയ്യാന്‍ വിളിച്ചത്. ചെറിയൊരു വേഷമായിരുന്നുവെങ്കിലും അതാണ് ആദ്യത്തെ ക്യാമറ പരീക്ഷണം. പിന്നെ മമ്മൂക്ക എന്നെ പിടിച്ച് ഫയർമാനിൽ അഭിനയിപ്പിച്ചു. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 2’ എന്ന ചിത്രത്തിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ്. നല്ല പൊക്കവും വണ്ണവുമുള്ള ഒരാളെ വേണമെന്ന് കാസ്റ്റിങ് കോൾ കണ്ടപ്പോൾ ഓഡിഷന് പോയതാണ്. എന്നെ സിനിമാക്കാരനാക്കിയത് ആട് 2 ആണ് എന്ന് പറയാം. പിന്നീട് നല്ല കുറെ വേഷങ്ങള്‍ ലഭിച്ചു.
‘മലൈക്കോട്ടൈ വാലിബന്‍’ വഴി ‘കാന്താര‘യിലേക്ക് എന്‍ട്രി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബനി’ൽ നിന്നാണ് ‘കാന്താര’യിലേക്ക് എത്തുന്നത്. ഋഷഭ് ഷെട്ടി ഒരു ലിജോ ജോസ് പെല്ലിശ്ശേരി ആരാധകനാണ്. 'മലൈക്കോട്ടൈ വാലിബനി'ലെ കേളു മല്ലൻ എന്ന കഥാപാത്രം കണ്ടിട്ടാണ് ഋഷഭ് ഷെട്ടി എന്നെ 'കാന്താര'യിലേക്ക് വിളിക്കുന്നത്. കാന്താരയുടെ രചയിതാവായ അനിരുദ്ധ് മഹേഷില്‍ നിന്നാണ് ആദ്യകോൾ വന്നത്. ‘കാന്താര’യുടെ രണ്ടാം ഭാഗത്തിൽ ഒരു റോൾ ഉണ്ട് എന്ന് പറഞ്ഞു, അത് കേൾക്കുമ്പോൾ നമുക്ക് പിന്നെ ആലോചിക്കേണ്ട കാര്യമില്ലല്ലോ. സ്ക്രീൻ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തണമെന്ന് പറഞ്ഞു. 2024 ഏപ്രിലാണ് മംഗലാപുരത്ത് പോയി കോസ്റ്റ്യൂം ട്രയൽ ചെയ്യുന്നത്. അവിടെ എത്തിയപ്പോഴാണ് ഋഷഭിനെ ആദ്യമായി കാണുന്നത്. രാജാവിന്‍റെ വേഷമിട്ട് കണ്ടപ്പോള്‍ തന്നെ ഋഷഭ് ഓക്കെ പറഞ്ഞു.

ഒരു വർഷവും മൂന്ന് മാസത്തിനും ഇടയിലെ 18 ദിവസം
കാന്താരയില്‍ ആകെ 18 ദിവസത്തെ ഷൂട്ടായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എന്നാൽ ഒരു വർഷവും മൂന്ന് മാസവും സമയം എടുത്താണ് എന്റെ സീനുകള്‍ ചീത്രീകരിച്ചത്. ലാസ്റ്റ് ഷോട്ട് ചിത്രീകരിച്ചത് കഴിഞ്ഞ മാസമാണ്. ജോലി ഖത്തറില്‍ ആയതിനാല്‍ അവിടെ നിന്നാണ് മംഗലാപുരത്തേക്ക് ഷൂട്ടിംഗിന് പോകുന്നത്. മലയാളിയായ റോണക്സ് എന്ന മേക്കപ്പ്മാനാണ് രാജാവായി ഒരുക്കിയത്. സിംഹാസനത്തിലിരിക്കുന്ന ഒരു സീൻ മാത്രമാണ് ആദ്യം എടുത്തത്. ക്യാമറയില്‍ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിക്കാന്‍ പറഞ്ഞു, അത് ചെയ്ത് കഴിഞ്ഞപ്പോള്‍, എന്നോട് തിരിച്ച് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞാൻ അമ്പരപ്പോടെ, ‘ഇത്രയേ ഉള്ളോ?’ എന്ന് ചോദിച്ചു. ഇത്രയും ദൂരം ഫ്ലൈറ്റിൽ യാത്ര ചെയ്തു വന്നത് ഒരു ഷോട്ട് എടുക്കാനാണ്, ’അടുത്ത ഷോട്ട് ആകുമ്പോഴേക്കും വിളിക്കാം’. എന്നായിരുന്നു മറുപടി. കാര്യം എന്താണെന്ന് വച്ചാൽ സിനിമയില്‍ എന്റെ ഭാഗം 10 മിനിറ്റ് മാത്രമാണെങ്കിലും പല ലൊക്കേഷനുകളിലായിട്ടാണ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ വിജയേന്ദ്ര എന്ന കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു ലൊക്കേഷനിൽ ചിലപ്പോള്‍ ഒരു ചെറിയ സീൻ മാത്രമേ കാണൂ. ബാക്കി സീനുകൾ ചിലപ്പോൾ മറ്റൊരു ലൊക്കേഷനിലായിരിക്കും. ആ ലൊക്കേഷനിലെ ഷൂട്ട് വരുമ്പോൾ മാത്രമേ എന്നെ വീണ്ടും വിളിക്കൂ. അങ്ങനെ ഒരു വർഷവും മൂന്ന് മാസവും എടുത്താണ് എന്റെ സീനുകൾ ഷൂട്ട് ചെയ്ത് തീർന്നത്. എന്‍റെ ഒരു ഷെഡ്യൂൾ മാത്രം 11 ദിവസം നീണ്ട് നിന്നിരുന്നു. 6 ദിവസത്തെ ഷെഡ്യൂൾ ആയിരുന്നു അത്. പക്ഷേ, മഴ കാരണം 11 ദിവസം നീണ്ടുപോയി. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിന് അടുത്തുള്ള കാട്ടിലായിരുന്നു ചില ലോക്കേഷനുകള്‍. ഞാൻ ഒരുപാട് ആസ്വദിച്ച ഷൂട്ടിങ് അനുഭവമായിരുന്നു കാന്താര സമ്മാനിച്ചത്.
ലൊക്കേഷനിൽ എത്തിയത് ബിഗ് ബജറ്റ് സിനിമയെന്നറിയാതെ
കാന്താര എന്ന ചിത്രത്തിന്റെ വലിയ ഒരു ആരാധകനാണ് ഞാൻ. അതിന്‍റെ പ്രീക്വലിലേക്ക് അവസരം ലഭിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനുമായി പോയപ്പോൾ ഇത് ഒരു ബിഗ് ബജറ്റ് സിനിമയാണ് എന്നറിയില്ലായിരുന്നു. പിന്നീട് ഷൂട്ടിങ് ആരംഭിക്കുന്ന ദിവസം സെറ്റ് കണ്ടപ്പോഴാണ് പ്രൊഡക്ഷൻ കൺട്രോളറിനോട് സിനിമയുടെ ബജറ്റ് എത്രയെന്ന് അന്വേഷിക്കുന്നതും, 125 കോടിയാണ് ബജറ്റെന്ന് അറിയുന്നതും. 2000 ഏക്കറിൽ സെറ്റിട്ടാണ് കൊട്ടാരവും രാജവീഥിയും ഒക്കെ പണിതത്. അത് കാണേണ്ട കാഴ്ചയാണ്. ആ നിമിഷമാണ് ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാന്‍ പോവുകയാണ് ഞാന്‍ എന്ന് മനസ്സിലാകുന്നത്. ഹോംബാലെ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി, ഋഷഭ് ഷെട്ടി എന്ന സംവിധായകന്‍ ഇവര്‍ ഒന്ന് മനസുവെച്ചാല്‍ ഞാന്‍ അനിഭയിച്ച റോള്‍ ചെയ്യാൻ ഇന്ത്യയിലെ ഏത് നടനെ കിട്ടും. അമിതാഭ് ബച്ചനോട് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം വരെ വന്ന് അഭിനയിച്ചിട്ട് പോകുമായിരുന്നു. പക്ഷേ അവര്‍ എന്നെ തെരഞ്ഞെടുത്തു. ആ കാര്യത്തില്‍ ഞാന്‍ ഒത്തിരി കടപ്പെട്ടിരിക്കുന്നു. കാന്താര സിനിമ സെറ്റിൽ ആയിരത്തോളം ആളുകൾ അതിന്റെ വിജയത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. രാപ്പകൽ ഇല്ലാതെ അവർ അധ്വാനിച്ചതിന്റെ ഫലമാണ് ഈ സിനിമ.

കുതിരപ്പുറത്തെ സീൻ ചെയ്തത് ഏറെ ബുദ്ധിമുട്ടി
കുതിരപ്പുറത്ത് ഉള്ള സീനൊക്കെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കൊടൈക്കനാല്‍, ഊട്ടിയിലൊക്കെ വിനോദയാത്രയ്ക്ക് പോകുമ്പോൾ കുതിരപ്പുറത്ത് കയറിയ പരിചയമേ എനിക്ക് ഉള്ളൂ. വലിയ പൊക്കമുള്ള കുതിരയെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. എനിക്ക് ആറടി നാലിഞ്ച് പൊക്കമുണ്ട്. കുതിരയുടെ സാഡിൽ ഇരിക്കുന്നത് എന്‍റെ തലയുടെ പൊക്കത്തിലാണ്. കുതിരയെ പരിപാലിക്കുന്ന രണ്ട് പേരുണ്ട്. അവരെയാണ് ഭടന്മാരുടെ വേഷത്തില്‍ നിര്‍ത്തിയിരിക്കുന്നത്. അവരാണ് കുതിരയെ പിടിച്ചിരിക്കുന്നത്. വേറെ ആര് പിടിച്ചാലും കുതിര നിൽക്കില്ല. പിന്നെ ഒരു കസേര ഒക്കെ ഇട്ട് ഒരു അഡ്ജസ്റ്റ്മെന്‍റിലാണ് കുതിര പുറത്ത് കയറിയത്. ഞാൻ ഇട്ടിരിക്കുന്ന രാജാവിന്‍റെ വസ്ത്രത്തിന്റെ ഭാരവും അരയിലെ വാളും എല്ലാം കൂടി കുറച്ച് ബുദ്ധിമുട്ടിയാണ് കുതിരപ്പുറത്തെ സീനുകള്‍ ചെയ്തത്. ഒരു സീനില്‍ കുതിര ഒന്ന് ഇടഞ്ഞു. പക്ഷേ വലിയ പ്രശ്നമില്ലായിരുന്നു.
പെർഫെക്ഷനിസ്റ്റായ ഋഷഭും അരവിന്ദും
കുറഞ്ഞ കാലയളവില്‍ നല്ല കുറച്ച് സംവിധായകരുടെ ഒപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ജോഷി സാര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഋഷഭ് ഷെട്ടി എന്നിവരിലെല്ലാം കാണുന്ന ഒരു ക്വാളിറ്റി സെറ്റിനെ ഭയങ്കര കംഫർട്ടബിളാക്കും. ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത വിളിക്കും, പക്ഷേ അങ്ങനെ ഒരു സാഹചര്യം ഇല്ലാത്തിടത്തോളം സെറ്റ് കൂളായിരിക്കും. വളരെ നല്ല മനുഷ്യനാണ് ഋഷഭ്. നമ്മൾ സെറ്റിൽ ചെല്ലുമ്പോൾ ഓടി വന്ന് പ്രശാന്ത് എന്ന് വിളിച്ച് കെട്ടിപ്പിടിക്കും. എനിക്ക് കുതിരയെ ഓടിക്കാന്‍ അറിയില്ല. പക്ഷേ ഋഷഭ് ഇതെല്ലാം പഠിച്ച ആളാണ്, കുതിരസവാരിയും കളരിപ്പയറ്റും എല്ലാം അറിയാം. ഋഷഭ് സെറ്റില്‍ വന്നിട്ട് കുതിരയുടെ കാര്യങ്ങള്‍ എല്ലാം എനിക്ക് പറഞ്ഞ് തരും. പ്രശാന്ത് എന്നാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. പ്രശാന്ത് ഇത് ഇങ്ങനെ ചെയ്താല്‍ മതി, പേടിക്കണ്ട എന്നൊക്കെ പറയുമായിരുന്നു. ഋഷഭ് ഷെട്ടിക്ക് ആകെ ഉണ്ടായിരുന്ന ഒരു വിഷമം എന്‍റെ മുഖത്ത് ക്രൂരത കുറവാണ് എന്നാണ്. അദ്ദേഹം ഇടയ്ക്ക് പറയും, 'കൊഴന്ത മാതിരി ഇറുക്ക് എന്ന്'. ഞാൻ അപ്പോള്‍ തമാശയ്ക്ക് പറയും- 'സാര്‍, മലയാളത്തിലെ ക്രൂരനായ വില്ലനെ ഇങ്ങനെ വിളിച്ച് വരുത്തി അപമാനിക്കരുതെന്ന്'. രാജാവിന്‍റെ ക്രൂരത കൂട്ടാന്‍ വേണ്ടി കുറച്ച് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

ഒരു സീന്‍ ചിത്രീകരിക്കുമ്പോള്‍ എങ്ങനെ അഭിനയിക്കണം എന്ന് ഋഷഭ് പറയില്ല. ആ സീനിന്‍റെ പശ്ചാത്തലം മാത്രമായിരിക്കും പറയുക. അഭിനേതാവിന് എന്താണ് അതില്‍ നല്‍കാന്‍ കഴിയുക എന്നാണ് അദ്ദേഹം നോക്കുന്നത്. ചിലപ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നതിലും നല്ലതായി ആ സീന്‍ വന്നാലോ എന്നാണ് ചിന്തിക്കുന്നത്. അദ്ദേഹം ഉദ്ദേശിച്ചത് പോലെ വന്നില്ലെങ്കില്‍ മാത്രമേ ആ ഭാഗത്ത് ഇങ്ങനെ ചെയ്യണം എന്നെല്ലാം പറയൂ. പെർഫെക്ഷൻ നോക്കുന്ന ആളാണ് ഋഷഭ്. ക്യാമറ ചെയ്യുന്ന അരവിന്ദ് കശ്യപും അത് പോലെ തന്നെ. അദ്ദേഹം ഉദ്ദേശിക്കുന്ന ഫ്രെയിം കിട്ടിയില്ലെങ്കില്‍ അത് എടുത്തിട്ട് പോയാല്‍ മതി എന്നതാണ് അരവിന്ദിന്‍റെ രീതി. പശ്ചാത്തലത്തിലെ പുക വരെ അദ്ദേഹം നോക്കും. ചിലപ്പോള്‍ ഒരു ദിവസം ഒരു ഷോട്ട് ആയിരിക്കും എടുക്കുക. ആ ഒരു ഡെഡിക്കേഷന്റെ ഫലമാണ് സിനിമയിൽ കാണുന്നത്. ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഋഷഭ് ഷെട്ടിയാണ് ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. ഋഷഭിനെ പോലെ തന്നെ പ്രഗതിയും ഒരു പെർഫെക്ഷനിസ്റ്റാണ്. ഓരോ സീനിലും വന്ന് ചെക്ക് ചെയ്യും.
അഭിനയത്തിന്റെ സർവകലാശാല
മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിച്ചത് എനിക്കിപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ നമ്മുടെ ഹീറോ ആയിരുന്നല്ലോ ഇവരൊക്കെ. ‘അവരുടെ സിനിമയിലെ ഡയലോഗ് എല്ലാം പറഞ്ഞ് നടന്നിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. അവർക്കൊപ്പം അഭിനയിക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ലാലേട്ടന്റെ മുന്നിൽ നിൽക്കുമ്പോൾ സൂപ്പർ താരത്തിന്റെ മുന്നിലാണ് നിൽക്കുന്നത് എന്ന് ഒരു തോന്നലേ ഉണ്ടാവില്ല. അദ്ദേഹം നമ്മുടെ വിശേഷം എല്ലാം ചോദിച്ച്, വളരെ കംഫര്‍ട്ടബിളാക്കും. സെറ്റില്‍ എത്തിയാല്‍ അദ്ദേഹം നമ്മുടെ ചേട്ടനായി മാറും. നമ്മുടെ കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കും, അദ്ദേഹം എല്ലാവരെയും സാര്‍ എന്നാണ് വിളിക്കുക. ‘മലൈക്കോട്ടൈ വാലിബനി’ലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര് കേളു മല്ലൻ എന്നായിരുന്നു. ’കേളു സർ’ എന്നായിരുന്നു ലാലേട്ടന്‍ എന്നെ സെറ്റില്‍ വിളിച്ചിരുന്നത്. ’കേളു സർ’ ഫൈറ്റ് ചെയ്യുമ്പോള്‍ കണ്ണ് തുറന്ന് ഫൈറ്റ് ചെയ്യൂ എന്നെല്ലാം പറഞ്ഞ് തരുമായിരുന്നു. ഇത്രയും സിംപിളായ മനുഷ്യൻ വേറെ ഉണ്ടോ എന്ന് തോന്നും.
മമ്മൂട്ടിയും ലാലേട്ടനും എല്ലാം അഭിനയത്തിന്റെ ഒരോ സർവകലാശാലയാണ്. അവര്‍ക്കൊപ്പം ചെലവഴിക്കുന്ന ഒരോ നിമിഷവും ഒരു പാഠമാണ്. ഏത് ബുക്ക് വായിച്ചാലും കിട്ടാത്ത പല വിവരങ്ങളും ഇവരുടെ ഇത്രയും നാളത്തെ എക്സ്പീരിയന്‍സില്‍ നിന്ന് കിട്ടും. നമുക്ക് പറ്റാത്ത കാര്യങ്ങള്‍ വരുമ്പോൾ ചെറിയ ടിപ്സ് ഒക്കെ തരും. ‘മലൈക്കോട്ടൈ വാലിബൻ’ ചെയ്യുമ്പോൾ 136 കിലോ ആയിരിരുന്നു എന്‍റെ ഭാരം. അത്രയ്ക്ക് ഭാരം വേണമെന്ന് ലിജോയ്ക്ക് നിര്‍ബന്ധമായിരുന്നു. സിനിമയിലെ ഫൈറ്റിനിടയിൽ ലാലേട്ടന്‍ എന്നെ പൊക്കി എടുത്ത് വലിച്ച് എറിയുന്ന ഒരു സീന്‍ ഉണ്ട്. അത് ഞാൻ തന്നെയാണ് ചെയ്തത്. കാരണം, എന്‍റെ വലുപ്പത്തിലുള്ള ഒരു ഡ്യൂപ്പിനെ കിട്ടില്ല. ഓരോ സീനും ചെയ്യുന്നതിന് മുമ്പ് ലാലേട്ടന്‍ നമ്മളോട് അനുവാദം ചോദിക്കും. ഇടത് കാലാണോ വലത് കാലാണോ കംഫര്‍ട്ട് എന്നോക്കെ ചോദിക്കുമായിരുന്നു. സിനിമയിൽ ഒന്നുമല്ലാത്ത എന്റെ അനുവാദം അദ്ദേഹം ചോദിക്കുകയാണ്. ഞാൻ കാല് പൊക്കുമ്പോൾ അദ്ദേഹം ചോദിക്കും ‘ഓക്കേ ആണല്ലോ അല്ലേ?’, ‘ഉറപ്പാണ് എങ്കില്‍ മാത്രം ചെയ്താല്‍ മതി‘ എന്നെല്ലാം പറഞ്ഞു. ഒരു റിസ്കിയായ സീനില്‍ എന്‍റെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ചിട്ടാണ് അദ്ദേഹം വിട്ടത്.

മമ്മൂട്ടി നല്‍കിയ ഉപദേശം
മമ്മൂക്കയോടൊപ്പം മൂന്ന് സിനിമ ചെയ്തിട്ടുണ്ട്. ജോര്‍ജ് വഴിയാണ് മമ്മൂട്ടിയുമായുള്ള പരിചയം. പരോളില്‍ മമ്മൂട്ടിയാണ് എന്നെ സജസ്റ്റ് ചെയ്തത്. പരോളിന്‍റെ സമയത്ത് മമ്മൂക്ക ചോദിച്ചു- 'താന്‍ ഇപ്പോഴും ജോലിക്ക് പോകുന്നില്ലേ എന്ന്'. 'ഉണ്ട് മമ്മൂക്ക, ജോലിക്ക് പോകുന്നുണ്ട്' എന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു- 'സിനിമയൊക്കെ താന്‍ ചെയ്തോ, പക്ഷേ ജോലി കളഞ്ഞ് ഒരു പരിപാടി ചെയ്യരുത്'. മമ്മൂക്ക തന്ന ഉപദേശം അതുപോലെ ഇപ്പോഴും പാലിക്കുന്നുണ്ട്. സിനിമ ഒരു ജീവനോപാധി ആക്കാന്‍ സാധിക്കും എന്ന് ഉറപ്പാകുന്നത് വരെ ജോലി തുടരും. ഒപ്പം നല്ല വേഷങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം.
'ആട് 3' ല്‍ ചെകുത്താൻ ലാസർ ഉണ്ടോ?
'ആട് 3' യില്‍ ചെകുത്താൻ ലാസർ ഉണ്ടോ എന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. 'ആട് 3' യില്‍ കുതിരയെ വെച്ച് കുറെ പരിപാടികളുണ്ട്. കാന്താരയില്‍ ഉപയോഗിച്ചിരിക്കുന്ന കുതിരകളെ ഇവിടെ കിട്ടാത്തത് കൊണ്ടും ഇവിടെ കിട്ടുന്ന കുതിരകള്‍ എന്‍റെ ഇപ്പോഴത്തെ ഭാരം വെച്ച് താങ്ങുമോ എന്ന് അറിയാത്തത് കൊണ്ടും സംവിധായകന്‍ മിഥുൻ ഒരു ഉറപ്പ് തന്നിട്ടില്ല. മിഥുനോട് ഇടയ്ക്ക് സംസാരിക്കുമ്പോള്‍ 'വിടില്ല ഞാന്‍ എന്നോക്കെ' ഞാൻ തമാശയ്ക്ക് പറയും, 'സെറ്റാക്കാം' എന്ന് മിഥുനും പറയും. 'ആട് 3' യില്‍ ചെകുത്താൻ ലാസർ ഉണ്ടാകുമോ എന്ന് ഇനി കണ്ട് തന്നെ അറിയണം.
ലൊക്കേഷനുകളിൽ എത്തുന്നത് ജോലിയിൽ നിന്ന് അവധിയെടുത്ത്
എന്റെ സ്ഥലം തൃപ്പൂണിത്തുറയാണ്. കൊച്ചി രാജവംശത്തില്‍ നിന്നാണ് അമ്മ. ജനിച്ചതും വളര്‍ന്നതും എല്ലാം കോവിലകത്താണ്. ഹരി പ്രശാന്ത് വർമ എന്നാണ് യഥാർഥ പേര്. അച്ഛൻ മരിച്ചു, അമ്മ മാത്രമേ ഉള്ളൂ. ഇപ്പോൾ ഖത്തറിൽ സെമി സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 2022 ഏപ്രിലിലാണ് പ്രവാസ ജീവിതം ആരംഭിക്കുന്നത്. ജോലിയിൽ നിന്ന് അവധിയെടുത്താണ് ലൊക്കേഷനുകളിൽ എത്തുന്നത്. ചുരുങ്ങിയ കാലയളവിൽ വലിയ നടന്മാരുടേയും സംവിധായകരുടേയും കൂടെ പ്രവർത്തിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ഹരിപ്രശാന്ത് പ്രകടിപ്പിച്ചു. ഇനിയും നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അഭിനയിക്കാന്‍ ഒത്തിരി ഇഷ്ടമാണ്, ഏത് വേഷം കിട്ടിയാലും ചെയ്യുമെന്നും ഹരിപ്രശാന്ത് പറയുന്നു. ജോഷി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ നായകനാകുന്ന സിനിമയാണ് അടുത്ത ചിത്രം. അതിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. അതിലും വില്ലന്‍ ലുക്കിലാണ് ഹരിപ്രശാന്ത് എത്തുന്നത്.


