ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകൾ നൽകിയാൽ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നൽകണമെന്നും ഐസിസി ആവശ്യപ്പെട്ടു.

ദുബായ്: ഏഷ്യാ കപ്പില്‍ ബഹിഷ്കരണ ഭീഷണി പിന്‍വലിച്ച് യുഎഇക്കെതിരെ കളിക്കാന്‍ തയാറയതിന് പിന്നാലെ മുഖംരക്ഷിക്കാന്‍ അവകാശവാദവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയോടും പാക് ടീം മാനേജരോടും മാപ്പു പറഞ്ഞുവെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഹസ്തദാന വിവാദം അന്വേഷിക്കുമെന്ന് ഐസിസി ഉറപ്പു നല്‍കിയതായും പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഇന്ത്യക്കെതിരായ മത്സരത്തിനൊടുവില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്ന സംഭവം ആശയവിനിയമത്തിലെ പിഴവുമൂലം സംഭവിച്ചതാണെന്നും പൈക്രോഫ്റ്റ് വിശദീകരിച്ചതായി പാക് ടിവി ചാനലായ ജിയോ ന്യൂസ് അറിയിച്ചു.

എന്നാല്‍ പാകിസ്ഥാന്‍റെ അവകാശവാദം തള്ളി ഐസിസി വൃത്തങ്ങൾ പിന്നാലെ രംഗത്തെത്തി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകൾ നൽകിയാൽ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നൽകണമെന്നും ഐസിസി ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് പാകിസഥാന്‍-യുഎഇ മത്സരത്തിന് ടോസ് വീണത്.

മത്സരത്തില്‍ ടോസ് നേടിയ യുഎഇ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാണ് ടോസിനെത്തിയത്. പൈക്രോഫ്റ്റിനെ മാറ്റാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത്. മത്സരത്തില്‍ കളിക്കാനായി യുഎഇ താരങ്ങള്‍ ആറരയോടെ ദുബായ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തിലെത്തിയെങ്കിലും പാക് താരങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറപ്പെടാതിരുന്നത് മത്സരം അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.

പിന്നീട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വിയുടെ ഇടപെടലിലാണ് പാകിസ്ഥാന്‍ കളിക്കാന്‍ തയാറായത്. മത്സരം നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഇന്ത്യൻ സമയം എട്ട് മണിക്ക് തുടങ്ങേണ്ട മത്സരം ഒമ്പത് മണിക്കാണ് ആരംഭിച്ചത്. സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക