ഓസ്ട്രേലിയക്കായി ടിം ഡേവിഡ് 38 പന്തില്‍ 74 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്നിസ് 39 പന്തില്‍ 64 റണ്‍സെടുത്തു.

ഹൊബാര്‍ട്ട്: ഓസ്ട്രലിയക്കതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ടിം ഡേവിഡിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ഓസ്ട്രേലിയക്കായി ടിം ഡേവിഡ് 38 പന്തില്‍ 74 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ മാര്‍ക്കസ് സ്റ്റോയ്നിസ് 39 പന്തില്‍ 64 റണ്‍സെടുത്തു. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി തകര്‍ന്നെങ്കിലും ടിം ഡേവിഡിന്‍റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ഓസീസിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും വരുണ്‍ ചക്രവര്‍ത്തി വിക്കറ്റെടുത്തു.

തകര്‍ച്ചയോടെ തുടങ്ങി പിന്നെ തകര്‍ത്തടിച്ചു

ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിനയച്ചപ്പോള്‍ ആഗ്രഹിച്ച തുടക്കമാണ് അര്‍ഷ്ദീപ് സിംഗ് നല്‍കിയത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ(6) മടക്കിയ അര്‍ഷ്ദീപ് സിംഗ് തന്‍റെ രണ്ടാം ഓവറില്‍ ജോഷ് ഇംഗ്ലിസിനെ കൂടി പുറത്താക്കി ഓസീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്ഡ ക്രീസിലിറങ്ങിയ ടിം ഡേവിഡ് തുടക്കം മുതല്‍ ആഞ്ഞടിച്ചു. എന്നാല്‍ ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിര്‍ത്തി മറുവശത്ത് ഡേവിഡ് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസ് 42ല്‍ എത്തി.

Scroll to load tweet…

പവര്‍ പ്ലേക്ക് ശേഷമായിരുന്നു ഡേവിഡ് സംഹാരരൂപം പൂണ്ടത്. അക്സര്‍ പട്ടേലിനെ ഒരോവറില്‍ കരണ്ട് സിക്സ് അടിച്ചു തുടങ്ങിയ ഡേവിഡ് തൊട്ടടുത്ത ഓവറില്‍ ശിവം ദുബെക്കെതിരെ മൂന്ന് ബൗണ്ടറി പറത്തി 23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. എന്നാല്‍ ഒമ്പതാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി തുടര്‍ച്ചയായ പന്തുകളില്‍ മിച്ചല്‍ മാര്‍ഷിനെയും(14 പന്തില്‍ 11), മിച്ചല്‍ ഓവനെയും(0) മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ഡേവിഡ് അടിതുടര്‍ന്നു.

പതിനൊന്നാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് തവണ ഡേവിഡ് സിക്സിന് പറത്തി. പന്ത്രണ്ടാം ഓവറില്‍ ഓസീസ് 100 കടന്നു. ശിവം ദുബെ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്സ് അടിച്ച സ്റ്റോയ്നിസ് കരുത്തുകാട്ടിയപ്പോള്‍ അവസാന പന്തില്‍ ഡേവിഡിനെ തിലക് വര്‍മ ബൗണ്ടറിയില്‍ പിടികൂടി. ഡേവിഡ് മടങ്ങിയശേഷം കടിഞ്ഞാണേറ്റെടുത്ത സ്റ്റോയ്നിസ് തകര്‍ത്തടിച്ചു. 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സ്റ്റോയ്നിസ് 39 പന്തില്‍ 64 റണ്‍സെടുത്ത് അര്‍ഷ്ദീപിന്‍റെ അവസാന ഓവറില്‍ പുറത്തായി. 14 പന്തില്‍ 25 റണ്‍സെടുത്ത മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.

View post on Instagram

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക